പാറശാല ∙ അഴിക്കും തോറും മുറുകുന്ന കുരുക്കാണ് പാറശാലയിലേത്. കുപ്പിക്കഴുത്തു പോലുള്ള ഇവിടത്തെ ഗതാഗതക്കുരുക്ക് നാട്ടുകാർക്ക് തീരാശാപമാണ്.മറ്റിടങ്ങളിൽ പൊതുവേ പ്രവൃത്തിദിനങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതെങ്കിൽ, ഇവിടെ അവധിദിവസങ്ങളിൽപ്പോലും കുരുക്കിനു കുറവില്ല.കരമന–കളിയിക്കാവിള പാതയിൽ പാറശാല ഭാഗത്തെ ഗതാഗതക്കുരുക്ക് യാത്രക്കാരെയും നാട്ടുകാരെയും വലയ്ക്കുകയാണ്. തിരുവനന്തപുരം ഭാഗത്തു നിന്ന് നാഗർകോവിൽ റൂട്ടിലേക്കുളള യാത്രയിൽ കുറുങ്കുട്ടി മുതൽ ആരംഭിക്കുന്ന കുരുക്ക് നാലു കിലോമീറ്റർ അകലെ കളിയിക്കാവിള വരെ നീളും.
ഇതിനിടയിൽ വരുന്ന പവതിയാൻവിള മുതൽ കാരാളി വരെയുളള പാറശാല ടൗണിലാണ് വാഹനങ്ങൾ തിങ്ങി നിറഞ്ഞ് വീർപ്പുമുട്ടുന്നത്.
കുരുക്കിന്റെ പ്രഭവ കേന്ദ്രം ഇവിടെ
കാരോട് ബൈപാസ് റോഡ്, പൂവാർ, കൊല്ലങ്കോട് തുടങ്ങിയ പ്രധാന റോഡുകളിലേക്ക് തിരിയുന്നതും, അവിടങ്ങളിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതുമായ പാറശാല ആശുപത്രി ജംക്ഷനാണ് ടൗണിലെ ഗതാഗതക്കുരുക്കിന്റെ പ്രഭവ കേന്ദ്രം. തിരുവനന്തപുരം ,നാഗർകോവിൽ ഭാഗങ്ങളിൽ നിന്ന് വെളളറട
ഭാഗത്തേക്കും തിരിച്ചുമുളള വാഹനങ്ങൾ സന്ധിക്കുന്ന പാറശാല പോസ്റ്റ് ഓഫിസ് ജംക്ഷനിൽ മിക്ക നേരങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര കാണാം.
അടുത്തിടെ കളിയിക്കാവിള– ചെറുവാരക്കോണം റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചപ്പോൾ ഒരു മാസക്കാലം മണിക്കൂറുകളോളമാണ് പാറശാലയിൽ വാഹനങ്ങൾ ഇവിടെ കുടുങ്ങിയത്.
അപകടങ്ങൾ പതിവ്
ഒട്ടേറെ സ്കൂളുകളും ഓഫീസുകളും, ആശുപത്രികളും പ്രവർത്തിക്കുന്ന ടൗണിൽ നടപ്പാതയിലെ കയ്യേറ്റം മൂലം കാൽനടയാത്രക്കാർക്ക് പ്രധാന പാതയിലിറങ്ങി നടക്കേണ്ടി വരുന്നതിനാൽ അപകടങ്ങൾ പതിവാണ്. ഇടുങ്ങിയ പാതയും, വാഹനപ്പെരുപ്പവും അനധികൃത പാർക്കിങുമാണ് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം വിദ്യാർഥികളും സർക്കാർ ജീവനക്കാരും വിവിധ തൊഴിൽസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ഏറെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്.
കുരുങ്ങി ആംബുലൻസുകളും
ആംബുലൻസുകൾക്ക് പോലും കുരുക്കിൽ നിന്ന് രക്ഷയില്ല. തിരക്കേറിയ പോസ്റ്റ് ഓഫിസ് ജംക്ഷനിൽ വെയ്റ്റിങ് ഷെഡുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുളള യാത്രക്കാരുടെ ദുരിതത്തിനും യാതൊരു പരിഹാരവുമില്ല. പാറശാലയുടെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടിയുണ്ടാകാത്തതിൽ നാട്ടുകാരും യാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്. കരമന–കളിയിക്കാവിള പാത നാലു വരിയാക്കാനുളള പദ്ധതി പാതിവഴിയിൽ കുരുങ്ങിയതിനാൽ പാറശാലയുടെ ഗതാഗതക്കുരുക്കിന് അടുത്തെങ്ങും പരിഹാരമുണ്ടാകുമോയെന്നും നാട്ടുകാർ ചോദിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

