അടിമാലി∙ ശനിയാഴ്ച രാത്രി മണ്ണിടിച്ചിലുണ്ടായ അടിമാലിയിലെ ലക്ഷം വീട് നഗർ ഇനി താമസയോഗ്യമാണോ എന്ന ആശങ്കയിലാണ് നിവാസികൾ. 1972 മേയ് മാസത്തിലാണ് അന്നത്തെ മന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻ നാൽപതിലധികം കുടുംബങ്ങൾക്കായി അടിമാലിക്ക് സമീപം ലക്ഷം വീടു കോളനി സ്ഥാപിച്ചത്.
ഒരു വീട്ടിൽ രണ്ടു കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന വിധത്തിലായിരുന്നു വീടുകൾ. 2007-2008–ൽ സർക്കാർ ഈ വീടുകൾ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഓരോ കുടുംബത്തിനും വ്യത്യസ്തമായി വീടുകൾ നിർമിച്ചു നൽകി.
എം.എൻ.സ്മാരക ലക്ഷം വീട് കോളനി എന്ന് പുനർനാമകരണവും ഇതോടൊപ്പം നൽകി. മീൻ കച്ചവടം, കൂലിപ്പണി, തൊഴിലുറപ്പ് എന്നിവയിൽ നിന്നുള്ള വരുമാനമായിരുന്നു ഇവിടത്തുകാരുടെ ജീവിതമാർഗം.
നിലവിൽ 44 കുടുംബങ്ങളാണ് താമസിക്കുന്നത്.
ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും 6 വീടുകൾ പൂർണമായി തകരുകയും ചെയ്തതോടെ 53 വർഷം പഴക്കമുള്ള നഗറിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അപകടമേഖലയിലെ വീടുകൾ ഒഴിപ്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇവരെ സ്ഥിരമായി പുനരധിവസിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ നടത്താത്തതിൽ കടുത്ത ആശങ്കയിലാണ് നിവാസികൾ.
താൽക്കാലിക സംവിധാനമൊരുക്കിയ ശേഷം ബന്ധപ്പെട്ടവർ കൈയൊഴിയുന്നതോടെ മറ്റു മാർഗമില്ലാതെ വീണ്ടും തങ്ങൾ ഇതേസ്ഥലത്ത് മടങ്ങിവന്ന് താമസിക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. യാതൊരു മുൻകരുതലുകളുമില്ലാതെ അശാസ്ത്രീയമായ രീതിയിലുള്ള ദേശീയപാത നിർമാണമാണ് ദുരന്തത്തിന് കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.
44 കുടുംബങ്ങളെ കൂടി മാറ്റിത്താമസിപ്പിക്കും
അടിമാലി ∙ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചതിനെത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അടിയന്തര യോഗം ചേർന്നു.
ദുരന്ത ബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിലെ താൽക്കാലിക ക്യാംപിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. കത്തിപ്പാറയിലെ ക്വാർട്ടേഴ്സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പ്, ജിയോളജി വിഭാഗം, ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തരമായി പ്രത്യേക ടീം രൂപീകരിച്ച് ദുരന്ത ബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തും.
മന്ത്രി സന്ദർശിച്ചു
അടിമാലി ∙ അടിമാലി മൂന്നാർ ദേശീയപാതയിലെ കൂമ്പൻപാറയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദുരന്തമൊഴിയാതെ എട്ടുമുറി; 2018ൽ ഉരുൾപൊട്ടലിൽ മരിച്ചത് ഒരു കുടുംബത്തിലെ 5 പേർ
അടിമാലി∙ മണ്ണിടിച്ചിൽ ദുരന്തം തുടർക്കഥയായി മാറുകയാണ് അടിമാലിയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരത്തുള്ള എട്ടുമുറി പ്രദേശം.
2018 ഓഗസ്റ്റ് 8ന് പുലർച്ചെ 3ന് ഉണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ 5 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (60), മകൻ മുജീബ് (35), മുജീബിന്റെ ഭാര്യ ഷെമീന (30), മക്കളായ ദിയ ഫാത്തിമ (7), നിയ മുജീബ് (50) എന്നിവരാണ് മരിച്ചത്. ഹസൻകുട്ടി ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവിടെനിന്ന് 300 മീറ്റർ ദൂരം മാറിയാണ് ശനിയാഴ്ച രാത്രി 10.15നു ദേശീയപാതയിൽ എട്ടുമുറി ലക്ഷം വീട് നഗറിൽ നെടുമ്പള്ളിക്കുടി ബിജുവിന്റെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

