എലപ്പുള്ളി ∙ കിണറ്റിൽ വീണ 82 വയസ്സുകാരിക്കു പുതുജീവനായി, അയൽവാസികളായ യുവാക്കളുടെ മനക്കരുത്തും കൈക്കരുത്തും. വീടിനു സമീപത്തെ കിണറ്റിൽ കാൽതെന്നി വീണ വീട്ടമ്മയുടെ കൈപിടിച്ച് യുവാക്കൾ കയറിൽ തൂങ്ങി നിന്നത് 20 മിനിറ്റിലേറെ. ഇന്നലെ രാവിലെ പത്തോടെ മേനോൻപാറ കിഴക്കേ പോക്കാന്തോടാണു നാടിനെ ഒന്നടങ്കം ഏറെ നേരം ആശങ്കയിലാക്കിയ സംഭവം.മകൾക്കൊപ്പം താമസിക്കുന്ന രാജമ്മയാണു കിണറ്റിൽ കാൽതെന്നി വീണത്.
ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
കിണറ്റിൽ നിന്ന് ശബ്ദംകേട്ടാണ് അയൽവാസികളായ എസ്.സുകേഷും പി.പ്രവീണും ഓടിയെത്തിയത്. കിണറ്റിലേക്ക് നോക്കിയപ്പോൾ രാജമ്മ കിണറിൽ വെള്ളമുള്ള ഭാഗത്തിന് തൊട്ടു മുകളിലായി കരിങ്കൽഭിത്തിയിൽ പിടിച്ചു നിൽക്കുകയായിരുന്നു.
ഉടൻ സുകേഷ് കരിങ്കൽ പടവുകളിലൂടെ കിണറ്റിലേക്ക് ഇറങ്ങി, ഒരു കൈകൊണ്ടു രാജമ്മയുടെ കയ്യിൽ പിടിച്ചു. പിന്നാലെ സാരിയും മറ്റു വസ്ത്രങ്ങളും കൂട്ടിയോചിപ്പിച്ചുണ്ടാക്കിയ വടം പ്രവീൺ താഴേക്ക് ഇട്ടുനൽകി.
എന്നാൽ കാലിനു പരുക്കേറ്റ രാജമ്മയ്ക്കു മുകളിലേക്കു കയറാനായില്ല.
ഇതോടെ പ്രവീണും കിണറ്റിലേക്ക് ഇറങ്ങി രാജമ്മയെ താങ്ങി ഉയർത്താൻ നോക്കി. എന്നാൽ കാലിനേറ്റ പരുക്കു ഗുരുതരമായതിനാൽ രാജമ്മയ്ക്കു കയറാനായില്ല.
മിനിറ്റുകളോളം ഇങ്ങനെ രാജമ്മയെ താങ്ങിപ്പിടിച്ച് ഇരുവരും കിണറ്റിൽ നിന്നു. കൈ വേദനകൊണ്ട് പുളഞ്ഞപ്പോഴും അവർ രാജമ്മയെ താങ്ങി നിർത്തി.
ഇതിനിടെ ഓടിയെത്തിയ സമീപവാസികൾ അഗ്നിരക്ഷാസേനയ്ക്കു വിവരം നൽകി.
അസി.സ്റ്റേഷൻ ഓഫിസർ ബെന്നി കെ.ആൻഡ്രൂസിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളെത്തി വടവും വലയും ഇറക്കി രാജമ്മയെ മുകളിലെത്തിച്ചു. പിന്നാലെ യുവാക്കളും കയറി.
30 അടി താഴ്ചയുള്ള കിണറ്റിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ 15 അടിയിലേറെ വെള്ളം നിറഞ്ഞിരുന്നു. ഇവിടെ നിന്നാണ് സുകേഷും പ്രവീണും പിന്നാലെയെത്തിയ അഗ്നിരക്ഷാസേനയും ചേർന്നു രാജമ്മയെ രക്ഷിച്ചെടുത്തത്. വലതുകാലിനു ഗുരുതര പരുക്കേറ്റ രാജമ്മയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം പോക്കാന്തോട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ എസ്.സുകേഷും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായ പ്രവീണും ചുമട്ടുതൊഴിലാളികളാണ്.
രാജമ്മ വെള്ളമെടുക്കുമ്പോൾ കാൽതെന്നി വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ബെന്നി കെ.ആൻഡ്രൂസിനൊപ്പം സേനാംഗങ്ങളായ എം.വി.മനോജ്, പി.മനോജ്, അബു സാലിഹ്, ആർ.സതീഷ്, സി.സതീഷ്, കെ.മനോജ്, എസ്.സന്ദീപ്, എസ്.സുധീഷ്, കെ.രാജൻ, കെ.രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

