പാലോട്∙ രണ്ട് ജില്ലകളുടെയും പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്നതാണോ മടത്തറയുടെ വികസന പിന്നാക്കവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ചോദിക്കുന്നു. അത്രയേറെ വികസന ദാരിദ്ര്യം നേരിടുകയാണ് മലയോര മേഖലയായ മടത്തറ.
കൊല്ലം, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങളുടെയും ചടയമംഗലം, വാമനപുരം നിയമസഭ മണ്ഡലങ്ങളുടെയും പെരിങ്ങമ്മല, ചിതറ പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന തിരുവനന്തപുരം തെങ്കാശി പാതയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് മടത്തറ.
പഞ്ചായത്തു മുതൽ പാർലമെന്റ് വരെ രണ്ടു വീതം മന്ത്രി അടക്കം ജനപ്രതിനിധികൾ ഉണ്ട് മടത്തറയ്ക്ക് . എല്ലാവരും കൂടി കൈകോർത്താൽ മടത്തറയുടെ വികസനം യാഥാർഥ്യമാക്കാം.
പക്ഷേ, വികസനത്തിന് ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രി ചിഞ്ചുറാണിയുടെ മണ്ഡലത്തിൽപ്പെട്ട
മടത്തറ കുടുംബാരോഗ്യ കേന്ദ്രം രാജഭരണകാലത്തുള്ളതാണ്. എന്നാൽ ഇനിയും കിടത്തി ചികിത്സ വേണമെന്ന ആവശ്യത്തിന് പരിഹാരമില്ല.
ആദിവാസി മേഖലകളിൽ നിന്നും മറ്റുമായി നിത്യേന സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന അനവധി പേർ എത്തിച്ചേരുന്ന ഇവിടെ മതിയായ സൗകര്യങ്ങൾ ഇല്ല.
പഞ്ചായത്തുകളുടെ വികസനവും അവഗണനയിലാണ്. ചിതറ പഞ്ചായത്തിലെ ബസ് സ്റ്റാൻഡും, ഷോപ്പിങ് കോംപ്ലക്സും വികസനം എത്തിനോക്കാതെ ദുരിതക്കയത്തിലാണ്.
പെരിങ്ങമ്മല പഞ്ചായത്തിലെ മാർക്കറ്റും, സിദ്ധ ആശുപത്രിയും ഹൈ സ്കൂളും അവഗണനയുടെ കയത്തിലാണ്. ബസ് സ്റ്റാൻഡ് കുണ്ടും കുഴിയും നിറഞ്ഞ നിലയിലും ഷോപ്പിങ് കോംപ്ലക്സ് പണി പാതിവഴിയിൽ നിലച്ചു കാടുമൂടിയ നിലയിലുമാണ്.
പെരിങ്ങമ്മല പഞ്ചായത്തിലെ മാർക്കറ്റ് ലക്ഷങ്ങൾ മുടക്കി നവീകരിച്ചെങ്കിലും നാട്ടുകാർക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിൽ കിടക്കുന്നു. ഇതിനോട് ചേർന്നു സിദ്ധ ആശുപത്രിയ്ക്കായി കെട്ടിയ മന്ദിരവും കാടുമൂടി നശിക്കുന്നു.
ഒറ്റമുറി വാടക കെട്ടിടത്തിൽ സിദ്ധ ആശുപത്രി വീർപ്പു മുട്ടുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ വർഷങ്ങളായി ഇത്തരത്തിൽ കെട്ടിടം കാടുകയറി നശിക്കുന്നത്. ഹൈ സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തണമെന്ന് ആവശ്യത്തിനും പരിഹാരമില്ല.
ടൗണിൽ വഴിവിളക്കുകളോ, പാലോട് റൂട്ടിൽ കാത്തിരിപ്പു കേന്ദ്രമോ ഇല്ല.
ഇവിടത്തെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്ന് മാത്രമല്ല അപകടവസ്ഥയിലുമാണ്. മലയോര ഹൈവേ നിർമാണത്തിന്റെ ദുരിതങ്ങൾ ബാക്കിയായി കിടക്കുന്നു.
അപകടങ്ങൾ പതിവായതു സംബന്ധിച്ച ‘മനോരമ’ വാർത്തയെ തുടർന്ന് അടുത്തിടെ റോഡിൽ ട്രാഫിക് സിഗ്നലുകൾ വരച്ചു. വന്യമൃഗ ശല്യത്താൽ പ്രദേശത്തെ കർഷകർ വലയുന്നു.
പ്രദേശത്തെ തോടും ഓടകളും സംരക്ഷിക്കാൻ ആളില്ലാതെ കയ്യേറ്റത്തിന്റെ പാതയിലാണ്.
വൈകിട്ട് 5മണി കഴിഞ്ഞാൽ പാലോട് ഭാഗത്തേക്ക് ബസ് സർവീസ് ഇല്ലാതെ യാത്രക്കാർ വലയുന്നു.
സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയാൽ മറ്റു റൂട്ടിലേക്കും ഇതു തന്നെയാണ് അവസ്ഥ. രാഷ്ട്രീയത്തിന്റെ അതിപ്രസരം മടത്തറയുടെ വികസനത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണെന്നും എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ അതിനെ മറികടക്കാൻ ഒരു വികസന കൂട്ടായ്മ ഉണ്ടാകണമെന്നും നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

