കൊല്ലം ∙ ആർബിട്രേഷൻ കോടതി അനുവദിച്ച പണം നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസിൽ ചിൽഡ്രൻസ് പാർക്ക് കരാറുകാരന്റെ പ്രതിഷേധം. ഗോൾഡൻ എന്റർടെയ്ൻമെന്റ് ഉടമ പെരുമ്പുഴ കോട്ടൂർ വീട്ടിൽ സി.ഗിരീഷ് കുമാർ, ഭാര്യ ജയന്തി ദാസ് എന്നിവരാണ് വൈകിട്ട് വരെ പ്രതിഷേധവുമായി നിലയുറപ്പിച്ചത്.കോടതി വിധിയെ തുടർന്നു, നിക്ഷേപ തുകയായ 16,34,999 രൂപ നേരത്തെ ഗിരീഷിന് നൽകിയിരുന്നു.
ടിക്കറ്റ് വരുമാനത്തിലെ വിഹിതം ഉൾപ്പെടെ 16 ലക്ഷത്തോളം രൂപ കൂടി ലഭിക്കാനുണ്ട്. ഇതു നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
എന്നാൽ 14 ലക്ഷത്തോളം രൂപയുടെ വൈദ്യുതി കുടിശികയുടെ പേരിൽ വൈദ്യുതി ബോർഡ് ജപ്തി നടപടി തുടങ്ങിയതിൽ പണം കൈമാറരുതെന്നു കാണിച്ച് തഹസിൽദാർ ഡിടിപിസിക്ക് അറിയിച്ചു നൽകിയിട്ടുണ്ട്. ഇതാണ് പണം കൈമാറുന്നതിനുള്ള തടസ്സം.
പാർക്ക് നടത്തിപ്പിന് 2013ൽ ആണ് ഗിരീഷ് കുമാർ കരാർ എടുത്തത്.
2.5 കോടി രൂപ ചെലവഴിച്ച് കളി ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. പ്രവേശന ടിക്കറ്റ് നിരക്ക് മുഴുവനായും കളി ഉപകരണങ്ങളുടെ നിരക്കിന്റെ 35 ശതമാനവും ടിഡിപിസിക്ക് ലഭിക്കുന്നതായിരുന്നു 5 വർഷ കരാർ.
15 വർഷം വരെ കരാർ നീട്ടി നൽകാമെന്ന് ഉറപ്പു നൽകിയിരുന്നതായി ഗിരീഷ് പറഞ്ഞു. പാർക്ക് വിജയകരമായി പ്രവർത്തിക്കുന്നതിനിടയിൽ ഉണ്ടായ നോട്ടു നിരോധനവും 2 പ്രളയവും വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.
പിന്നാലെയാണ് കോവിഡ് വ്യാപനം മൂലം പാർക്ക് അടച്ചിടേണ്ടിവന്നത്. 18 മാസം പാർക്ക് അടച്ചിടുകയുണ്ടായി.
ഇക്കാലയളവിൽ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നു കാണിച്ചു കെഎസ്ഇബിക്ക് കത്തു നൽകിയെങ്കിലും അതു നടപ്പാക്കിയില്ല.
ഓരോ മാസവും 30,000 രൂപയുടെ ബിൽ വരുമായിരുന്നു. 2022ൽ കരാർ അവസാനിച്ചപ്പോഴും കണക്ഷൻ വിഛേദിക്കാൻ കത്തു നൽകിയെങ്കിലും ഒരു വർഷം കഴിഞ്ഞാണ് നടപ്പാക്കിയത്.
ഇക്കാലങ്ങളിലെ ബിൽത്തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഗിരീഷ്കുമാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ബിൽ കുടിശിക പലിശ സഹിതമാണ് 14 ലക്ഷത്തോളം രൂപയായി ഉയർന്നത്.
പാർക്ക് നടത്തി കണക്കെണിയിലായ ഗിരീഷ് ഇപ്പോൾ കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്.
ഗിരീഷും കെഎസ്ഇബിയും തമ്മിലുള്ള തർക്കമാണെന്ന് ഡിടിപിസിക്ക് അതിൽ പങ്കില്ലെന്നും സെക്രട്ടറി ജ്യോതിഷ് കേശവൻ പറഞ്ഞു. റവന്യു റിക്കവറി നടപടി തുടരുന്നതിനാൽ പണം കൈമാറരുത് എന്ന തഹസിൽദാരുടെ അറിയിപ്പു ലഭിച്ചിട്ടുണ്ട്.
ഇതു പരിഹരിക്കാതെ പണം നൽകാൻ നിയമപരമായി കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

