അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ചിട്ടതോടെ പാക്കിസ്ഥാനിൽ കിട്ടാക്കനിയായി തക്കാളിക്ക് പിന്നാലെ ഇഞ്ചിയും വെളുത്തുള്ളിയും. ഇവയുടെ വിലയാകട്ടെ റോക്കറ്റുവേഗത്തിൽ കുതിച്ചുകയറുകയും ചെയ്തു.
2021ൽ താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സംഘർഷത്തിലൂടെയാണ് അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും കടന്നുപോകുന്നത്. ഇതോടെയാണ് ചെക്പോസ്റ്റുകൾ അടച്ചതും.
പാക്കിസ്ഥാനിലേക്ക് ഏറ്റവുമധികം തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ആപ്പിൾ, മുന്തിരി, ഡ്രൈഫ്രൂട്സ് തുടങ്ങിയവ എത്തിയിരുന്നത് അഫ്ഗാനിൽ നിന്നായിരുന്നു.
സംഘർഷത്തെ തുടർന്ന് ഉഭയകക്ഷി വ്യാപാരവും ചരക്കുനീക്കങ്ങളും പൂർണമായി നിലച്ചെന്ന് പാക്-അഫ്ഗാൻ ചേംബർ ഓഫ് കൊമേഴ്സ് മേധാവി ഖാൻ ജാൻ അലോക്സായ് പറഞ്ഞു.
പാക്കിസ്ഥാൻ വീടുകളിലും റസ്റ്ററന്റുകളിലും ഒഴിച്ചുകൂടാനാവാത്ത തക്കാളിക്ക് വില ഇതോടെ 400 ശതമാനത്തിലധികമാണ് കത്തിക്കയറിയത്. കിലോയ്ക്ക് 600 പാക്ക് റുപ്പിക്ക് മുകളിലാണ് നിലവിൽ വില.
ഏകദേശം 200 ഇന്ത്യൻ രൂപ. പാക്കിസ്ഥാനിലെ സാധാരണ വിലയേക്കാൾ 5 ഇരട്ടി അധികമാണിത്.
ഒരു കിലോ ഇഞ്ചിക്ക് വില 750 പാക്കിസ്ഥാനി രൂപ (235 ഇന്ത്യൻ രൂപ) കടന്നു.
വെളുത്തുള്ളിക്ക് 400 രൂപയും (125 ഇന്ത്യൻ രൂപ). ദിവസേന ശരാശരി 500 കണ്ടെയ്നറുകളെങ്കിലും അഫ്ഗാനിൽ നിന്ന് പച്ചക്കറിയുമായി പാക്കിസ്ഥാനിലെത്തിയിരുന്നത് പൂർണമായും നിലച്ചെന്ന് അലോക്സായ് പറഞ്ഞു.
അതിർത്തിക്ക് ഇരുവശത്തുമായി 5,000ലേറെ കണ്ടെയ്നറുകളാണ് കെട്ടിക്കിടക്കുന്നത്.
ഖത്തറിൽ നടന്ന ചർച്ചയിൽ വെടിനിർത്തൽ ധാരണയിലേക്ക് പാക്കിസ്ഥാനും താലിബാനും കടന്നെങ്കിലും വ്യാപാരബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ഇറാനിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡിമാൻഡിനൊത്ത ചരക്ക് അവിടെനിന്ന് ലഭിക്കില്ലെന്നാണ് വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

