പുനലൂർ ∙ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നര വർഷം മുൻപ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മധുര ഡിവിഷനൽ മാനേജർ ഓം പ്രകാശ് വീണയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. നിർമാണത്തിലെ ഗുണനിലവാരത്തെപ്പറ്റിയുള്ള പരാതിയും പദ്ധതി വിഭാവനം ചെയ്ത സമയത്തെ രൂപരേഖ അനുസരിച്ചാണോ നിർമാണം നടക്കുന്നതെന്നും സംഘം പരിശോധിച്ചു.
നിർമാണത്തിലെ അശാസ്ത്രീയതയും ശ്രദ്ധക്കുറവും ഉദ്യോഗസ്ഥരെയും കരാറുകാരുടെ പ്രതിനിധികളെയും ബോധ്യപ്പെടുത്തി.
സ്റ്റേഷൻ മന്ദിരത്തിന്റെ മുൻഭാഗത്ത് 20 മീറ്റർ നീളത്തിൽ പ്രത്യേകം നിർമിക്കുന്ന കോൺക്രീറ്റ് മേൽക്കൂരയുടെ നിർമാണത്തിന് തറ നിരപ്പിൽ നിന്ന് കോൺക്രീറ്റ് ബീമുകൾക്ക് താങ്ങു കൊടുത്തിരുന്നത് സുരക്ഷയില്ലാതെയെന്ന് കണ്ടെത്തി. ദ്രവിച്ച പലകകളാണ് ഇവിടെ അടിഭാഗത്ത് താങ്ങായി സ്ഥാപിച്ചിരുന്നത്.
രണ്ടാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിന്റെ അടിഭാഗത്തെ ജലാംശം മാസങ്ങളായിട്ടും പരിഹരിക്കാത്തതിൽ ഉദ്യോഗസ്ഥരെ ശകാരിച്ചു.
എത്രയും വേഗം തകരാർ പരിഹരിച്ച് ലിഫ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നാം പ്ലാറ്റ്ഫോമിന്റെ വശത്തെ വിശ്രമ മുറി, ആർപിഎഫ് മന്ദിരം, പാർക്കിങ് ഗ്രൗണ്ട് എന്നിവയുടെ നിർമാണം, സ്റ്റേഷൻ മന്ദിരത്തിന്റെ നവീകരണം എന്നിവയും സംഘം പരിശോധിച്ചു .
വരുന്ന ആഴ്ചകളിലും പരിശോധനയും വിലയിരുത്തലും ഉണ്ടാകുമെന്ന് ഡിവിഷനൽ മാനേജർ ഓം പ്രകാശ് വീണ പറഞ്ഞു..
ആർപിഎഫ് കെട്ടിടം നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പ് നൽകി. സ്റ്റേഷൻ മന്ദിരം മോടി പിടിപ്പിക്കലുമായി ബന്ധപ്പെട്ട
കോൺക്രീറ്റ് മേൽക്കൂരയുടെ നിർമാണവും കവാടത്തിന്റെ ശേഷിക്കുന്ന പണികളും വേഗം പൂർത്തീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ഗണേശൻ, ഡിവിഷൻ എൻജിനീയർ പ്രവേണ, സീനിയർ ഓപ്പറേറ്റിങ് മാനേജർ എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
പുനലൂരിൽ റെയിൽവേ റണ്ണിങ് റൂം വരുന്നു
ലോക്കോ പൈലറ്റ് ഗാർഡ്, സ്റ്റേഷൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ സ്റ്റേഷൻ, സൂപ്രണ്ട്, വനിതാ വിഭാഗം ജീവനക്കാർ എന്നിവർക്ക് താമസിക്കുന്നതിനായി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്ത് മൂന്നു നില കെട്ടിടം (റണ്ണിങ് റൂം) വരുന്നു.കൊല്ലം–ചെങ്കോട്ട പാതയിൽ പരിശോധിക്കാനെത്തിയ മധുര ഡിവിഷനൽ മാനേജർ ഓം പ്രകാശ് മീണ റെയിൽവേ ഭൂമി പരിശോധിച്ചു.
സുരക്ഷാ ഉപകരണങ്ങളടക്കമുള്ള സ്ഥാപിക്കുന്നതിന് സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ സ്ഥലപരിമിതി ഉള്ളതിനാൽ മുറിയുടെ വലുപ്പം വർധിപ്പിക്കാൻ നിർദേശം നൽകി.
യാത്രക്കാരുടെ സംഘടനകളുടെ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് റോഡിൽ നിന്ന് പ്രവേശിക്കുന്ന ഭാഗത്തിന്റെ വീതി വർധിപ്പിക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

