ചേർത്തല∙ റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല വാരനാട് സ്വദേശി ഐഷയെ(58) കൊലപ്പെടുത്തിയെന്ന കേസിൽ ഐഷയുടെ സുഹൃത്തും അയൽവാസിയുമായ സ്ത്രീയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
ഐഷയെ പ്രതിയായ ചൊങ്ങുംതറ സി.എം സെബാസ്റ്റ്യൻ കൊലപ്പെടുത്തിയിരിക്കാമെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ മൊഴിയാണ് ഇന്നലെ ചേർത്തല മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത്.
ഐഷയെ കാണാതാകുന്നതിന്റെ തലേദിവസം ഐഷയും സെബാസ്റ്റ്യനും തമ്മിൽ ഐഷയുടെ വീട്ടിൽ വച്ചു തർക്കമുണ്ടായെന്നും കാണാതായ ദിവസം സെബാസ്റ്റ്യനെ കാണാനാണെന്നു പറഞ്ഞാണു ഐഷ വീട്ടിൽ നിന്നു പോയതെന്നുമാണ് ഇവർ നേരത്തെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഈ വിവരങ്ങൾ പുറത്തു പറഞ്ഞാൽ തന്നെയും മകനെയും കൊലപ്പെടുത്തുമെന്നു സെബാസ്റ്റ്യൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു.
ഐഷയെ അവസാനമായി ജീവനോടെ കണ്ട ആളെന്ന നിലയിൽ കേസിൽ ഇവർ പ്രധാന സാക്ഷിയാകാനാണു സാധ്യത.
സെബാസ്റ്റ്യന്റെ സുഹൃത്തായ വാരനാട് സ്വദേശിനിയെ പൊലീസ് ഇന്നലെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു.
ഐഷയുടെ കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം. കുറച്ചുനാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലാണ്.
ഇവരുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേ സമയം പ്രതിയായ സെബാസ്റ്റ്യനെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും പൊലീസിനു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പൊലീസിന്റെ ചോദ്യങ്ങൾക്കു പരസ്പര വിരുദ്ധമായ മറുപടികളാണു സെബാസ്റ്റ്യൻ നൽകിയത്.
പല ചോദ്യങ്ങൾക്കും മൗനമായിരുന്നു മറുപടി. സെബാസ്റ്റ്യന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ തുടർച്ചയായി ചോദ്യം ചെയ്യാൻ സാധിക്കുന്നില്ല.
ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, ഡിവൈഎസ്പി ടി. അനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ സെബാസ്റ്റ്യനെ ചോദ്യം ചെയ്തത്.
ഐഷ കൊല്ലപ്പെട്ടെന്നു തെളിയിക്കാൻ പോലും കഴിയാത്ത കേസിൽ സെബാസ്റ്റ്യന്റെ മൊഴികളിൽ നിന്നു നിർണായകമായ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
എന്നാൽ ചോദ്യം ചെയ്യലിനോടു ഇയാൾ സഹകരിക്കാത്തതു വെല്ലുവിളിയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പള്ളിപ്പുറത്തെ വീട്ടിൽ ഉൾപ്പെടെ സെബാസ്റ്റ്യനെ തെളിവെടുപ്പിന് എത്തിക്കും.
ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

