ഉദുമ ∙ തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഉദുമ നിവാസികൾ. 52 തെരുവ് നായകൾ ഉദുമ ടൗണിൽ വിഹരിക്കുന്നുണ്ട്.
ഉദുമ സർവീസ് സഹകരണ ബാങ്കിന് സമീപത്തെ വെസ്റ്റൽ പ്ലാസ ബിൽഡിങ്ങിലേക്ക് പോകുന്ന വഴിയിലും ഉദുമ ബസ് സ്റ്റോപ്പിലുമാണ് നായശല്യം കൂടുതലും.വാഹനങ്ങൾക്ക് പിറകെ ഓടുന്നതും പുലർച്ചെ പ്രഭാത സവാരി നടത്തുന്നവർക്ക് നേരെ കുരച്ചു ചാടുന്നതും സ്ഥിരംകാഴ്ചയാണ്. ഇരുപതോളം തെരുവ് നായകൾ ഉദുമ വെസ്റ്റൽ പ്ലാസ ബിൽഡിങ് കയ്യടക്കി.
ഭാരത് ഗ്യാസ് ഏജൻസി, തയ്യൽ കട, ജന സേവന കേന്ദ്രം, സ്റ്റുഡിയോ, വസ്ത്ര കട, മൊബൈൽ റിപ്പയറിങ് കട, ട്യൂഷൻ സെന്റർ തുടങ്ങിയവ പ്രവർത്തിക്കുന്ന വെസ്റ്റൽ പ്ലാസ ബിൽഡിങ്ങിൽ നായശല്യം കാരണം ആളുകൾ വരാൻ മടിക്കുന്നു. ഇത് കച്ചവടത്തെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ദിവസം ബിൽഡിങ്ങിലെ സ്റ്റുഡിയോ ജീവനക്കാരി നായയുടെ അക്രമത്തിനിരയായിരുന്നു.
നായശല്യം തടയണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റൽ പ്ലാസ ബിൽഡിങ്ങിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മിക്ക് പരാതി നൽകി. തെരുവുനായ ശല്യം കാരണം ഭയത്തോടെയാണു തങ്ങൾ ജോലി ചെയ്യുന്നതെന്ന് പരാതിയിലുണ്ട്.ഉദുമ ടൗണിലെ ബസ് ഷെൽറ്റർ കയ്യടക്കിയ നായകൾ ചില നേരങ്ങളിൽ യാത്രക്കാർക്ക് നേരെ കുരച്ചു ചാടുന്നു.
കഴിഞ്ഞ ദിവസം പ്രായമായ ഒരു സ്ത്രീ നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു.
പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് ഉദുമ ടൗണിൽ ചിലർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്. സുപ്രീം കോടതി വിധി ലംഘിച്ച് ഉദുമ ടൗണിൽ പൊതുസ്ഥലത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

