യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനിപ്പിക്കാനായി അടുത്തയാഴ്ച ദക്ഷിണ കൊറിയയിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കാണാനിരിക്കേ, പുതിയ പോരിന് വഴിതുറന്ന് ട്രംപിന്റെ കടുത്ത ആരോപണം. റെയർ എർത്ത്, തുറമുഖ ഫീസ്, സോഫ്റ്റ്വെയർ, ചോളം, സോയാബീൻ എന്നിവയ്ക്ക് പിന്നാലെ ‘ഫെന്റനൈൽ’ ആയുധമാക്കിയാണ് ട്രംപ് വീണ്ടും ചൈനയ്ക്കെതിരെ ആഞ്ഞടിച്ചത്.
യുഎസിന്റെ രാഷ്ട്രീയ ശത്രുപക്ഷത്തുള്ള വെനസ്വേല വഴി ചൈന, യുഎസിലേക്ക് വ്യാപകമായി ഫെന്റനൈൽ കടുത്തുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. വളഞ്ഞവഴിക്ക് ചൈന കയറ്റുമതി നടത്തുന്നതിനാൽ അമേരിക്കയ്ക്ക് തീരുവ ഇനത്തിൽ കിട്ടേണ്ട
കോടികൾ ഇല്ലാതാകുന്നുവെന്നും ട്രംപ് പറഞ്ഞു.
ഉയർന്ന ദുരുപയോഗ സാധ്യതയുള്ള ഒപിയോയിഡ് നർക്കോട്ടിക് വേദനസംഹാരിയാണ് ഫെന്റനൈൽ. ഇത് മയക്കുമരുന്നായും വ്യാപകമായി അമേരിക്കയിൽ ഉപയോഗിക്കുന്നുണ്ട്.
ഫെന്റനൈൽ ഇറക്കുമതിക്ക് കടിഞ്ഞാണിടാൻ ട്രംപ് ശ്രമിക്കുന്നതിന് പിന്നിലെ കാരണവും വേറെയല്ല. ചൈനയിൽ നിന്ന് നേരിട്ട് യുഎസിലെത്തുന്ന ഉൽപന്നങ്ങൾക്ക് നവംബർ ഒന്നുമുതൽ 155% അധികത്തീരുവ ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
നിലവിൽ ശരാശരി 30 ശതമാനം തീരുവയാണ് ചൈനീസ് ഉൽപന്നങ്ങൾക്ക് യുഎസ് ഈടാക്കുന്നത്.
വളഞ്ഞവഴിക്കുള്ള കയറ്റുമതി
നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് പകരം തീരുവ കുറഞ്ഞ മറ്റ് രാജ്യങ്ങൾ വഴി, ചൈന വളഞ്ഞവഴിക്ക് കയറ്റുമതി നടത്തുന്നതിലും ട്രംപിന് അമർഷമുണ്ട്. ഫെന്റനൈൽ വെനസ്വേലയിൽ എത്തിച്ച് അവിടെ നിന്ന് അമേരിക്കയിലെത്തിക്കുമ്പോൾ 20 ശതമാനം തീരുവയേയുള്ളൂ.
അടുത്ത ആഴ്ച ദക്ഷിണ കൊറിയയിൽ ഷിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയിൽ ആദ്യ ചോദ്യം തന്നെ ഇതായിരിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
ചൈനയെ കാത്തിരിക്കുന്നത് കനത്ത പിഴയായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഉയർന്ന തീരുവ സ്ഥിരമായിട്ടുണ്ടാകാൻ ഇടയില്ലെന്നും പക്ഷേ, അവർ അത് തുടരാൻ തന്നെ പ്രേരിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു. തീരുവ ഉയർത്തിയതോടെ ചൈന അമേരിക്കൻ സോയാബീൻ വാങ്ങുന്നത് പൂർണമായി നിർത്തിക്കളഞ്ഞത് അമേരിക്കയ്ക്ക് കനത്ത അടിയായയിരുന്നു.
അമേരിക്കയും ചൈനയും പോലെ രണ്ട് വമ്പൻ സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാരയുദ്ധം ശമനമില്ലാതെ നീളുന്നത് മറ്റ് രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വിതരണ–വിപണന ശൃംഖലകളെയെല്ലാം ഇതു താറുമാറാക്കിയിട്ടുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

