ചാവക്കാട് ∙ ആറ് പതിറ്റാണ്ട് മുൻപ് പഞ്ചായത്തിന്റെ ഔദ്യോഗികരേഖകളും ഫയലുകളും സൂക്ഷിച്ചുവച്ച വീടിന്റെ ഉടമസ്ഥ തന്റെ മൂന്ന് സെന്റ് ഭൂമിയുടെ ആധാരം ശുദ്ധജല പദ്ധതിക്കുവേണ്ടി അതേ പഞ്ചായത്തിനു നൽകിയത് അപൂർവനിമിഷമായി. വട്ടേക്കാട് സ്വദേശി പി.കെ.മുഹമ്മുവിന്റെ ഭാര്യ ആർ.കെ.നഫീസ(97)യാണ് കടപ്പുറം പഞ്ചായത്തിന് ഭൂമി ദാനമായി നൽകിയത്. 60 വർഷം മുൻപാണ് അന്നത്തെ ഒരുമനയൂർ–കടപ്പുറം പഞ്ചായത്തുകളുടെ രേഖകൾ നഫീസയുടെ വീട്ടിൽ സൂക്ഷിച്ചത്.
1964ലായിരുന്നു ഒരുമനയൂർ പഞ്ചായത്ത് വിഭജിച്ച് കടപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്.
തുടക്കകാലത്ത് പഞ്ചായത്തിന്റെ രേഖകളും പ്രമാണങ്ങളും വയ്ക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ നഫീസയുടെ വീട്ടിൽ സൂക്ഷിച്ചു. വാടകക്കെട്ടിടത്തിലേക്കു മാറുന്നതിനു മുൻപുള്ള രണ്ട് വർഷത്തോളം പഞ്ചായത്ത് പ്രവർത്തനങ്ങൾ നടന്നതും നഫീസയുടെ വീട്ടിൽ തന്നെ.
വട്ടേക്കാട് ടിപ്പു സുൽത്താൻ റോഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 3 സെന്റ് ഭൂമിയാണ് സൗജന്യമായി നൽകിയത്. കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ വി.പി.മൻസൂർ അലിയുടെ ആവശ്യത്തെത്തുടർന്നാണ് ഭൂമി ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷനിലേക്ക് അനുവദിച്ച കുഴൽക്കിണർ നബീസ വിട്ടുനൽകിയ ഭൂമിയിൽ നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം വി.എം.മുഹമ്മദ് ഗസാലി പറഞ്ഞു.
ശുദ്ധജലം നൽകുകയെന്നതു പുണ്യപ്രവൃത്തിയാണെന്നും അതിനുവേണ്ടിയാണ് ഭൂമി ദാനം ചെയ്യുന്നതെന്നും നഫീസ പറഞ്ഞു. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ആധാരം നഫീസയുടെ മക്കളായ ആർ.കെ.ജമാലുദ്ദീൻ, ആർ.കെ.കമറുദ്ദീൻ, ആർ.കെ.ഹാരിസ്, മരുമകൻ ആർ.വി.ഹമീദ് എന്നിവരിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഏറ്റുവാങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

