താമരശ്ശേരി∙ അമ്പായത്തോട് ഇറച്ചിപ്പാറ ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരം അക്രമത്തിലേക്കു നീങ്ങിയത് ആരുടെ വീഴ്ച? കക്ഷിരാഷ്ട്രീയ നേതാക്കൾ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ വീഴ്ചകളിലേക്കാണു സംഭവം വിരൽ ചൂണ്ടുന്നത്.ഫ്രഷ് കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ച വിഷയം 5 വർഷമായി വിവിധ ഓഫിസുകളിലും മന്ത്രിമന്ദിരങ്ങളിലും ഹൈക്കോടതിയിൽ വരെ എത്തിയതാണ് . നാട്ടുകാരാകട്ടെ, നിരന്തര സമരത്തിലും.
വിഷയം ഉന്നയിക്കാൻ നാട്ടുകാർ വൈകിയിട്ടില്ലെന്നു വ്യക്തം. പ്ലാന്റ് അടച്ചുപൂട്ടുകയല്ല, മലിനീകരണം ഇല്ലാതാക്കുകയാണു തങ്ങളുടെ ആവശ്യമെന്നും അവർ പറയുന്നു. പക്ഷേ, മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ കർക്കശമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരും അവരെ അതിനു പ്രേരിപ്പിക്കുന്നതിൽ ജനപ്രതിനിധികളും പരാജയപ്പെട്ടു.
അനുവദനീയമായതിന്റെ പല മടങ്ങാണു പ്ലാന്റിൽ സംസ്കരിക്കുന്നതെന്നും ഇതൊന്നും മാനദണ്ഡ പ്രകാരമല്ലെന്നുമാണു സംയുക്ത ജനകീയ സമരസമിതിയുടെയും നാട്ടുകാരുടെയും പ്രധാന ആക്ഷേപം. 30 ടൺ ആണ് പ്ലാന്റിന്റെ പ്രതിദിന സംസ്കരണ ശേഷി.
ഇത്രയും മാലിന്യം ലഭിക്കുന്നില്ലെന്നും സമാന രീതിയിൽ കോഴിമാലിന്യ സംസ്കരണത്തിനു മറ്റൊരു കമ്പനിക്ക് ജില്ലയിൽ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടും ഫ്രഷ് കട്ട് തന്നെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഹൈക്കോടതിയിൽ കോഴിക്കോട് കലക്ടർ നൽകിയ സത്യവാങ്മൂലത്തിൽ, 2019ലെ കണക്കു പ്രകാരം ജില്ലയിൽ പ്രതിദിനം 90 ടൺ കോഴിയറവു മാലിന്യമുണ്ടാകുന്നുവെന്നു പറയുന്നുണ്ട്.
6 വർഷം കൊണ്ട് ഇത് വർധിക്കാനേ സാധ്യതയുള്ളു.
കോഴിക്കോട് കോർപറേഷൻ പരിധിയിൽ നിന്നു മാത്രം പ്രതിദിനം 12 ടൺ കോഴിയറവു മാലിന്യമുണ്ടാകുന്നുവെന്നു കോർപറേഷൻ നൽകിയ വിവരാവകാശ രേഖയിലുമുണ്ട്. അതായത്, 30 ടണ്ണിൽ താഴെയാണു ജില്ലയിൽ നിന്നുള്ള പ്രതിദിന കോഴിയറവു മാലിന്യമെന്ന വാദം തെറ്റാകാനാണു സാധ്യത.
പക്ഷേ, ഇതാരും പരിശോധിക്കുകയോ പരിഹാര നടപടിയെടുക്കുകയോ ചെയ്തില്ല. ജില്ലയ്ക്കു പുറത്തു നിന്നുള്ള കോഴിയറവു മാലിന്യം കൂടി ഇവിടെയെത്തിച്ചു സംസ്കരിക്കുന്നുവെന്ന നാട്ടുകാരുടെ ആരോപണം ഇതിനൊപ്പം കൂട്ടിവായിക്കണം. കോഴിക്കോട് ജില്ലയിലെ ഏക കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റാണിത്. തൊട്ടടുത്ത മലപ്പുറത്ത് പതിനഞ്ചും കണ്ണൂരിൽ രണ്ടും സമാന പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
അവിടെയൊന്നും കാര്യമായ പ്രതിഷേധമില്ല താനും.
എന്തുകൊണ്ട്, ഒന്നിലധികം പ്ലാന്റുകൾ കോഴിക്കോട്ട് അനുവദിക്കുന്നില്ല? അതിനാരും മുൻകയ്യെടുക്കുന്നില്ലേ? കോടതിയും കേസും വാദവുമൊക്കെയായി നാളുകൾ കഴിയുമ്പോൾ, ഒരു ഗ്രാമത്തിന്റെ പരാതിയാണു പരിഹരിക്കപ്പെടാതെ പോകുന്നത്. താലൂക്ക് അടിസ്ഥാനത്തിലെങ്കിലും കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റുകൾ തുടങ്ങിയാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു. മാലിന്യ സംഭരണത്തിനു ഫീസും ഉൽപന്നത്തിനു വിലയും ലഭിക്കുന്ന ഇരട്ടി ലാഭമുള്ള മേഖലയെന്നതിനാൽ സംരംഭകർ തയാറാണു താനും. കോഴിക്കോട് നഗരത്തിൽ നിന്ന് അമ്പായത്തോടു വരെ മാലിന്യവുമായി വാഹനം ഓടേണ്ട
കാര്യമുണ്ടോയെന്നു ചിന്തിക്കണം. കോഴിക്കടകളിലും മാലിന്യം നീക്കുന്ന വാഹനങ്ങളിലും കോഴിയറവു മാലിന്യം ഫ്രീസറിൽ സൂക്ഷിക്കണമെന്നാണു നിയമം. ഇതു പാലിക്കുന്നുണ്ടോയെന്നു കാര്യമായ പരിശോധന നടക്കാറില്ല. ദിവസവും ഒട്ടേറെ വാഹനങ്ങൾ കോഴിമാലിന്യവുമായി എത്തുമ്പോൾ, ഫ്രീസറില്ലെങ്കിൽ പരിസരത്തു ദുർഗന്ധം പടരുമെന്നുറപ്പാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

