പരിഷ്കരിച്ച ജിഎസ്ടി പ്രാബല്യത്തിലായിട്ട് ഒരു മാസം പിന്നിടുമ്പോൾ വിപണിയിൽ വിൽപന പൊടിപൊടിച്ചു. നവരാത്രിയും ദീപാവലിയും അടുത്തടുത്ത് വന്നതും ആളുകളിൽ വാങ്ങലിന് ആവേശം വർധിപ്പിച്ചു.
ആരാധനാലയങ്ങളിൽ നിന്നുള്ള പ്രത്യേക പ്രസാദം മുതൽ സ്വർണം വരെ ആളുകൾ ക്വിക് കൊമേഴ്സിലൂടെ വാങ്ങിക്കൂട്ടി. ജിഎസ്ടി പരിഷ്കാരത്തെത്തുടർന്ന് ഉപഭോഗത്തിൽ 10 ശതമാനം വർധന രേഖപ്പെടുത്തി, വാങ്ങൽ 20 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഐടി, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും ചേർന്ന് അറിയിച്ചു.
മുൻവർഷത്തെ നവരാത്രി വാങ്ങലുകളെ അപേക്ഷിച്ച് ഇത്തവണ മൊത്തം വിൽപനയിൽ 20–25 ശതമാനം വര്‍ധനവുണ്ടായതായി നിർമല സീതാരാമൻ പറഞ്ഞു.
ഇക്കാലയളവിൽ ഇളവ് വരുത്തിയ 54 തരം ഉൽപന്നങ്ങളുടെയും വിൽപന സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. വാഹന വിൽപനയിൽ വലിയ കുതിച്ചു ചാട്ടമാണ് ദൃശ്യമായത്.
ഇക്കാലയളവിൽ 21.6 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിറ്റു പോയിട്ടുണ്ട്. കാറുകളുൾപ്പടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന സെപ്റ്റംബറിൽ 3.72 ലക്ഷമായി.
മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 5.5 ശതമാനം ഉയർന്നു. എസി വിൽപന ജിഎസ്ടി കുറച്ചതോടെ ഇരട്ടിയായി.
ടിവി വിൽപനയിൽ 30–35ശതമാനം മുന്നേറ്റമാണുണ്ടായത്. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങളുടെ ആവശ്യവും കുതിച്ചു കയറി.
ക്വിക് കൊമേഴ്സ് മുന്നേറ്റം
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ മുന്നേറിയത് ക്വിക് കൊമേഴ്സ് വിൽപനയായിരുന്നു.
പ്രത്യേകിച്ച് അവസാന വട്ട പർച്ചേസിങ്ങിന് ആളുകൾ ആശ്രയിച്ചത് ക്വിക് കൊമേഴ്സിനെ ആണ്.
1.2 ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങളാണ് ക്വിക് കൊമേഴ്സ് ഡെലിവറിക്കാർ അവസാന നിമിഷത്തിൽ ഇന്ത്യയെമ്പാടുമുള്ള വീടുകളിലെത്തിച്ചത്. മുൻവർഷത്തേക്കാൾ 27 ശതമാനം വർധനവാണിതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സമ്മാനങ്ങൾ, മധുരപലഹാരങ്ങൾ, മൺചിരാതുകൾ, പൂജാ സാമഗ്രികൾ ഇവയ്ക്കെല്ലാം പുറമേ അമ്പലത്തിലെ പ്രസാദങ്ങൾ വരെ വളരെവേഗം ഉപഭോക്താക്കള്‍ക്ക് ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാർട്ട്, സെപ്റ്റോ തുടങ്ങിയ ക്വിക് കൊമേഴ്സുകാർ എത്തിച്ചു കൊടുത്തു.
ധൻതേരസിനോടനുബന്ധിച്ച് സ്വർണം – വെള്ളി നാണയങ്ങൾ, പാത്രങ്ങൾ ഇവയ്ക്കെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി ആവശ്യക്കാരായിരുന്നു. എന്നാൽ ഫാഷൻ, ലൈഫ്സ്റ്റൈൽ, മൊബൈൽ തുടങ്ങിയവയുടെ വിൽപന മുൻകൂട്ടി നടത്തിയതിനാൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയുള്വ അവസാന വട്ട
ഇ കൊമേഴ്സ് വിൽപന കാര്യമായി മുന്നേറിയില്ല.
ട്രംപിന്റെ താരിഫ് പ്രശ്നങ്ങൾ ഉയർത്തുന്ന അനിശ്ചിതത്വം സ്വാഭാവികമായി സ്വദേശി ഉൽപന്നങ്ങളോട് ആഭിമുഖ്യം വളർത്തിയതും, ജിഎസ്ടി ആനുകൂല്യവും ചെറുകിടക്കച്ചവടക്കാർക്കും വർധിച്ച വിൽപന നൽകി. ദീപാവലിക്ക് മാത്രം 6.05 ലക്ഷം കോടി രൂപയുടെ കച്ചവടം ഇവർക്ക് ലഭിച്ചതായാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വിവിധ ഇടങ്ങളിലായി നടത്തിയ സർവേയുടെ ഫലം സൂചിപ്പിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

