ചെറുതോണി ∙ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആശുപത്രി സേവനത്തിന്റെ അങ്ങേയറ്റമാണ് മെഡിക്കൽ കോളജുകൾ; വിദഗ്ധ ചികിത്സയ്ക്കുള്ള അവസാനയിടങ്ങൾ. ഇടുക്കി ജില്ലയിൽ കാര്യങ്ങൾ അങ്ങനെയല്ല. ചെറിയ അപകടങ്ങൾക്ക് പോലും ഇടുക്കി മെഡിക്കൽ കോളജിൽ നിന്ന് രോഗികളെ റഫർ ചെയ്യും.
ഇടുക്കി മെഡിക്കൽ കോളജിൽ ആകെ ഡോക്ടർമാരുടെ എണ്ണം നൂറിലേറെയായി.ഇതിൽ ഹൗസ് സർജൻമാരെ ഒഴിവാക്കിയാൽ അനുഭവ സമ്പത്തുള്ള ഡോക്ടർമാരുടെ എണ്ണം അൻപതിലേറെ വരും. ഇത്രയും ഡോക്ടർമാർ ഉണ്ടായിട്ടും രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനു പിന്നിൽ എന്താണെന്ന് അധികൃതർക്ക് വിശദീകരിക്കാൻ കഴിയുന്നില്ല.
അപകടത്തിനു പോലും ചികിത്സയില്ല
മെഡിക്കൽ കോളജിൽ നിന്ന് ഒരു വിളിപ്പാടകലെ മാത്രമുള്ള സ്ഥലത്ത് നടന്ന ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 24 വയസ്സ് മാത്രം പ്രായമുള്ള യുവാവിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് പ്രതീക്ഷയോടെയായിരുന്നു.
എന്നാൽ ഇവിടെ കാര്യമായ പരിശോധനകളൊന്നും നടത്താതെ അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ കോട്ടയം മെിക്കൽ കോളജ് ആശുപത്രിയിലേക്ക് അധികൃതർ പറഞ്ഞയച്ചു.എന്നാൽ നാൽപതു കിലോമീറ്റർ അകലെ മൂലമറ്റത്ത് എത്തിയപ്പോൾ യുവാവ് മരിച്ചു. ആംബുലൻസ് അവിടെ തിരിച്ചു.
മൃതദേഹവുമായി കൂടെയുണ്ടായിരുന്നവർ തിരികെ മലകയറി. ഇടുക്കി മെഡിക്കൽ കോളജിൽ എത്തിയ ആംബുലൻസിൽ നിന്ന് മൃതദേഹം ഇറക്കി മോർച്ചറിയിലേക്കു കയറ്റി.
സൂപ്പർ സ്പെഷൽറ്റി ഇല്ല
സൂപ്പർ സ്പെഷൽറ്റി വിഭാഗങ്ങളിൽ ഒന്നു പോലും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇല്ല.
ഹൃദ്രോഗം, വൃക്കരോഗം, കാർഡിയോ തെറാപ്പിക് സർജറി, ന്യൂറോ സർജറി, ഓർത്തോപീഡിക് സർജറി, ഉദരരോഗ വിഭാഗം, ഓങ്കോളജി എന്നിവയിലാണ് ഇതുവരെയും ഡോക്ടർമാർ ഇല്ലാത്തത്. വിദഗ്ധ രോഗ ചികിത്സയ്ക്കുള്ള ഉപകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടില്ല. ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ രോഗികളുടെ ജീവൻ നഷ്ടമാകുന്നതും അപ്രതീക്ഷിതമായി ഇത്തരം രോഗം ബാധിച്ചാണ്.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, സ്കിൻ, റസ്പിറേറ്ററി മെഡിസിൻ, അസ്ഥി രോഗ വിഭാഗം, മാനസിക ആരോഗ്യ വിഭാഗം എന്നീ സ്പെഷ്യൽറ്റി വിഭാഗങ്ങളാണ് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നത്.
പക്ഷേ, ഓരോ വിഭാഗത്തിലും ഡോക്ടർമാരുടെ എണ്ണം നാമമാത്രമാണ്. ഒരു ഡോക്ടർ അവധിയിലായാൽ രോഗികൾക്ക് ഈ വിഭാഗത്തിലും രക്ഷയില്ല.നാളെ: ഇടുക്കി കാത്തിരിക്കുന്ന ലാബ് ഏത്? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

