രാവിലെ മികച്ച നേട്ടത്തിലേക്ക് മുന്നേറിയ ഇന്ത്യൻ ഓഹരി വിപണികൾ ഉച്ചയ്ക്കുശേഷം ആലസ്യത്തിലേക്ക് ചാഞ്ഞിറങ്ങി. വ്യാപാരത്തിന്റെ തുടക്കത്തിലൊരു ഘട്ടത്തിൽ 700ലധികം പോയിന്റ് ഉയർന്ന സെൻസെക്സ് 85,290 വരെ എത്തിയിരുന്നു.
ഇന്നത്തെ വ്യാപാരം അവസാനത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് നേട്ടം 277 പോയിന്റിലേക്ക് നിജപ്പെടുത്തി 84,704ൽ.
ഒരുവേള 26,000 പോയിന്റ് ഭേദിച്ച് 26,104 വരെ എത്തിയ നിഫ്റ്റി 25,939ലേക്കും ഇറങ്ങി. 2024 സെപ്റ്റംബർ 27ലെ 26,277 ആണ് നിഫ്റ്റിയുടെ റെക്കോർഡ്.
ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ ട്രംപ് 15-16 ശതമാനത്തിലേക്കു താഴ്ത്തുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഓഹരി വിപണികൾക്ക് ആദ്യം ഹരംപകർന്നത്.
മലേഷ്യ വേദിയാകുന്ന ആസിയാൻ ഉച്ചകോടിയിൽവച്ച് മോദിയും ട്രംപും തമ്മിൽ കാണുമെന്നും വ്യാപാരക്കരാർ പ്രഖ്യാപനവുണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു.
∙ കേരളം ആസ്ഥാനമായ ടെക്സ്റ്റൈൽസ് കമ്പനിയായ കിറ്റെക്സിന്റെ ഓഹരികൾ ഇന്ന് 15 ശതമാനത്തിലധികം കുതിച്ചുയരാനും ഇതുവഴിയൊരുക്കി. 186.78 രൂപയിൽ നിന്ന് 219 രൂപയിലേക്കാണ് ഒരുവേള ഓഹരിവില മുന്നേറിയത്.
കിറ്റെക്സിന്റെ കയറ്റുമതി ഏതാണ്ട് പൂർണമായും യുഎസിലേക്കായിരുന്നു.
ഒരിടവേളയ്ക്കുശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി തുടങ്ങിയതും ഐടി ഓഹരികളിലുണ്ടായ മികച്ച വാങ്ങൽ ട്രെൻഡും രൂപയുടെ കരകയറ്റവും ഇന്ന് രാവിലെ ഓഹരി വിപണികളെ തുണച്ചിരുന്നു. എന്നാൽ, ഉച്ചയ്ക്കുശേഷം സ്ഥിതിമാറി; ലാഭമെടുപ്പ് തകൃതിയായി.
ട്രംപ് രണ്ട് റഷ്യൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ജാപ്പനീസ് നിക്കേയ് ഉൾപ്പെടെ വിദേശ ഓഹരി സൂചികകൾ നേരിട്ട
തളർച്ചയും ഇന്ത്യൻ ഓഹരി വിപണികളെയും ഉലച്ചു. മോദി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകളും തിരിച്ചടിയായി.
മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയാണ് മങ്ങിയത്.
നേട്ടത്തിലും നഷ്ടത്തിലും ഇവർ
ഇൻഫോസിസിന്റെ 18,000 കോടി രൂപയുടെ ഓഹരി ബൈബാക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രമോട്ടർമാരായ സുധ മൂർത്തി, നാരായണ മൂർത്തി, നന്ദൻ നിലേക്കനി തുടങ്ങിയവർ വിട്ടുനിൽക്കുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇൻഫോസിസ് ഓഹരികൾ 4.3% ഉയർന്നു.
എച്ച്-1ബി വീസയ്ക്കുമേൽ പുതുതായി ഏർപ്പെടുത്തിയ ഒരുലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് നിലവിൽ വീസ കൈവശമുള്ളവർക്ക് ബാധകമല്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയതും ഐടി ഓഹരികൾക്ക് ഗുണമായി. വിശാല വിപണിയിൽ രണ്ടര ശതമാനത്തിലധികം ഉയർന്ന് നേട്ടത്തിൽ മുന്നിൽ നിഫ്റ്റി ഐടി സൂചികയാണ്.
എച്ച്സിഎൽ ടെക് 3%, ടിസിഎസ് 2.43%, ആക്സിസ് ബാങ്ക് 2.22%, കൊട്ടക് ബാങ്ക് 1.81%, ടാറ്റ മോട്ടോഴ്സ് 1.62% എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് ഓഹരികൾ.
സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണൽ 2.94% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതാണ്. ഐസിഐസിഐ ബാങ്ക് 1.30%, ഭാരതി എയർടെൽ 1.28% എന്നിങ്ങനെ താഴ്ന്ന് തൊട്ടടുത്തുണ്ട്.
ട്രംപ് റഷ്യൻ എണ്ണയ്ക്കുമേൽ കടുംപിടിത്തം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ചുവടുമാറ്റി ഗൾഫ് എണ്ണ വാങ്ങാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 0.68% താഴ്ന്നു. സെപ്റ്റംബർ പാദത്തിൽ സംയോജിത ലാഭത്തിൽ 4%, പ്രവർത്തന വരുമാനത്തിൽ 2% എന്നിങ്ങനെ വർധന കുറിച്ച ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്യുഎൽ) ഓഹരി ഇന്ന് 2% വരെ കയറിയെങ്കിലും പിന്നീട് നേട്ടം 0.38 ശതമാനത്തിലേക്ക് കുറഞ്ഞു.
എണ്ണ ഓഹരികൾ വീണു
ക്രൂഡ് ഓയിൽ വില വർധിച്ചത് എണ്ണക്കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയായി.
ഭാരത് പെട്രോളിയം (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ, എച്ച്പിസിഎൽ, മാംഗ്ലൂർ റിഫൈനറി എന്നിവയുടെ ഓഹരികൾ 3% വരെയാണ് താഴ്ന്നത്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്കുമേലാണ് ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചത്.
തുടർന്ന്, ക്രൂഡ് ഓയിൽ വില 5% വരെ ഉയരുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

