First Published Sep 10, 2023, 4:59 PM IST
കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്. പിന്നാലെ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു. രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിരാട് കോലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍. ഷദാബ് ഖാന്, ഷഹീന് അഫ്രീദി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
ഓപ്പണര്‍മാര്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത്താവട്ടെ നസീം ഷാക്കെതിരെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്തു. എങ്കിലും ഷഹീനെതിരെ സിക്സടിച്ചാണ് രോഹിത് തുടങ്ങിയത്. മറുവശത്ത് ഗില്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. നസീമിനെതിരെ വിയര്‍ത്തെങ്കിലും വൈകാതെ രോഹിത്തും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറി. രോഹിത്താണ് ആദ്യം മടങ്ങുന്നത്.
ഷദാബിനെ ലോങ് ഓഫിലൂടെ കളിക്കനുള്ള ശ്രമത്തില്‍ ഫഹീം അഷ്റഫിന് ക്യാച്ച് നല്കി. 49 പന്തുകള്‍ നേരിട്ട താരം നാല് സിക്സും ആറ് ഫോറും നേടിയിരുന്നു. പതിനേഴാം ഓവറിലാണ് രോഹിത് മടങ്ങുന്ന്. അടുത്ത ഓവറില്‍ ഗില്ലും വിക്കറ്റ് നല്കി. ഷഹീന്റെ സ്ലോബോള്‍ മനസിലാക്കാന്‍ ഗില്ലിന് സാധിച്ചില്ല. ഷോര്‍ട്ട് കവറില്‍ അഗ സല്മാന് ക്യാച്ച്. 52 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറികള്‍ നേടി. നേരത്തെ രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്ക് പകരം ജസ്പ്രിത് ബുമ്രയും കളിക്കും.
ഇന്ത്യ പ്ലേയിംഗ് ഇലവന്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
പാക്കിസ്ഥാന് പ്ലേയിംഗ് ഇലവന്: ഫഖര്‍ സമാന്, ഇമാം ഉള് ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന് ആഗ സല്മാന്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
Last Updated Sep 10, 2023, 5:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]