ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധത്തിന് ‘താൽക്കാലിക’ തിരശീല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ദക്ഷിണ കൊറിയയിൽ നടക്കേണ്ട
കൂടിക്കാഴ്ചയ്ക്ക് മുൻപേതന്നെ, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ മലേഷ്യയിലെ ക്വാലലംപുരിൽ ചർച്ച നടത്തിയിരുന്നു. തർക്കവിഷയങ്ങളിൽ തൽക്കാലം ‘വെടിനിർത്താൻ’ പ്രാഥമിക ധാരണയായെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ്, ചൈനീസ് പ്രതിനിധി ലി ചെൻഗാങ് എന്നിവർ പറഞ്ഞു.
ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിക്കിടെ ഒക്ടോബർ 30നാണ് ട്രംപ് ഷിയെ കാണുക.
ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച. അതാകട്ടെ, ലോക സമ്പദ്വ്യവസ്ഥയ്ക്കാകമാനം നിർണായകവും.
പ്രാഥമിക ധരണപ്രകാരം, ചൈന റെയർ എർത്ത് (അപൂർവ ധാതുക്കൾ) കയറ്റുമതി നിയന്ത്രണം ഒരുവർഷത്തേക്ക് മരവിപ്പിക്കും. യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതിയും പുനരാരംഭിക്കും.
ചൈന യുഎസിന്റെ സോയാബീൻ വേണ്ടെന്നുവച്ചത് തന്റെ നാട്ടിലെ കർഷകർക്ക് വലിയ തിരിച്ചടിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
യുഎസിനെ പൂർണമായും ഒഴിവാക്കി ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞമാസങ്ങളിൽ ചൈന സോയാബീൻ വാങ്ങിയത്. ചൈനയ്ക്കുമേൽ നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുംവിധം 155% അധികത്തീരുവ ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് ട്രംപും പിന്മാറും.
ചൈനയിലേക്കുള്ള സോഫ്റ്റ്വെയർ കയറ്റുമതി നിയന്ത്രിക്കാനുള്ള തീരുമാനവും പിൻവലിക്കും.
ഒപ്പുവയ്ക്കൽ ജാഗ്രതയോടെ
ജാഗ്രതയോടെയേ യുഎസുമായുള്ള വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കൂ എന്ന് ലി ചെന്ഗാങ് പറഞ്ഞു. ക്വാലലംപുരിലെ ചർച്ചയിൽ യുഎസ് പ്രതിനിധികൾ അവരുടെ നിലപാടിൽ കടുംപിടിത്തം തുടർന്നിരുന്നു.
ചൈനീസ് പ്രതിനിധികൾ രാജ്യതാൽപര്യം സംരക്ഷിക്കാനുള്ള നിടപാടിലും ഉറച്ചുനിന്നു. എങ്കിലും, ഭിന്നതയുള്ള വിഷയങ്ങളിൽ താൽക്കാലിക പരിഹാരം കാണാൻ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നുവെന്ന് ചെൻഗാങ് പറഞ്ഞു.
ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ട്രംപും മലേഷ്യയിലുണ്ട്.
∙ റെയർ എർത്ത്, താരിഫ് എന്നിവയ്ക്ക് പുറമേ യുഎസ് നേരിടുന്ന ഫെന്റാനിൽ പ്രതിസന്ധി, ഇരു രാജ്യങ്ങളും കപ്പലുകൾക്ക് പരസ്പരം ഏർപ്പെടുത്തിയ കനത്ത തുറമുഖ ഫീസ്, ടിക്ടോക്കിനെ യുഎസ് കമ്പനിക്ക് വിൽക്കാനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളും യുഎസ്-ചൈന പ്രതിനിധികൾ ചർച്ച ചെയ്തു. ഇതേ വിഷയങ്ങൾ തന്നെയാണ് ട്രംപും ഷിയും ചർച്ച ചെയ്യുക.
∙ പുറമേ തായ്വാനെതിരെ ചൈന നടത്തുന്ന പ്രകോപനം, യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ ഷിയുടെ സഹകരണം, ജയിലിൽ കഴിയുന്ന ഹോങ്കോങ് വ്യവസായിയും രാഷ്ട്രീയനേതാവുമായ ജിമ്മി ലായിയുടെ മോചനം തുടങ്ങിയ വിഷയങ്ങളും ട്രംപ് ചർച്ചയാക്കും.
കുതിപ്പിലേറി ഓഹരികളും എണ്ണയും, ഇടിഞ്ഞ് സ്വർണം
ചൈനയും യുഎസും സമവായപാതയിലേക്ക് കടക്കാൻ തീരുമാനിച്ചത് ആഗോളതലത്തിൽ ഓഹരികൾക്ക് ഉണർവാകുന്നു.
സാമ്പത്തിക അനിശ്ചിതത്വങ്ങൾ മാറുന്നത് ഡിമാൻഡ് കൂടാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ രാജ്യാന്തര ക്രൂഡോയിൽ വിലയും കൂടുന്നു. അതേസമയം, ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുള്ള സ്വർണത്തിന് ചൈന-യുഎസ് ഡീൽനീക്കം തിരിച്ചടിയായി.
∙ ജാപ്പനീസ് നിക്കേയ് സൂചിക 1.49% കുതിച്ച് ആദ്യമായി 50,000 പോയിന്റ് ഭേദിച്ചു.
∙ ചൈനയ്ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച 100-155% അധികത്തീരുവ തൽക്കാലം നടപ്പാക്കില്ലെന്ന് സ്കോട് ബെസ്സന്റ് പറഞ്ഞതിന് പിന്നാലെയാണ് ജപ്പാന്റെ ഓഹരിക്കുതിപ്പ്.
∙ ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ സനയ് തകയ്ചിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
തകയ്ചി മികച്ച നേതാവാണെന്നും സുഹൃത്താണെന്നും ട്രംപ് പറഞ്ഞിരുന്നു.
∙ യുഎസിൽ നിന്ന് വൻതോതിൽ ആയുങ്ങളും വാഹനങ്ങളും വാങ്ങാനുള്ള ധാരണയിൽ ജപ്പാൻ എത്തും.
∙ ദക്ഷിണ കൊറിയ, ഹോങ്കോങ് ഹാങ്സെങ് ഫ്യൂച്ചേഴ്സ് സൂചികകളും മികച്ച നേട്ടത്തിലേറിയത് ഇന്ത്യൻ ഓഹരി വിപണിക്കും ശുഭപ്രതീക്ഷയാണ് നൽകുന്നത്.
ചൈന-യുഎസ് ‘വെടിനിർത്തൽ’, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ, കോർപ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട പ്രവർത്തനഫലങ്ങൾ തുടങ്ങിയ അനുകൂലഘടകങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് സ്റ്റോക്ക് ഫ്യൂച്ചേഴ്സ് സൂചികകളും നേട്ടത്തിലേറി.
എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സ് സൂചിക, നാസ്ഡാര് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.7%, 0.9% എന്നിങ്ങനെ യഥാക്രമം ഉയർന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.6 ശതമാനവും നേട്ടമുണ്ടാക്കി.
ചൈനീസ് ഡിമാൻഡ് കൂടുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.72% വർധിച്ച് 61.94 ഡോളറിലും ബ്രെന്റ് വില 0.73% ഉയർന്ന് 66.42 ഡോളറിലുമെത്തി. സാമ്പത്തിക അനിശ്ചിതത്വം, രാജ്യങ്ങൾ തമ്മിലെ നയതന്ത്ര, വ്യാപാര തർക്കം, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ ‘സുരക്ഷിത നിക്ഷേപം’ (സേഫ്-ഹാവൻ ഡിമാൻഡ്) എന്ന പെരുമ നേടി സ്വർണവില കൂടാറുണ്ട്.
ഇപ്പോൾ ചൈന-യുഎസ് തർക്കം അകലുന്ന പശ്ചാത്തലത്തിൽ സ്വർണവില താഴുകയാണ്.
ഇന്നു രാവിലെ രാജ്യാന്തര വിപണിയിൽ വില 36 ഡോളർ താഴ്ന്ന് 4,084 ഡോളറിലാണുള്ളത്. ഇതേ ട്രെൻഡ് നിലനിന്നാൽ കേരളത്തിലും വില കുറയും.
കുതിക്കാൻ ഇന്ത്യൻ ഓഹരി വിപണിയും
രാജ്യാന്തര രംഗത്തുനിന്നുള്ള അനുകൂലഘടകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നു രാവിലെ ഇന്ത്യയിൽ ഡേറിവേറ്റീവ് സൂചികയായ ഗിഫ്റ്റ് നിഫ്റ്റി 121 പോയിന്റ് കുതിച്ച് 25,936ൽ എത്തി.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണിത് നൽകുന്നത്.
ട്രംപ് രണ്ട് വമ്പൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതും തുടർന്ന് ക്രൂഡ് ഓയിൽ വില കൂടിയതും എണ്ണ അധിഷ്ഠിത ഓഹരികളിലുണ്ടായ സമ്മർദവും കഴിഞ്ഞയാഴ്ചയിലെ അവസാന സെഷനിൽ നിഫ്റ്റിക്കും സെൻസെക്സിനും തിരിച്ചടിയായിരുന്നു. നിഫ്റ്റി 96.25 പോയിന്റ് (-0.37%) താഴ്ന്ന് 25,795.15ലും സെൻസെക്സ് 344.52 പോയിന്റ് (-0.41%) നഷ്ടവുമായി 84,211.88ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ട്രംപ്-ചൈന സമവായനീക്കം ഡോളറിനും യുഎസ് കടപ്പത്രങ്ങൾക്കും (ട്രഷറി യീൽഡ്) കരുത്താവുന്നുണ്ടെന്നതും ഇന്ത്യൻ ഓഹരികൾക്കും രൂപയ്ക്കും ഭീഷണിയാണ്.
ശ്രദ്ധയിൽ ഇവർ
അദാനിയുടെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് എൽഐസിയുടെ നിക്ഷേപം ലഭ്യമാക്കി കേന്ദ്രം ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അദാനി ഗ്രൂപ്പ് കമ്പനികളുടെയും എൽഐസിയുടെയും ഓഹരികളിൽ ഇന്ന് സമ്മർദത്തിന് വഴിവച്ചേക്കാം. റിപ്പോർട്ട് സത്യവിരുദ്ധവും പ്രതിച്ഛായ താറടിക്കാനുള്ള ശ്രമവുമാണെന്ന് എൽഐസി പ്രതികരിച്ചിരുന്നു.
റിപ്പോർട്ട് അവാസ്തവമാണെന്ന് അദാനി ഗ്രൂപ്പും പ്രതികരിച്ചിട്ടുണ്ട്.
∙ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, അദാനി എനർജി സൊല്യൂഷൻസ്, ചെന്നൈ പെട്രോളിയം കോർപ്പറേഷൻ, ജെകെ ടയർ, മാസഗോൺ ഡോക്ക്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, ഇൻഡസ് ടവേഴ്സ്, കാനറ എച്ച്എസ്ബിസി, കാനറ റൊബേക്കോ തുടങ്ങിയ പ്രമുഖർ ഇന്ന് പ്രവർത്തനഫലം പുറത്തുവിടുമെന്നത് ഓഹരി നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
∙ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 1,102 കോടി രൂപയുടെ നികുതി നോട്ടിസിന്മേൽ അപ്ലറ്റ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി ലഭിച്ചിട്ടുണ്ട്.
∙ റഷ്യൻ എണ്ണയെ കൈവിട്ട് മിഡിൽ ഈസ്റ്റ്, യുഎസ് ഓഹരികളിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് തൽക്കാലം ശ്രദ്ധമാറ്റിയിട്ടുണ്ട്.
∙ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുമായി ചേർന്ന് റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റിലയൻസ് ഇന്റലിജൻസ് ‘എഐ സംയുക്ത സംരംഭം’ ആരംഭിക്കും. പേര് റിലയൻസ് എന്റർപ്രൈസ് ഇന്റലിജൻസ് ലിമിറ്റഡ് (ആർഇഐഎൽ).
കമ്പനിയിൽ റിലയൻസും ഫേസ്ബുക്ക് ഓവർസീസ് കമ്പനിയും ചേർന്ന് 855 കോടി രൂപ നിക്ഷേപിക്കും, 70% ഓഹരി പങ്കാളിത്തം റിലയൻസിനും 30% ഫേസ്ബുക്കിനുമായിരിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

