അടിമാലി∙ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി, തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള കാന്തല്ലൂർ, വട്ടവട, ചിന്നക്കനാൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ അടിമാലി താലൂക്ക് ആശുപത്രിയുടെ വികസനത്തിൽ ആരോഗ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിൽ അടിമാലിക്കാർ. ഇന്ന് 4ന് താലൂക്ക് ആശുപത്രി ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്ക് ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി വീണാ ജോർജ് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് കൂടുതൽ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.എ.രാജ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യാഥിതിയാകും.
ദേവികുളം, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലുള്ളവരുടെ ആശ്രയമാണ് അടിമാലി താലൂക്ക് ആശുപത്രി. കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ ബോഡിമെട്ട് വരെയുള്ള 100 കിലോമീറ്റർ ദൂരത്തിൽ പാതയോരത്തുള്ള ഏക സർക്കാർ ആശുപത്രി കൂടിയാണ് അടിമാലി താലൂക്ക് ആശുപത്രി.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ 150 കിലോമീറ്റർ ദൂരെയുള്ള കോട്ടയം മെഡിക്കൽ കോളജ്, അതുമല്ലെങ്കിൽ തൊടുപുഴ, കോതമംഗലം, കോലഞ്ചേരി, എറണാകുളം എന്നിവിടങ്ങളിൽ എത്തേണ്ട സ്ഥിതിയാണ്.
പ്രധാന പ്രശ്നങ്ങൾ
∙ അടിമാലി സാമൂഹികാരോഗ്യ കേന്ദ്രം (സിഎച്ച്സി) താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും ഇപ്പോഴും സിഎച്ച്സി നിലവാരം മാത്രം.
2013–ലെ ചീയപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എത്തിയപ്പോൾ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിടക്കകളുടെ എണ്ണം നൂറിലേക്ക് ഉയർത്തി. പിന്നീട് കിടക്കകളുടെ എണ്ണം വർധിപ്പിച്ചിട്ടില്ല.
∙ സിഎച്ച്സിയുടെ സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തിയിട്ടില്ല. ∙ കാത്ത് ലാബ്, ബ്ലഡ് ബാങ്ക്, അമ്മയും കുഞ്ഞും ആശുപത്രി, ഐസിയു, ഒഫ്താൽമോളജി, മാമോഗ്രാം യൂണിറ്റ് ഇവയെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി.
ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റിഫിറ്റ്നസ് ഇല്ല
ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്നസ് ഇല്ല.
ഈ കെട്ടിടത്തിലാണ് ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോൾ ഫയർ ആൻഡ് സേഫ്റ്റിക്കുള്ള നടപടി ഉടനെന്ന് പറഞ്ഞിരുന്നു.
2017ൽ ആണ് സർക്കാർ അടിമാലി താലൂക്ക് ആശുപത്രിക്ക് ഡയാലിസിസ് യൂണിറ്റ് അനുവദിച്ചത്.
10 യൂണിറ്റിനും അനുബന്ധ സാമഗ്രികൾക്കുമായി 3.36 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഇപ്പോൾ 5 യൂണിറ്റ് മാത്രമാണ് ഒരുവർഷം മുൻപ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ശേഷിക്കുന്ന 5 യൂണിറ്റുകൾ തിരികെ ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല.
എവിടെപ്പോയി ഇവയെല്ലാം
1. കാത്ത് ലാബ് ആൻഡ് സിസിയു യൂണിറ്റ്
2017 നവംബറിൽ താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് ആൻഡ് സിസിയു യൂണിറ്റിന് 3.76 കോടി അനുവദിച്ചു.
2 വർഷം മുൻപ് താലൂക്ക് ആശുപത്രി സന്ദർശനത്തിന് എത്തിയ മന്ത്രി വീണാ ജോർജ് കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ യൂണിറ്റ് ഉടൻ തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു.
ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഉടൻ നിയമിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ കെട്ടിട
നിർമാണം പൂർത്തിയായിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും പ്രഖ്യാപനം യാഥാർഥ്യമായില്ല.
2.
കാർഡിയോളജി ഡോക്ടർ
2 മാസം മുൻപ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം ജൂനിയർ കൺസൽറ്റന്റ് ഡോ. കരോൾ ജോസഫിനെ ആഴ്ചയിൽ ഒരു ദിവസം അടിമാലി താലൂക്ക് ആശുപത്രിയിൽ നിയമിച്ചു.
എന്നാൽ ഒരു ദിവസം മാത്രമാണ് സേവനം ലഭിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽനിന്നു ഡിഎംഒക്ക് ലഭിച്ച നിർദേശപ്രകാരം നിയമനം റദ്ദാക്കി.
3.
ബ്ലഡ് ബാങ്ക്
മൂന്ന് പതിറ്റാണ്ടു മുൻപ് അനുവദിച്ച ബ്ലഡ് ബാങ്കും യാഥാർഥ്യമായില്ല. 2024 സെപ്റ്റംബർ 23ന് എത്തിയപ്പോഴാണ് ഒക്ടോബറിൽ അല്ലെങ്കിൽ നവംബറിൽ ബ്ലഡ് ബാങ്ക് പ്രവർത്തന സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചത്.
എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും പാത്തോളജിസ്റ്റ്, ജീവനക്കാർ എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. ക്രോസ് മാച്ചിങ്ങിനുള്ള സൗകര്യവും ഇവിടെയില്ല.
അതിനാൽ 1,000 രൂപയോളം മുടക്കി സ്വകാര്യ ആശുപത്രിയിൽ എത്തേണ്ട സാഹചര്യമാണുള്ളത്.
4.
ഒഫ്താൽമോളജി
ആധുനിക സൗകര്യങ്ങളോടെ തുടങ്ങിയ ഒഫ്താൽമോളജി യൂണിറ്റ് 6 വർഷമായി സുഖനിന്ദ്രയിലാണ്. ഇതിനു വേണ്ടി ലഭിച്ച ഉപകരണങ്ങളിൽ പലതും നശിച്ചു.
യൂണിറ്റിലേക്ക് 2 വിദഗ്ധരുടെ സേവനം ലഭ്യമാക്കിയെങ്കിലും ഓപ്പറേഷൻ തിയറ്റർ ഒരുക്കിയില്ല.
5. അമ്മയും കുഞ്ഞും ആശുപത്രി
2008ൽ ജില്ലയ്ക്ക് അനുവദിച്ച അമ്മയും കുഞ്ഞും ആശുപത്രി അടിമാലി മച്ചിപ്ലാവിൽ ആരംഭിക്കുന്നതിനു നടപടി തുടങ്ങി.
4.50 കോടി രൂപയും അനുവദിച്ചു. ഒന്നരയേക്കർ ഭൂമി നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് 2018ൽ അടിമാലി പഞ്ചായത്ത് ആരോഗ്യ വകുപ്പിന് കൈമാറി. എസ്റ്റിമേറ്റ്, കെട്ടിടത്തിന്റെ ഡിസൈനിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായിരുന്നു.
ഇപ്പോൾ ഫയൽ പോലും കാണാനില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

