എടത്വ ∙ വാഹനം കയറുന്ന വഴിയുമില്ല, ഉള്ള വഴിയിൽ വെള്ളവും മൃതദേഹം വീട്ടിലെത്തിച്ചത് വെള്ളക്കെട്ടിലൂടെ നാട്ടുകാരും ബന്ധുക്കളും ചുമന്നുകൊണ്ട്. കഴിഞ്ഞ ദിവസം മരിച്ച തലവടി പഞ്ചായത്ത് 13–ാം വാർഡ് കുന്തിരിക്കൽ പുതുപ്പുരയ്ക്കൽ ഡേവിഡ് കുരുവിളയുടെ (60) മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ വീട്ടിലേക്ക് എത്തിക്കേണ്ടി വന്നത്. ചെത്തിപ്പുരയ്ക്കൽ സ്കൂളിനു സമീപം ചാലിയാടി പാടശേഖരത്തിനു നടുവിലുള്ള തുരുത്തിലാണു ഡേവിഡും കുടുംബവും താമസിച്ചിരുന്നത്.
പതിറ്റാണ്ടുകൾക്കു മുൻപ് താമസം തുടങ്ങിയ ഇവിടേക്കു നടന്നു പോകാവുന്ന ഒരുവഴി മാത്രമാണ് ഉള്ളത്.
ഏതാനും വർഷം മുൻപ് നാട്ടുകാരുടെ ശ്രമഫലമായി പാടത്തെ വരമ്പ് ഉയർത്തി നടവഴി ആക്കുകയായിരുന്നു. എന്നാൽ കൃഷി ഇല്ലാതാകുമ്പോൾ വെള്ളം കയറും.
മാത്രമല്ല ചെളിക്കട്ട ഉപയോഗിച്ച് വഴി നിർമിച്ചതിനാൽ ഇതുവഴി സൈക്കിൾയാത്ര പോലും സാധ്യമല്ല.
തുരുത്തിൽ താമസിക്കുന്നവർക്ക് ഏതെങ്കിലും അസുഖം പിടിച്ചാൽ സ്ട്രെച്ചറിൽ അല്ലെങ്കിൽ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചാൽ മാത്രമേ ആശുപത്രിയിൽ എത്തിക്കാൻ കഴിയുകയുള്ളൂ.
350 മീറ്റർ മാത്രം ഉള്ള ഈ നടവഴി ഉയർത്തി ചെമ്മണ്ണിട്ട് നൽകണമെന്ന ആവശ്യം അധികാരികളോടു പറഞ്ഞിട്ട് വർഷങ്ങളായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം മരിച്ച ഡേവിഡ് ആറുമാസമായി ചികിത്സയിലായിരുന്നു.
ആഴ്ചയിൽ ഒരിക്കൽ ഡയാലിസിസിനായി ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് സ്ട്രെച്ചറിൽ കിടത്തിയായിരുന്നു.
രണ്ടു ദിവസം മുൻപ് രോഗം മൂർഛിച്ചതോടെ ആശുപത്രിയിലേക്ക് എത്തിക്കും മുൻപ് മരിക്കുകയുമായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ രാവിലെ വീട്ടിൽ എത്തിച്ചെങ്കിലും പാടശേഖരത്തിനു നടുവിലുള്ള സ്ഥലമായതിനാൽ വെള്ളക്കെട്ടിലൂടെ ജനങ്ങൾക്ക് എത്താൻ കഴിയാത്തതിനാൽ വീട്ടിൽനിന്നു പാടത്തിനു മറുകരയിൽ ഉള്ള സ്ഥലത്ത് പന്തൽ കെട്ടി അവിടേക്ക് മൃതദേഹം എത്തിച്ച് ശുശ്രൂഷകൾക്കു ശേഷം പള്ളിയിൽ സംസ്കരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

