പുൽപള്ളി ∙ തുലാവർഷം തിമർത്തു പെയ്യുമ്പോഴും സുരക്ഷിത വാസസ്ഥലമില്ലാതെ ഗോത്രസമൂഹം. വിവിധ പദ്ധതികളിലാരംഭിച്ച വീടുനിർമാണം പല കാരണങ്ങളാൽ നീണ്ടു പോകുന്നതോടെ പല ഊരുകളിലും ജീവിതം ദുരിതപൂർണമായി.
ഉൾവനത്തിലും വനയോരത്തും പ്ലാസ്റ്റിക് കൂരകെട്ടി കഴിയുന്നവർ മഴ കനത്തതോടെ കൂടുതൽ പ്രയാസത്തിലായി. ബ്ലോക്ക് പഞ്ചായത്ത് മുഖേന കാട്ടുനായ്ക്ക വിഭാഗത്തിനുള്ള പിഎം ജൻമൻ ഭവനപദ്ധതിയിൽ പനമരം ബ്ലോക്കിൽ മാത്രം 200 ഓളം വീടുകളുടെ നിർമാണമാണ് അധികൃതരുടെ അനാസ്ഥമൂലം നിർമാണം മുടങ്ങിക്കിടക്കുന്നത്.ഉണ്ടായിരുന്ന വീടുകൾ പൊളിച്ചുമാറ്റിയാണു മാസങ്ങൾക്കു മുൻപു പുതിയ വീടുകളുടെ നിർമാണം ആരംഭിച്ചത്.
അതിൽ പലതും തറയിലും ഭിത്തിയിലുമായി കിടക്കുന്നു. വിവിധ ഘട്ടങ്ങളിലെ ഗഡു തുക ലഭിക്കാത്തതാണു കാരണമായി പറയുന്നത്.
പൂതാടി പഞ്ചായത്തിൽ 15 വീടുകളുടെ പണിയാരംഭിച്ചിട്ടില്ല.
പുൽപള്ളി വെട്ടത്തൂർ വനഗ്രാമത്തിൽ ഗോപി, സീത എന്നിവർ ആവശ്യമായ രേഖകളെല്ലാം നൽകിയിട്ട് 7 മാസം കഴിഞ്ഞിട്ടും ഫണ്ട് ലഭിക്കുന്നില്ലെന്നു പറയുന്നു. പാതിരി വനത്തിലെ പള്ളിച്ചിറ കാട്ടുനായ്ക്ക സങ്കേതത്തിൽ 3 വീടുകളുടെ നിർമാണം വിവിധ ഘട്ടത്തിലാണ്. ഇവിടെ പകൽസമയത്തും കാട്ടാനയെത്തുന്ന ഇടമാണ്.
ഇരുട്ടുവീണാൽ വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥ. മാസങ്ങളോളം മഴക്കാലം നീണ്ടതോടെ ഇവിടത്തെ താമസക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കു കണക്കില്ല.
കൈക്കുഞ്ഞുമായി മഴയും തണുപ്പുമേറ്റുള്ള ജീവിതം ദുഷ്കരമായെന്നു ഗുണഭോക്താക്കളിലൊരാളായ നിഷ പറയുന്നു. പ്രസവത്തിനു മുൻപു വീട് നിർമാണം പൂർത്തിയാകുമെന്നു കരുതി രേഖകളെല്ലാം നേരത്തെ നൽകിയിരുന്നു.
കുഞ്ഞിന് 7 മാസമായിട്ടും വീടിന്റെ വാർപ്പ് നടന്നിട്ടില്ല.
അതിനുള്ള തട്ട് അടിച്ചുവച്ചിട്ടു 2 മാസമായി.മുള്ളൻകൊല്ലി മാടപ്പള്ളിക്കുന്നിൽ ലീലയുടെ വീട് നിർമാണം ഒരുവർഷം മുൻപ് പൂർത്തിയായെങ്കിലും ഫണ്ട് ലഭിക്കാതെ കുടുംബം കടക്കെണിയിൽ മുങ്ങി. വീടുനിർമാണം ആരംഭിച്ചശേഷം അധികൃതർ അനാവശ്യ രേഖകൾ ചോദിച്ചു വലയ്ക്കുന്നെന്നാണു പരാതി.
ലൈഫ്മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്ക് കെട്ടിടനിർമാണ അനുമതി ആവശ്യമാണെങ്കിലും പട്ടികവർഗ സങ്കേതങ്ങളിലെ പട്ടികവർഗ ഗുണഭോക്താക്കൾക്ക് പെർമിറ്റ് ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം നൽകി നടപടികൾ തുടരാമെന്നാണ് സർക്കാർ ഉത്തരവ്.
സ്വന്തമായി ഭൂമിയോ രേഖയോ ഇല്ലാത്തവരുടെ കാര്യത്തിൽ ഇതുമാത്രമേ സാധ്യമാകൂവെങ്കിലും ഉദ്യോഗസ്ഥർ ഗുണഭോക്താക്കളെ കഷ്ടപ്പെടുത്തുകയും ഫണ്ട് നൽകാതെ കാലതാമസം വരുത്തുന്നുവെന്നുമാണു പരാതി.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകളെല്ലാം കെ സ്മാർട്ട് എന്ന പോർട്ടലിലൂടെ നൽകണം.
എല്ലാ രേഖകളുമില്ലാതെ അപേക്ഷാ നടപടികൾ പൂർത്തീകരിക്കാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽ വിവേചനാധികാരത്തോടെ നടപടികൾ പൂർത്തീകരിക്കാൻ നിർവഹണ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെങ്കിലും സാങ്കേതികകാരണങ്ങൾ പറഞ്ഞു പാവപ്പെട്ടവരെ വലയ്ക്കുകയാണെന്നാണ് ആരോപണം.
ഒന്നും രണ്ടും ഗഡു ലഭിച്ചവരുടെ തുടർന്നുള്ള ഗഡുക്കൾ തടയുന്നതു ദുരൂഹമാണെന്ന് ആദിവാസി സംഘടനാപ്രവർത്തകർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

