തിരുവനന്തപുരം ∙ ഇടവിട്ടുള്ള അതിരൂക്ഷ മഴയിൽ നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. വലിയ മഴയ്ക്ക് ശേഷം ചെറിയ ഇടവേളകൾ വരുന്നതിനാൽ തലസ്ഥാനം നിലവിൽ വെള്ളപ്പൊക്കത്തിലേക്ക് നീങ്ങിയിട്ടില്ല.
റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളം ഒഴുകി പോകാൻ സമയം ലഭിക്കുന്നതിനാൽ നിലവിൽ വലിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു അധികൃതർ അറിയിച്ചു. പലയിടങ്ങളിലും മരശിഖരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗത തടസങ്ങൾ ഉണ്ടായി.
മന്ത്രി വസതിയുടെ പരിസരത്ത് മരം വീണു
നഗരത്തിൽ വഴുതക്കാട് മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതി പരിസരത്ത് മരം വീണു.
ഇത് വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് ചെങ്കൽചൂളയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മുറിച്ച് നീക്കി. മണ്ണന്തല മുക്കോല ഭാഗത്തും കാരയ്ക്കാമണ്ഡപം, വഴുതക്കാട് ടഗോർ കവാടം എന്നിവിടങ്ങളിലും മരം വീണു ഗതാഗതക്കുരുക്ക് ഉണ്ടായി.
സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന പഴവങ്ങാടി, ആറ്റുകാൽ പാടശ്ശേരി, കല്ലാട്ടുമുക്ക്, കണ്ണമൂല, കരിക്കകം, ആക്കുളം നിഷിന് സമീപം, വിമാനത്താവളത്തിന് സമീപം, കടകംപള്ളി, കരിക്കകം തുടങ്ങിയിടങ്ങളിൽ വെള്ളം കയറിയെങ്കിലും മഴ മാറിയതോടെ ഇത് ഒഴുകി പോയി.
ചാക്ക വൈഎംസിഎയ്ക്ക് സമീപം ഇടറോഡിൽ മരക്കൊമ്പ് ഒടിഞ്ഞു വീണത് ചാക്ക ഫയർഫോഴ്സ് എത്തി മുറിച്ചു നീക്കി.
ഒരു വാതിൽകോട്ടയിലും മരശിഖരം വീണ് ഗതാഗതം തടസപ്പെട്ടു. വെട്ടുകാട് ഭാഗത്ത് വീടുകളിൽ വെളളം കയറി.
ഇടറോഡുകളിൽ വെള്ളക്കെട്ടും ഉണ്ടായി. മഴ മാറി നിന്നപ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞുവെങ്കിലും വീടുകളിൽ മലിനജലവും ചെളിയും കിടപ്പുണ്ട്. 25 വീടുകളിൽ വെള്ളം കയറിയതായാണ് വിവരം.
നഗരത്തിൽ മാത്രം 6.57 സെന്റിമീറ്റർ മഴ
വ്യാഴാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ നഗരത്തിൽ മാത്രം പെയ്തിറങ്ങിയത് 6.57 സെന്റിമീറ്റർ മഴ.
ചാക്കയിൽ 5.03 സെന്റിമീറ്റർ മഴയും ലഭിച്ചു. ജില്ലയിൽ പൊൻമുടിയിൽ 8.9, വർക്കല, പാലോട് എന്നിവിടങ്ങളിൽ 4.9 എന്നിങ്ങനെയാണ് മഴയുടെ അളവ്.
മഴ കനത്തതോടെ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കരമന നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദീതീരത്ത് ഉള്ളവർ ഇതിൽ ഇറങ്ങാനോ മുറിച്ച് കടക്കാനോ പാടില്ല.
അധികൃതരുടെ നിർദേശാനുസരണം പ്രളയസാധ്യതയുള്ള ഇടങ്ങളിൽ ഉള്ളവർ മാറി താമസിക്കണം.
ഗതാഗതക്കുരുക്ക് രൂക്ഷം
മഴ തിമിർത്ത് പെയ്തതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. തമ്പാനൂർ, കിഴക്കേകോട്ട
, കിള്ളിപ്പാലം ഭാഗങ്ങളിലാണ് തിരക്ക് രൂക്ഷം. ഉള്ളൂർ, മെഡിക്കൽ കോളജ്, പട്ടം, സ്റ്റാച്യു, പുളിമൂട് ഭാഗങ്ങളിലും വാഹന യാത്ര ദുഷ്കരമാണ്.
മഴയായതോടെ ഭൂരിപക്ഷം പേരും ഇരുചക്രവാഹനങ്ങളിൽ നിന്നും മാറി കാറിൽ യാത്ര തുടങ്ങിയതാണ് കുരുക്കിന് കാരണമെന്നു ട്രാഫിക് പൊലീസ് പറയുന്നു.
ഇതിനൊപ്പം റോഡുകളിൽ ഉണ്ടായ കുണ്ടും കുഴിയും ഗതാഗതത്തിന് തടസമാകുന്നു. ദിവസങ്ങളായി തുടരുന്ന മഴ മൂലം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ യാത്ര കാറിലേക്ക് മാറ്റി.
ഇതിനൊപ്പം സിഗ്നൽ സംവിധാനത്തിലെ തകരാറും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
വെട്ടുകാട് ബാലനഗറിലും ഓൾസെയിന്റ്സ് ഈന്തിവിളാകത്തുമായി 50 വീടുകളിൽ വെള്ളം കയറി. വീട്ടിലെ സാധന സാമഗ്രികൾ വെള്ളത്തിൽ മുങ്ങി.
അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. മലിനജലമായതിനാൽ രൂക്ഷമായ ദുർഗന്ധവും പ്രദേശത്ത് ഉണ്ട്.
മഴ തുടർന്നാൽ സ്ഥിതി രൂക്ഷമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

