മാള ∙ പഞ്ചായത്തിന്റെ മത്സ്യമാർക്കറ്റിനോട് ചേർന്ന പാർക്കിങ് യാഡിലേക്കുള്ള പ്രവേശനം കമ്പിവേലി ഉപയോഗിച്ച് കെട്ടിയടയ്ക്കാനുള്ള ശ്രമം കോൺഗ്രസ് അംഗങ്ങൾ ഇടപെട്ട് തടയാൻ ശ്രമിച്ചത് വാക്കുതർക്കത്തിലും ബഹളത്തിലും കലാശിച്ചു. തർക്കത്തിനിടെ കോൺഗ്രസ് അംഗങ്ങളായ ജിയോ കൊടിയനെയും ടി.വി.യദുകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ജിയോ കൊടിയനെ ഇരുമ്പുകൊത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഐ പ്രവർത്തകൻ ബൈജു മണ്ണാന്തറയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മാള മത്സ്യമാർക്കറ്റിനു സമീപമുള്ള ഭൂമിയിൽ അനധികൃതമായി വാഹനങ്ങളും ആളുകളും പ്രവേശിക്കുന്നതും സ്ഥലം ദുരുപയോഗം ചെയ്യുന്നതും തടയാനാണ് കമ്പിവേലി കെട്ടുന്നതെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. മേയ് മാസത്തിൽ ചേർന്ന പഞ്ചായത്ത് അടിയന്തര യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നതായും പഞ്ചായത്തധികൃതർ പറയുന്നു.
ഇതുപ്രകാരമാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ താൽക്കാലിക കമ്പിവേലി സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
എന്നാൽ പഞ്ചായത്ത് മത്സ്യമാർക്കറ്റിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനും ഭൂമി അടച്ചുപൂട്ടന്നതിനുമുള്ള ശ്രമമാണ് ഇതെന്ന് കോൺഗ്രസും ആരോപിക്കുന്നു. കോൺഗ്രസ് അംഗങ്ങൾ സ്ഥലത്തേക്ക് മുദ്രാവാക്യം വിളിയുമായി എത്തി. ഇതിനിടെയാണ് പഞ്ചായത്തധികൃതരും കോൺഗ്രസ് അംഗങ്ങളുമായി തർക്കം ഉണ്ടായത്.
സിപിഐ പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷ സാധ്യത മുന്നിൽ കണ്ട് പൊലീസും എത്തി.
പൊലീസും കോൺഗ്രസ് അംഗങ്ങളും തമ്മിൽ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് സിപിഐ പ്രവർത്തകൻ ബൈജു മണ്ണാന്തറ ഇരുമ്പുകൊത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകൻ ജിയോ കൊടിയൻ നൽകിയ പരാതിയിൽ പറയുന്നു. പൊലീസിന്റെ മുൻപിൽ വച്ചാണ് ആക്രമിക്കാനുള്ള ശ്രമം നടന്നത്. ഇരുകൂട്ടരും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് കോൺഗ്രസ് അംഗങ്ങളെ ബലമായി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഓഫിസിനു മുൻപിൽ കോൺഗ്രസ് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണശ്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

