അടിമാലി∙ മരിച്ച നെടുമ്പിള്ളിക്കുടിയിൽ ബിജു എട്ടുമുറിയിലെ സ്വന്തം വീടിന് സമീപം ലക്ഷംവീട് നഗറിൽ മറ്റൊരു വീടു വാങ്ങിയിരുന്നു. വാടകയ്ക്ക് നൽകിയിരുന്ന ഈ വീടും മണ്ണിടിച്ചിലിൽ പൂർണമായി തകർന്നു.
സൗത്ത് കത്തിപ്പാറ സ്വദേശി കെ.വി.രാജുവും (56) കുടുംബവുമായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. തൊഴിലുറപ്പ് മേറ്റായ രാജുവിന്റെ ഭാര്യ സതി രാജു (52), മക്കളായ അഖിൽ, അമിത, അനഘ എന്നിവരും അഖിലിന്റെ ഭാര്യയും മകളും ഈ ഷീറ്റിട്ട
വീട്ടിലെ താമസക്കാരായിരുന്നു.
ഹൃദ്രോഗമുള്ള മകൾക്ക് കയറ്റം കയറാൻ കഴിയാത്തതിനാലാണ് ഇവിടേക്ക് വാടകയ്ക്ക് എത്തിയതെന്ന് സതി രാജു പറയുന്നു. കടം വാങ്ങിയിരുന്നു വീട്ടുസാധനങ്ങൾ പലതും വാങ്ങിയത്.
കടം തീർന്നില്ല, പക്ഷേ സാധനങ്ങളെല്ലാം മണ്ണിടിച്ചിലിൽ നശിച്ചു. രണ്ടു വലിയ ലോറിയിൽ സാധനങ്ങളുമായി എത്തിയ ഞങ്ങൾ ചെറിയൊരു ഓട്ടോറിക്ഷയിൽ ഒതുങ്ങുന്ന സാധനങ്ങളുമായി ക്യാംപിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞപ്പോൾ സതിയുടെ ശബ്ദമിടറി.
മകളുടെ ചികിത്സയ്ക്ക് തിരുവനന്തപുരത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം. ക്യാംപിലേക്ക് മാറിയതാണ് ഇവർക്ക് രക്ഷയായത്.
ജീവിതം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അറിയില്ലെന്നും സതി പറയുന്നു. സതിയുടെ വീട്ടിൽനിന്ന് പുറത്തേക്കു വീണ കളിപ്പാട്ടങ്ങൾ ദുരന്തസ്ഥലത്തേക്ക് എത്തിയവർക്ക് സങ്കടക്കാഴ്ചയായി.
മകൻ മരിച്ചിട്ട് ഒരു വർഷം; പിന്നാലെ അച്ഛനും
അടിമാലി∙ നെടുമ്പിള്ളിക്കുടി ബിജു–സന്ധ്യ ദമ്പതികളുടെ ഇളയമകൻ ആദർശ് (15) രക്താർബുദം ബാധിച്ചു മരിച്ചിട്ട് 29ന് ഒരു വർഷം തികയും.
മകന്റെ ഓർമ ഒരാണ്ടിലേക്കു കടക്കുന്നതിനു 4 ദിവസം മുൻപാണ് ബിജുവിന്റെ ദാരുണാന്ത്യം. നാട്ടിൽ ‘മല്ലൻ’ എന്ന് അറിയപ്പെടുന്ന ബിജു കഠിനാധ്വാനിയായിരുന്നു.
കാർഷിക ജോലികളിൽ മുന്നിട്ടിറങ്ങും. ഭാര്യ സന്ധ്യ അടിമാലി ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ജീവനക്കാരിയാണ്.
പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദർശിന്റെ മരണം. മകന്റെ ചികിത്സയെ തുടർന്ന് ബിജു സാമ്പത്തിക ബാധ്യതയിലായിരുന്നു.
നഴ്സിങ്ങിന് പഠിക്കുന്ന മകൾ ആര്യയ്ക്ക് ഫീസ് നൽകാൻ പണമില്ലാതെ വന്നതോടെ കോളജ് മാനേജ്മെന്റിന്റെ സഹായത്താലാണ് പഠനം തുടർന്നത്. പത്താംക്ലാസിലും പ്ലസ്ടുവിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആര്യ പഠനത്തിൽ മിടുക്കിയാണ്.
ബിജുവിന്റെ വീട് നിറയെ മക്കൾ സ്വന്തമാക്കിയ ട്രോഫികളായിരുന്നു. വീട്ടിൽ ബിജു വളർത്തിയിരുന്ന 6 ജ്മനാപ്യാരി ആടുകളും മണ്ണിനടിയിലായി.
ബിജുവിന്റെ മകളുടെ പഠനച്ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കും: മന്ത്രി
തിരുവനന്തപുരം∙ മരിച്ച ബിജുവിന്റെ മകളുടെ പഠനച്ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി മന്ത്രി വീണാ ജോർജ്.
ബിജുവിന്റെ മകൾ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിങ് കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്. മന്ത്രി വീണാ ജോർജ് കോളജിന്റെ ചെയർമാൻ ജോജി തോമസുമായി സംസാരിച്ചു.
തുടർവിദ്യാഭ്യാസച്ചെലവുകളും ഹോസ്റ്റൽ ഫീസും കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ അനുശോചനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
സന്ധ്യയുടെ ഇടതുകാലിൽ 8 മണിക്കൂർ നീണ്ട
ശസ്ത്രക്രിയ
ആലുവ∙ പരുക്കേറ്റ സന്ധ്യയ്ക്ക് ആലുവ രാജഗിരി ആശുപത്രിയിൽ 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി.
സന്ധ്യയുടെ ഇടതുകാലിനാണ് ഗുരുതര പരുക്കേറ്റത്. കാലിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.
ഇനിയുള്ള 72 മണിക്കൂർ നിർണായകമാണെന്നു ഡോക്ടർമാർ പറഞ്ഞു.
നാട് ഒന്നിച്ചു; രക്ഷാകരം നീട്ടി
അടിമാലി എട്ടുമുറി ലക്ഷം വീട് മണ്ണിടിച്ചിൽ ദുരന്തത്തിൽ നടന്നത് കൈമെയ് മറന്ന രക്ഷാപ്രവർത്തനം. ശനിയാഴ്ച രാത്രി 10ന് ആരംഭിച്ച രക്ഷാ പ്രവർത്തനം 7 മണിക്കൂർ നീണ്ട് ഇന്നലെ രാവിലെ അഞ്ചിനാണ് അവസാനിച്ചത്.
ശനി രാത്രി 10:ദേശീയപാതയിൽ മണ്ണിടിഞ്ഞ് ലക്ഷം വീട് നഗറിലേക്ക് പതിച്ചതായി വിവരം.
10.05: വൈദ്യുതി ബന്ധം നിലച്ചു. 10.10: പഞ്ചായത്ത് ജനപ്രതിനിധികളും യുവാക്കളുടെ സംഘവും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്.
10.20: അടിമാലിയിൽനിന്ന് അഗ്നിരക്ഷാസേന– പൊലീസ് ഉദ്യോഗസ്ഥ സംഘം എത്തുന്നു. 10.45: ബിജുവും സന്ധ്യയും വീട് തകർന്ന് കുരുങ്ങിയതായി സംശയം.
11.10: രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തുന്നു. 11.30: ഡീൻ കുര്യാക്കോസ് എംപി സ്ഥലത്ത്.
12.40: എൻഡിആർഎഫ് സംഘം എത്തുന്നു. പിന്നാലെ മന്ത്രി റോഷി അഗസ്റ്റിൻ, എ.രാജ എംഎൽഎ, കലക്ടർ ദിനേശൻ ചെറുവാട്ട്, പൊലീസ് മേധാവി സാബു മാത്യു ഉൾപ്പെടെയുള്ളവർ എത്തുന്നു.
1.00: ഡോക്ടർമാരായ എൻ.വി.സത്യബാബു, ഫിനിക്സ് ബേബി എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം സംഭവസ്ഥലത്തേക്ക്. 1.20: മെഡിക്കൽ ടീമിന്റെ പരിശോധനയിൽ സന്ധ്യയുടെ പൾസ് റേറ്റ് കുഴപ്പമില്ലെന്നും ബിജുവിന്റെ അവസ്ഥ ആശാവഹമല്ലെന്നും ഡോക്ടർമാർ.
3.10: സന്ധ്യയെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നു. 3.50: കാലിന് സാരമായ പരുക്കേറ്റ സന്ധ്യയെ രാജഗിരി ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നു.
4.53: ബിജുവിനെ പുറത്തെത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

