പട്ടാമ്പി ∙ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 1377 പോയിന്റോടെ മണ്ണാർക്കാട് ഉപജില്ല ഓവറോൾ ചാംപ്യന്മാരായി. 1302 പോയിന്റുമായി ഒറ്റപ്പാലം രണ്ടാം സ്ഥാനവും 1299 പോയിന്റോടെ തൃത്താല മൂന്നാം സ്ഥാനവും നേടി.
ആലത്തൂർ (1296), പാലക്കാട് (1233) ഉപജില്ലകളാണു 4, 5 സ്ഥാനങ്ങളിൽ. സ്കൂളുകളിൽ 319 പോയിന്റോടെ ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിനാണ് ഒന്നാംസ്ഥാനം.
301 പോയിന്റോടെ വാണിയംകുളം ടിആർകെ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കടമ്പൂർ ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. മറ്റ് ഉപജില്ലകളും പോയിന്റുകളും സ്ഥാനക്രമത്തിൽ: ∙ പട്ടാമ്പി–1154, ചെർപ്പുളശ്ശേരി–1145, ഷൊർണൂർ–1052, ചിറ്റൂർ–1024, കൊല്ലങ്കോട്–962, പറളി–826, കുഴൽമന്ദം–751. സമാപനസമ്മേളനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഗീത മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ.ടി.റുഖിയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ഷാബിറ പ്രസംഗിച്ചു.
ശാസ്ത്ര, സാമൂഹിക ശാസ്ത്രമേളകളിൽ മണ്ണാർക്കാട്; ഗണിത, ഐടി മേളകളിൽ ഒറ്റപ്പാലം
പട്ടാമ്പി ∙ ശാസ്ത്രമേളയിൽ 189 പോയിന്റോടെ മണ്ണാർക്കാട് ഉപജില്ല ജേതാക്കളായി.
ഒറ്റപ്പാലം (180), ആലത്തൂർ (179) ഉപജില്ലകളാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗണിതമേളയിൽ 263 പോയിന്റോടെ ഒറ്റപ്പാലം ഉപജില്ല ജേതാക്കളായി. മണ്ണാർക്കാട് (248), പാലക്കാട് (247) ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സാമൂഹിക ശാസ്ത്രമേളയിൽ 156 പോയിന്റോടെ മണ്ണാർക്കാട് ഉപജില്ല ജേതാക്കളായി.
തൃത്താല (133), ആലത്തൂർ (128) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പ്രവൃത്തിപരിചയമേളയിൽ 709 പോയിന്റോടെ ആലത്തൂർ ഉപജില്ല ജേതാക്കളായി. മണ്ണാർക്കാട് (701), തൃത്താല (700) ഉപജില്ലകളാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഐടി മേളയിൽ 115 പോയിന്റോടെ ഒറ്റപ്പാലം ഉപജില്ല ജേതാക്കളായി. ആലത്തൂർ (113), ചെർപ്പുളശ്ശേരി (100) ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
പരിഭ്രമിക്കേണ്ട, ഭ്രമണവും പരിക്രമണവുമാണ് !
പട്ടാമ്പി ∙ ഭൂമിയുടെ ഭ്രമണവും പരിക്രമണവും സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ കേട്ടറിവ് മാത്രമല്ല. പട്ടാമ്പിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിൽ എത്തിയാൽ അതു കണ്ടറിവു കൂടിയാണ്.
ഭൂമി സൂര്യനെ ചുറ്റുന്നതും സ്വയം കറങ്ങുന്നതും പിവിസി പൈപ്പിലും ബാറ്ററിയിലും നിർമിച്ച് കാണിച്ചിരിക്കുകയാണു മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ എ.കെ.അഭിരാമും പി.അജിത്ത് കുമാറും. പ്ലാസ്റ്റിക് ബോട്ടിലിലാണ്, പ്രകാശിക്കുന്ന സൂര്യൻ എന്ന രീതിയിൽ ബൾബ് ഘടിപ്പിച്ചിരിക്കുന്നത്. മുകളിൽ പിവിസി പൈപ്പുകളിലായി സൂര്യനെ ചുറ്റുന്ന ഭൂമിയും ഘടിപ്പിച്ചിട്ടുണ്ട്.
12 വാട്സിന്റെ 2 ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം.കഴിഞ്ഞവർഷവും ജില്ലാതലം വരെ ഇരുവരും മത്സരിച്ചിരുന്നു. ഹയർ സെക്കൻഡറി സാമൂഹികശാസ്ത്ര വിഭാഗം വർക്കിങ് മോഡലിലാണ് ഇരുവരുടെയും മത്സരം.
മാലിന്യം നീക്കാൻ മാണിക്കപ്പറമ്പ് വിദ്യ !
പട്ടാമ്പി ∙ ജലത്തിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്കും എണ്ണമയങ്ങളും ഇനി എളുപ്പത്തിൽ വേർതിരിച്ച് ജലത്തെ ശുദ്ധീകരിക്കാം. നൂതന സാങ്കേതിക രീതികൾ ഉപയോഗിച്ച് സമ്പൂർണ ജലശുദ്ധീകരണ സംവിധാനം ഒരുക്കിയിരിക്കുകയാണ് മാണിക്കപ്പറമ്പ് ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ മുഹമ്മദ് മുസ്തഫയും മുഹമ്മദ് സിനാദും.
മൾട്ടിവുഡിൽ ഘടിപ്പിച്ച ബാറ്ററിയിലും പൈപ്പിലുമാണു പ്രവർത്തനം. ഇതിലെ വെൽവറ്റ് തുണിയിലൂടെയാണ് ജലത്തിലെ എണ്ണമയങ്ങൾ നീക്കുന്നത്.
പവർ ബാങ്കാണ് ചാർജിങ്ങിന് ഉപയോഗിച്ചത്. മൾട്ടിവുഡിൽ ബെൽറ്റ് ഘടിപ്പിച്ചാണു പ്ലാസ്റ്റിക് തരംതിരിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
റീചാർജബിൾ ബാറ്ററി, ഡിസി മോട്ടർ എന്നിവയിലാണു പ്രവർത്തനം. മോട്ടർ വെള്ളത്തിൽ ഇട്ട
ഉടനെ പ്ലാസ്റ്റിക്കിനെ മിനിറ്റുകൾക്കുള്ളിൽ മാറ്റുന്നതാണ് രീതി. ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡലിലാണ് ഇരുവരും വേറിട്ട
ആശയം അവതരിപ്പിച്ചത്.
‘സ്മാർട് സിറ്റിയായി’ പാലക്കാട്
ഒറ്റപ്പാലം ∙ ജില്ലാ ആസ്ഥാനത്തെ സ്മാർട്സിറ്റിയായി അവതരിപ്പിച്ച് കെ.എം.സഹലും ഹാനിക്കും. ശാസ്ത്രോത്സവത്തില ഹൈസ്കൂൾ വിഭാഗം നിശ്ചല മാതൃകയിലാണു പാലക്കാട് നഗരത്തെ സ്മാർട് സിറ്റിയായി അവതരിപ്പിച്ചത്.
സുസ്ഥിര വികസന കാഴ്ചപ്പോടോടെയുള്ള നഗരവികസനമാണു പരിചയപ്പെടുത്തിയത്. മെട്രോ റെയിൽ, എയർപോർട്ട്, റോബട്ടിക് ആശുപത്രി, റോബട്ടിക് ശസ്ത്രക്രിയ, മാലിന്യനിർമാർജനം, ആധുനിക ജലസേചനന സംവിധാനങ്ങൾ, ഇന്ധനരഹിത ഗതാഗത സൗകര്യങ്ങൾ എന്നിവ ഉൾപ്പെട്ടതാണു സ്മാർട്സിറ്റി മാതൃക.
പ്രകൃതിസൗഹൃദ നഗരമാണ് ഇവരുടെ സങ്കൽപം. പുതുനഗരം ഐഇഎംഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

