വിഴിഞ്ഞം∙ ബവ്കോ ഔട്ലെറ്റുകൾ വഴി തിരികെ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളെത്തുന്നത് വിഴിഞ്ഞത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ. ഇവ വീണ്ടും പല തരത്തിലുള്ള കുപ്പികളായി പുനർജനിക്കും. റിസോഴ്സ് റിക്കവറി ഫെസിലിറ്റി(ആർആർഎഫ്) കേന്ദ്രമെന്നറിയുന്ന ഇവിടെയാണ് ജില്ലയിലെ പൈലറ്റ് പദ്ധതി.
ബവ്കോയുടെ ജില്ലയിലെ 10 ഔട്ലെറ്റുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ എത്തിച്ചു മെഷീൻ സഹായത്തോടെ കട്ടകളാക്കി കരാർ എടുത്തിട്ടുള്ള അംഗീകൃത സ്വകാര്യ കമ്പനികൾക്കു കൈമാറും.
ഇവ വീണ്ടും വിവിധ രൂപങ്ങളിലുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളായി വിപണിയിലെത്തും.
കട്ടകളാക്കുമ്പോൾ ഗുണമേന്മ കുറയുമെന്നതിനാൽ പുനർനിർമാണത്തിനു കൂടുതൽ പ്ലാസ്റ്റിക് തരികൾ ചേർക്കും. വിഴിഞ്ഞത്ത് 2 വർഷം മുൻപേ ആവിഷ്കരിച്ച ആർആർഎഫ് പദ്ധതി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് കുപ്പികൾ മാത്രം സംസ്കരിച്ചുള്ള പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ എല്ലാത്തരം പ്ലാസ്റ്റിക്കുകളും ഇവിടെ സംഭരിച്ചു ശുചീകരിച്ചു തരംതിരിച്ചു കെട്ടുകളും പൊടിരൂപത്തിലുമാക്കി പുനരുപയോഗത്തിനായി കയറ്റി അയയ്ക്കുന്നതായിരുന്നു പദ്ധതി ലക്ഷ്യം.
ബവ്കോ ഔട്ലെറ്റുകളിൽ പണം നൽകി പ്ലാസ്റ്റിക് കുപ്പികൾ തിരികെയെടുക്കാൻ തീരുമാനിച്ചതോടെയാണ് കണ്ണൂരിനൊപ്പം ഇവിടെയും പൈലറ്റ് പദ്ധതിയായി തുടങ്ങിയതെന്നു നടത്തിപ്പു ചുമതലയുള്ള ക്ലീൻ കേരള കമ്പനി അധികൃതർ പറഞ്ഞു. ഇതര പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടങ്ങിയിട്ടില്ല.
മദ്യക്കുപ്പികൾ കൂടാതെ ഔട്ലെറ്റുകളിൽ ശേഖരിക്കുന്ന ശുദ്ധജല കുപ്പികളും സമാന രീതിയിൽ ഇവിടെ എത്തിച്ചു സംസ്കരിക്കുന്നുണ്ട്. ഇതുവരെ കട്ടകളാക്കിയ 12 ടൺ ലോഡ് കയറ്റി അയച്ചതായി അധികൃതർ പറഞ്ഞു.
വിഴിഞ്ഞം ബീച്ച് റോഡിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനു സമീപമാണ് ആർആർഎഫ് കേന്ദ്രം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

