ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത നിർമ്മാണം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ഭീഷണിയുള്ള എൻഎച്ച് 85 ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂഗർഭ ജലവകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവരടങ്ങുന്ന സംഘം രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദേശം. പഠന റിപ്പോർട്ട് ലഭിക്കുന്നതുവരെ അപകട
സാധ്യതയുള്ള മേഖലകളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി. അതേസമയം, റോഡുകളിലും വീടുകളിലും വീണ മണ്ണ് നീക്കം ചെയ്യാൻ ഉത്തരവിൽ അനുമതിയുണ്ട്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയിലെ ലക്ഷംവീട് കോളനിക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിലാണ് ബിജു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ ഭാര്യ സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.
സന്ധ്യയുടെ ഇടത് കാലിന് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും തകർന്ന നിലയിലാണെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ അറിയിച്ചു.
ഒൻപത് മണിക്കൂറോളം ഇടത് കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. കാൽ മുറിച്ചുമാറ്റുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ.
വലത് കാലിലെ പേശികൾക്ക് ചതവുണ്ടെങ്കിലും രക്തയോട്ടം തടസ്സപ്പെട്ടിട്ടില്ല. മറ്റ് ആന്തരികാവയവങ്ങൾക്ക് തകരാറില്ല.
രക്തയോട്ടം നിലച്ചത് മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുള്ള നിരീക്ഷണവും ചികിത്സയും നൽകുന്നുണ്ട്. അർദ്ധബോധാവസ്ഥയിലാണ് സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭർത്താവിൻ്റെ മരണവിവരം സന്ധ്യ ഇതുവരെ അറിഞ്ഞിട്ടില്ല. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

