ചക്കിട്ടപാറ∙ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റ് ഭൂമിയിൽ കടുവ സഫാരി പാർക്ക് ഉൾപ്പെടെ ബയളോജിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന്റെ ഒന്നാം ഘട്ടം പ്രവൃത്തിയുടെ വിശദ പദ്ധതി രേഖ(ഡിപിആർ) തയാറായി. പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷനിൽനിന്നു വനം വകുപ്പ് ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയിൽ, പ്രവേശന കവാടത്തിലെ 4 ഹെക്ടറിലാണു 16 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ട നിർമാണം നടത്തുക. പെരുവണ്ണാമൂഴി വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് 5.300 കിലോമീറ്റർ മാറിയാണു ബയളോജിക്കൽ പാർക്ക് വരുന്നത്.
ബയോ റിസോഴ്സ് പാർക്ക്, ഗേറ്റ്, വാഹന പാർക്കിങ്, ശുചിമുറി, ടിക്കറ്റ് കൗണ്ടർ, കഫറ്റേരിയ എന്നിവയാണു തുടക്കത്തിൽ നിർമിക്കുക.
രണ്ടാം ഘട്ട പ്രവൃത്തികൾക്കു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വൈകുന്നതിനാലാണ് ഒന്നാം ഘട്ട
പ്രവർത്തനത്തിനു നടപടിയായത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കൺസൽറ്റൻസി പ്രതിനിധികളും മാസങ്ങൾക്കു മുൻപു സ്ഥലം സന്ദർശിക്കുകയും സർവേ നടത്തുകയും ചെയ്തിരുന്നു.
ഡൽഹിയിലെ ജെയിൻ ആൻഡ് അസോഷ്യേറ്റ്സ് ആണു ഡിപിആർ തയാറാക്കിയത്.പൂർണ ഡിപിആർ തയാറാക്കാനുള്ള കാലാവധി കമ്പനിക്കു നീട്ടി നൽകും.
ഡിപിആർ നാളെ ഹൈപവർ കമ്മിറ്റി യോഗത്തിൽ അംഗീകാരത്തിനായി സമർപ്പിക്കുമെന്നു പ്രോജക്ട് സ്പെഷൽ ഓഫിസർ കെ.കെ.സുനിൽകുമാർ അറിയിച്ചു. ഹൈപവർ കമ്മിറ്റി അംഗീകാരം നൽകിയാൽ ഭരണാനുമതിക്കായി സർക്കാരിനു നൽകും. ഭരണാനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ ആദ്യഘട്ട
പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്നാണു കരുതുന്നത്. പാർക്കിന്റെ പ്രവേശന കവാടത്തിൽ നിന്ന് 6 കിലോമീറ്റർ മാറിയാണു 120 ഹെക്ടറിൽ കടുവ സഫാരി പാർക്ക് സ്ഥാപിക്കുക.
2023 നവംബർ 18ന് ആണ് പാർക്ക് സ്ഥാപിക്കാൻ സർക്കാർ ഉത്തരവായത്. സഫാരി പാർക്ക്, വെറ്ററിനറി ആശുപത്രി, ക്വാർട്ടേഴ്സ്, വേലി, ഇന്റർപ്രട്ടേഷൻ സെന്റർ, മൃഗങ്ങളുടെ റെസ്ക്യൂ കേന്ദ്രം എന്നിവ രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കും. 120 ഹെക്ടർ ഭൂമി വേലി കെട്ടിത്തിരിച്ച് കടുവകളെ തുറന്നു വിട്ട് കവചിത വാഹനത്തിൽ ടൂറിസ്റ്റുകൾക്ക് സഫാരി നടത്താനാണ് പദ്ധതി.
സംസ്ഥാനത്തെ പ്രഥമ കടുവ സഫാരി പാർക്ക് ആകും ഇത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

