കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ശ്വാസകോശം, ഹൃദയം, വൃക്ക, എന്നിവ സ്വീകരിച്ച രോഗികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നത് അവയവദാനം നടത്തുന്നതിന് അനിവാര്യമാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ‘ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യുമൻ ഓർഗൻ ആക്ട്’ കേരളത്തിൽ നടപ്പാക്കിയത് 1997ലാണ്.
ഇതിനെത്തുടർന്നാണ് കേരളത്തിൽ മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നത് ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായി 1997ൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് മസ്തിഷ്ക മരണം തീരുമാനിച്ചത്.
മുൻപ് രോഗി വെന്റിലേറ്ററിൽ അനിശ്ചിതമായി തുടരുന്ന അവസ്ഥയുണ്ടായിരുന്നു.
ഓരോ ആശുപത്രിയിലെയും ന്യൂറോ സർജറിയിലെയൊ ന്യൂറോ മെഡിസിനിലെയൊ ഒരു ഡോക്ടർ, തീവ്രപരിചരണ വിഭാഗത്തിലെ ഒരു ഡോക്ടർ, ചികിത്സിക്കുന്ന ഡോക്ടർ, ആശുപത്രി ഭരണസമിതിയിലെ ഒരാൾ എന്നിവർ അടങ്ങുന്ന 4 അംഗസംഘമാണ് മസ്തിഷ്ക മരണം പ്രഖ്യാപിക്കേണ്ടത്.
വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയുടെ ജിസിഎസ് സ്കോർ (ഗ്ലാസ്ഗോ കോമ സ്കെയിൽ) മൂന്നു ശതമാനത്തിൽ താഴെയാകുകയും ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കാതെ വരുകയും ചികിത്സിക്കുന്ന ഡോക്ടർക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി തോന്നുകയും ചെയ്യുമ്പോൾ വെന്റിലേറ്റർ നിർത്തിവച്ച് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകൾ ആരംഭിക്കും.
രോഗിയുടെ ആർട്ടറിയിലെ രക്ത സാമ്പിൾ (എബിജി) എടുത്ത് ഓക്സിജന്റെയും കാർബൺ ഡയോക്സൈഡിന്റെയും നില നിർണയിക്കും. വേദന നിർണയിക്കുന്ന മർമ ഭാഗങ്ങളിൽ വേദന നൽകും.
വീണ്ടും വെന്റിലേറ്റർ പ്രവർത്തനം പുനരാരംഭിക്കും.
6 മണിക്കൂറിന് ശേഷവും ഇവ ആവർത്തിക്കും. ഓക്സിജൻ നില ആദ്യത്തേതിനെക്കാൾ കുറയുകയും പ്രതികരണം ഒന്നും കാണിക്കാതിരിക്കുകയും ചെയ്താൽ മസ്തിഷ്ക മരണം പ്രഖ്യാപിക്കും.
പിന്നീട് ബന്ധുക്കളിൽ നിന്നും സമ്മതം ലഭിച്ചാൽ അവയവ ദാനത്തിനുള്ള നടപടികൾ ആരംഭിക്കാം.
മുറിച്ചെടുക്കുന്നതും സങ്കീർണം
അവയവം വച്ചുപിടിപ്പിക്കുന്നതു പോലെ സങ്കീർണമാണ് മുറിച്ചെടുക്കുന്നതും. രോഗിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിന് ശേഷം ബന്ധുക്കൾ സമ്മതപത്രം ഒപ്പിട്ട് നിയമപരമായ ബാധ്യതകൾ പൂർത്തിയാക്കുന്നു.
അവയവ സ്വീകർത്താവിനെ കണ്ടെത്തി അവയവങ്ങൾ നീക്കുന്നതുവരെ മസ്തിഷ്കം ഒഴികെയുള്ള അവയവങ്ങൾ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രവർത്തനം നിലനിർത്തണം.
ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണിത്. ട്രാൻസ്പ്ലാന്റേഷൻ ഓപ്പറേഷൻ തിയറ്ററിലാണ് അവയവദാനം നടത്തുന്നത്.
ആദ്യം ചെയ്യുന്നത് ഹൃദയത്തിലേക്ക് പെർഫ്യൂഷൻ ദ്രാവകം കടത്തി വിടുകയും മർദം പ്രയോഗിച്ച് മറ്റുള്ള അവയവങ്ങളിലെല്ലാം എത്തിക്കുകയുമാണ്.
വൃക്കയുടെ താഴെ ദ്രാവകം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യും. രക്തം കട്ട
പിടിക്കാതിരിക്കുന്നതിനാണ് പെർഫ്യൂഷൻ ദ്രാവകം അവയവങ്ങളിൽ എത്തിക്കുന്നത്.
അതിന് ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി അണുബാധ ഏൽക്കാതെയിരിക്കാനുള്ള പ്രത്യേക ദ്രാവകത്തിലേക്കു മാറ്റുന്നു. അവയവത്തിലേക്കുള്ള ഞരമ്പുകളും, അസ്ഥികളും, പേശികളും, നാഡികളിലും പ്രത്യേകം മാർക്കിങ് നൽകിയാണ് ദ്രാവകത്തിലിട്ട് സ്വീകർത്താവിന് വെച്ചുപിടപ്പിക്കാനയക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

