മങ്കൊമ്പ് ∙ വേലിയേറ്റത്തിനു ശമനമില്ല; ആശങ്ക ഒഴിയാതെ കുട്ടനാട്. കഴിഞ്ഞ 2 ആഴ്ചയിലേറെയായി തുടരുന്ന വേലിയേറ്റം കഴിഞ്ഞ 2 ദിവസമായി അതിശക്തമായി.
കുട്ടനാടൻ ജലാശയങ്ങളിൽ ജലനിരപ്പ് 2 അടിയിലേറെ ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലടക്കം വെള്ളം കയറി.
ജലനിരപ്പ് ഉയർന്നതു കർഷകരെയാണു ഏറ്റവും വലച്ചിരിക്കുന്നത്.
രണ്ടാം കൃഷിയുടെ വിളവെടുക്കാൻ പാകമായ പല പാടശേഖരങ്ങളിലും വെള്ളം കവിഞ്ഞു കയറിയതും, മഴമൂലം കൃഷിയിടത്തിൽ നിറഞ്ഞതുമായ വെള്ളം വറ്റിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങളെയും വേലിയേറ്റം സാരമായി ബാധിക്കുന്നുണ്ട്.
കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളും പുഞ്ചക്കൃഷിയുടെ തയാറെടുപ്പിലാണ്.
കൃഷിയിടം ഒരുക്കി കള കിളിർപ്പിക്കുന്ന അവസരത്തിലാണു ജലനിരപ്പ് ഉയർന്നത്. പല പാടശേഖരങ്ങളിലും കള കിളിർപ്പിക്കാൻ സാധിക്കാത്ത വിധം പുറംബണ്ട് കവിഞ്ഞു പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞ സ്ഥിതിയാണ്.
നല്ല രീതിയിൽ കള കിളിർപ്പിച്ചു കളനാശിനി തളിച്ചശേഷം വെള്ളം കയറ്റി മുക്കുന്നതാണു പതിവ്. എന്നാൽ പല പാടശേഖരങ്ങളിലും കളനാശിനി പ്രയോഗം നടത്താൻ പോലും സാധിച്ചിട്ടില്ല.
നിലവിൽ കൃഷിയിടത്തിൽ കയറിയ വെള്ളം വറ്റിച്ചു വീണ്ടും കളയ്ക്കു കിളിർപ്പിച്ചാൽ പുഞ്ചക്കൃഷിയുടെ വിത വൈകാൻ ഇടയാക്കുന്നതിനാൽ പല പാടശേഖരങ്ങളും വെള്ളം വറ്റിക്കാൻ മുതിർന്നിട്ടില്ല.
കള കിളിർപ്പിക്കാത്ത സാഹചര്യത്തിൽ അടുത്ത കൃഷിയുടെ ചെലവു വർധിക്കുമെന്നതു കർഷകരെ ഇപ്പോഴേ ആശങ്കയിലാക്കുന്നുണ്ട്.
വേലിയേറ്റം മൂലം കഴിഞ്ഞ ദിവസം 2 പാടശേഖരങ്ങളിൽ മട വീണിരുന്നു.
ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ രണ്ടാം കൃഷി 80 ദിവസം പിന്നിട്ട മുന്നൂറും പാടത്തും, പുഞ്ചക്കൃഷിയുടെ ഒരുക്കം നടത്തുകയായിരുന്ന വെളിയനാട്–കുന്നുമ്മ വില്ലേജിൽ ഉൾപ്പെട്ട പടിഞ്ഞാറേ വെള്ളിസ്രാക്ക പാടശേഖരത്തിലുമാണു മട
വീണത്. ദുർബലമായ പുറംബണ്ടുള്ള പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലുമാണ്.
ജില്ലാ ഭരണകൂടം അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു ജലനിരപ്പ് ഉയരുന്ന സാഹചര്യം ഒഴിവാക്കണമെന്നാണു കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
വൃശ്ചിക വേലിയേറ്റം ഇതിലും ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ടു തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ ഡിസംബറിനു മുൻപായി തന്നെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ മുൻ വർഷങ്ങളിലെ അനുഭവം കണക്കിലെടുത്താൽ വൃശ്ചിക വേലിയേറ്റത്തിൽ കൂടുതൽ പാടശേഖരങ്ങൾ മട
വീഴാനുള്ള സാധ്യത നിലനിൽക്കുന്നതായും കർഷകർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

