മുല്ലൻപൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബ് ഒന്നാം ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ പടുത്തുയർത്തി. ഹർനൂർ സിംഗിന്റെ (170) ഉജ്ജ്വല സെഞ്ചുറിയുടെയും പ്രേരിത് ദത്ത (72), മായങ്ക് മർകണ്ഡെ (48) എന്നിവരുടെ നിർണായക പ്രകടനങ്ങളുടെയും മികവിൽ പഞ്ചാബ് 436 റൺസെടുത്തു.
കേരളത്തിനായി അങ്കിത് ശർമ്മ നാല് വിക്കറ്റും, ബേസിൽ എൻ പി, ബാബാ അപരാജിത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസെടുത്തിട്ടുണ്ട്.
നൈറ്റ് വാച്ച്മാൻ ബേസിൽ എൻ പിയുടെ (4) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. വത്സൽ ഗോവിന്ദ് (7), അങ്കിത് ശർമ്മ (2) എന്നിവർ ക്രീസിലുണ്ട്.
ആറിന് 240 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിന് കൃഷ് ഭഗതിന്റെ (28) വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ, 13 ബൗണ്ടറികളോടെ ഇന്നിംഗ്സ് നയിച്ച ഹർനൂറിനെ നിധീഷ് പുറത്താക്കിയതോടെ കേരളം മത്സരത്തിൽ പിടിമുറുക്കുമെന്ന് തോന്നിച്ചു.
എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച പ്രേരിത് ദത്ത – മായങ്ക് മർകണ്ഡെ സഖ്യം കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി. 114 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യമാണ് പഞ്ചാബിനെ 400 കടത്തിയത്.
ഒടുവിൽ പ്രേരിതിനെ അഹമ്മദ് ഇമ്രാനും, ആയുഷ് ഗോയലിനെ (4) അങ്കിതും പുറത്താക്കിയതോടെയാണ് പഞ്ചാബ് ഇന്നിംഗ്സിന് തിരശ്ശീല വീണത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് ഓപ്പണർമാരായ ഹർനൂർ സിംഗും പ്രഭ്സിമ്രാൻ സിംഗും (23) ചേർന്ന് 52 റൺസിന്റെ അടിത്തറ നൽകിയിരുന്നു.
പ്രഭ്സിമ്രാനെ പുറത്താക്കി അപരാജിതാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. തുടർന്ന് ഉദയ് സഹാറനുമായി (37) ചേർന്ന് ഹർനൂർ 86 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ ഉദയ് സഹാറൺ, അൻമോൽപ്രീത് സിംഗ് (1), നമൻ ധിർ (1), രമൺദീപ് സിംഗ് (6) എന്നിവരെ വേഗത്തിൽ പുറത്താക്കി കേരളം മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ഇതോടെ പഞ്ചാബ് അഞ്ചിന് 162 എന്ന നിലയിലേക്ക് വീണു.
ഏഴാം വിക്കറ്റിൽ സലിൽ അറോറയ്ക്കൊപ്പം 74 റൺസ് ചേർത്ത ഹർനൂർ വീണ്ടും പ്രതിരോധം തീർത്തു. ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സലിലിനെ അപരാജിത് പുറത്താക്കിയെങ്കിലും, രണ്ടാം ദിനം ആ മുൻതൂക്കം മുതലെടുക്കാൻ കേരളത്തിനായില്ല.
ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടി20 ടീമിന്റെ ഭാഗമായതിനാൽ നായകൻ സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം കളിക്കുന്നത്. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനും, ഏദൻ ആപ്പിൾ ടോമിന് പകരം വത്സൽ ഗോവിന്ദും പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു.
പ്ലേയിംഗ് ഇലവൻ കേരളം: മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, സച്ചിൻ ബേബി, ബാബ അപരാജിത്, സൽമാൻ നിസാർ, അങ്കിത് ശർമ, നിധീഷ് എം ഡി, ബേസിൽ എൻ പി, അക്ഷയ് ചന്ദ്രൻ, അഹമ്മദ് ഇമ്രാൻ. പഞ്ചാബ്: പ്രഭ്സിമ്രാൻ സിംഗ്, ഉദയ് സഹാറൻ, അൻമോൽപ്രീത് സിംഗ്, നമൻ ധിർ (ക്യാപ്റ്റൻ), ഹർനൂർ സിംഗ്, രമൺദീപ് സിംഗ്, സലിൽ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയൽ, മായങ്ക് മാർക്കണ്ഡെ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

