കോഴിക്കോട് ∙ അതിദരിദ്രരില്ലാത്ത ജില്ലയെന്ന ചരിത്ര നേട്ടത്തിലേക്ക് ചുവടുവച്ച് കോഴിക്കോട്. നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രവർത്തനങ്ങളാണ് ലക്ഷ്യം കണ്ടത്.
ഒക്ടോബർ 28ന് കോഴിക്കോട് എസ്കെ പൊറ്റക്കാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ അതിദാരിദ്ര്യമുക്ത ജില്ല പ്രഖ്യാപനം നിർവഹിക്കും.
2021-22ൽ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സർവേ നടത്തിയപ്പോൾ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. ഇവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയുമെല്ലാം സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാർപ്പിടവും ഒരുക്കിയാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്.
1,816 കുടുംബങ്ങൾക്ക് ഭക്ഷണവും 4,775 പേർക്ക് മരുന്നും 579 കുടുംബങ്ങൾക്ക് പാലിയേറ്റീവ് പരിചരണവും 73 പേർക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങൾക്ക് വരുമാനവും 2,050 കുടുംബങ്ങൾക്ക് പാർപ്പിടവും ഒരുക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം ഇതിനകം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
നവംബർ ഒന്നിന് വൈകിട്ട് നാലിനാണ് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുക.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അതിദരിദ്രരായ 64,006 കുടുംബങ്ങളെയാണ് സർവേയിൽ കണ്ടെത്തിയിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

