തളിപ്പറമ്പ് ∙ രാജരാജേശ്വര ക്ഷേത്രസന്നിധിയിൽ എത്തുന്നവർക്ക് ഇനി മലബാറിന്റെ വൃക്ഷമുത്തശ്ശിയെ കണ്ടുവണങ്ങാം, വലംവയ്ക്കാം, 9 നൂറ്റാണ്ടുകളായി നാടിനു തണുപ്പേകുന്ന മുത്തശ്ശിയുടെ മടിയിലെ കുളിരറിയുകയും ചെയ്യാം. പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്ര മതിൽക്കെട്ടിനുള്ളിലാണു മലബാറിന്റെ വൃക്ഷമുത്തശ്ശിയുള്ളത്.
900 വർഷം പഴക്കമുണ്ടെന്നു കരുതുന്ന ഈ വൃക്ഷമുത്തശ്ശിയെ 2011ൽ വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം മലബാറിലെ ഏറ്റവും പ്രായമുള്ള വൃക്ഷമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. കാടുപിടിച്ചു കിടന്ന ഈ മുത്തശ്ശിയുടെ ചുവട്ടിലേക്ക് ഇപ്പോഴാണ് ടിടികെ ദേവസ്വം അധികൃതരുടെ നേതൃത്വത്തിൽ നടപ്പാത നിർമിച്ചത്.
ഭക്തർക്കു വൃക്ഷം വലംവയ്ക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രാജരാജേശ്വര ക്ഷേത്രത്തിലെ സവിശേഷ കാഴ്ചയായ മരമുത്തശ്ശി ക്ഷേത്രത്തിന്റെ തെക്ക്, കിഴക്ക് മൂലയിലാണു പടർന്നു പന്തലിച്ചു നിൽക്കുന്നത്.
ക്ഷേത്രത്തിലെ നാഗ സ്ഥാനവുമാണ് ഈ സ്ഥലം.
അത്തി, ഇട്ടി, പേരാൽ, അരയാൽ, ഏഴിലംപാല, ദന്തപാല, പൊൻചെമ്പകം എന്നീ മരങ്ങളാണ് കൂട്ടുപിണഞ്ഞ് ഒരൊറ്റ മഹാ വൃക്ഷമായി വളർന്നു നിൽക്കുന്നത്. ഇതിൽ ഏറ്റവും ഉയരത്തിലുള്ളത് ഏഴിലംപാലയാണ്.
മരത്തിനു സമീപം ചെന്നുനോക്കിയാൽ മാത്രമേ മറ്റു മരങ്ങളുടെ ശാഖകൾ കാണാൻ സാധിക്കൂ.
രാത്രിയിൽ പ്രദക്ഷിണമില്ല
സാധാരണയായി രാജരാജേശ്വര ക്ഷേത്രത്തിൽ തിരക്കേറുന്നതു രാത്രിയിലാണ്. വൈകിട്ട് അത്താഴ പൂജയ്ക്കു ശേഷമേ ഇവിടെ ക്ഷേത്രത്തിനുള്ളിൽ സ്ത്രീകൾക്കു പ്രവേശനമുള്ളു.
അതിനാൽ പലരും കുടുംബസമേതം ക്ഷേത്രത്തിൽ എത്തുന്നതു രാത്രിയിലാണ്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ആരുടെയും ശല്യമില്ലാതെ വളർന്നുപന്തലിച്ചു കിടക്കുന്ന മരമായതിനാൽ ഒട്ടേറെ പക്ഷികളുടെയും ജീവജാലങ്ങളുടെയും ഈറ്റില്ലവും കൂടിയാണ് ഈ വൃക്ഷമുത്തശ്ശി.
അതുകൊണ്ടു തന്നെ ഇതിൽ ചേക്കേറുന്ന പക്ഷികൾക്കും മറ്റും ശല്യമുണ്ടാകാതിരിക്കാൻ രാത്രിയിൽ ഇവിടെ പ്രദക്ഷിണത്തിന് അനുമതിയില്ലെന്നും മരത്തിനു സമീപം വലിയ പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നും ടിടികെ ദേവസ്വം പ്രസിഡന്റ് ടി.കെ.വിനോദ് കുമാർ പറഞ്ഞു. വൃക്ഷത്തിനു സമീപത്തായി ഒരിക്കലും വറ്റാത്ത ഒരു കിണറുണ്ട്.
യക്ഷിയുടെ സാന്നിധ്യം ക്ഷേത്രത്തിലുള്ളതിനാൽ ഏഴിലംപാലയ്ക്ക് അതുമായി ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.
ഏറെ പ്രകൃതിക്ഷോഭങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഈ വൃക്ഷ മുത്തശ്ശിക്കു കാര്യമായ തകരാറുകളൊന്നും സംഭവിച്ചിട്ടുമില്ലെന്നതും ശ്രദ്ധേയമാണ്. രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്നവർക്കു ക്ഷേത്രത്തിനു മുൻപിലെ രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവപ്രതിമക്കൊപ്പം ഇനി മരമുത്തശ്ശിയും പ്രിയങ്കരമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

