ആലപ്പുഴ ∙ രാജ്യത്തെത്തന്നെ ഏറ്റവും വലിയ സ്വകാര്യ മ്യൂസിയങ്ങളിലൊന്നായ രവി കരുണാകരൻ മ്യൂസിയം സന്ദർശിച്ച ശ്രീലങ്ക മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ പറഞ്ഞു: ‘‘ഈ മ്യൂസിയം ബെറ്റിയുടെ താജ്മഹലാണ്’’. അന്തരിച്ച ബെറ്റി കരൺ (സുഭദ്ര രവി കരുണാകരൻ) പ്രിയപ്പെട്ട
ഭർത്താവ്, പ്രമുഖ കയർ വ്യവസായി രവി കരുണാകരന്റെ ഓർമയ്ക്കായി ആലപ്പുഴ നഗരഹൃദയത്തിൽ ഒരുക്കിയ സ്നേഹസ്മാരകമാണ് ഈ മ്യൂസിയം. കാവ്യരൂപമാർന്ന ശിൽപങ്ങൾ കൊണ്ടുള്ള ഈ പ്രണയസ്മാരകം ആലപ്പുഴയിലേക്കു ലോകത്തെ ആകർഷിക്കുന്ന വിസ്മയക്കാഴ്ചകളിലൊന്നായി മാറി.
ഭർത്താവിന്റെ ഓർമകളിലേക്കു കലാസൃഷ്ടികൾ കൊണ്ടു കെട്ടിയ പാലമായിരുന്നു ബെറ്റിക്ക് ഈ മ്യൂസിയം.
മൂന്നു തലമുറകൾ സമ്പാദിച്ച നിധിതുല്യമായ കരകൗശല പുരാശേഖരമാണ് ബെറ്റി ഈ മ്യൂസിയത്തിൽ കാഴ്ചക്കാർക്കായി ഒരുക്കി വച്ചത്. ഇന്ത്യയിൽ തന്നെ വിദേശിയല്ലാത്ത ആദ്യ കയർ കയറ്റുമതിക്കാരനായിരുന്നു രവി കരുണാകരന്റെ മുത്തച്ഛൻ ആണ്ടിയറ കൃഷ്ണൻ മുതലാളി.
കച്ചവടവുമായി ബന്ധപ്പെട്ടു നടത്തിയ വിദേശയാത്രകളിൽ തന്റെ മനംകവർന്ന കലാവസ്തുക്കൾ അദ്ദേഹം ശേഖരിച്ചു നാട്ടിലെത്തിച്ചു.
കച്ചവടത്തോടൊപ്പം കലാസ്നേഹവും തലമുറകളിലേക്കു പകർന്നു. മകൻ കെ.സി.കരുണാകരനും ഭാര്യ ജർമൻ സ്വദേശി മാർഗരറ്റും സ്വകാര്യ ശേഖരങ്ങളിലേക്ക് ഒട്ടേറെ വസ്തുക്കൾ കൂട്ടിച്ചേർത്തു.
കെ.സി.കരുണാകരന്റെ മകൻ രവി കരുണാകരനും ഭാര്യ ബെറ്റിയും കലാശേഖരങ്ങളോടും പുരാവസ്തുക്കളോടുമുള്ള പ്രണയം ഹൃദയത്തിൽ കാത്തുവച്ചു. യാത്രകളിൽ മികച്ച കലാസൃഷ്ടികൾ വാങ്ങിക്കൂട്ടി.
അങ്ങനെ മൂന്നു തലമുറകൾ ചേർന്നു അമൂല്യമായൊരു കലാശേഖരം സ്വന്തമാക്കി.
കയർ വ്യവസായത്തിൽ കേരളത്തിന്റെ നട്ടെല്ലായിരുന്ന രവി കരുണാകരൻ 2003–ലാണ് അന്തരിച്ചത്. പെട്ടെന്നുണ്ടായ ആ മരണത്തിന്റെ ആഘാതത്തിൽ നിന്നു കരകയറും മുൻപേ, വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ കടിഞ്ഞാൺ ബെറ്റിക്ക് ഏറ്റെടുക്കേണ്ടി വന്നു.
ഭർത്താവും താനും ചേർന്നു സ്വന്തമാക്കിയ കലാശേഖരം തനിച്ചുള്ള ആ യാത്രയിൽ ബെറ്റിക്കു സാന്ത്വനമായി. പ്രിയതമനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ഒരു മ്യൂസിയം നിർമിക്കാൻ ബെറ്റി തീരുമാനിച്ചു.
റോമൻ വാസ്തു മാതൃകയും ഗ്രീക്ക് മിത്തോളജിയും ചേർന്നുനിൽക്കുന്ന കെട്ടിടമൊരുക്കി.
2006ൽ, രവി കരുണാകരന്റെ 75–ാം ജന്മവാർഷിക ദിനത്തിൽ വസതിയായ ശാന്തിഭവനോടു ചേർന്നു മ്യൂസിയം തുറന്നു. ഏക സഹോദരി സുമിത്ര വേണുഗോപാലും കുടുംബവും പ്രതിസന്ധികളിൽ ബെറ്റിക്കു തണലായി ഒപ്പം നിന്നു.
പ്രണയസ്മാരകത്തിലെ വിസ്മയക്കാഴ്ച
ആനക്കൊമ്പിൽ നിർമിച്ച ശിൽപങ്ങൾ, സ്വരോവ്സ്കി ക്രിസ്റ്റൽ, ലാഡ്രോ പോഴ്സലൈൻ, മൈസൺ പോഴ്സലൈൻ തുടങ്ങിയവയുടെ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ശേഖരങ്ങളിലൊന്നാണ് ഈ മ്യൂസിയം.
നിയമപ്രകാരം റജിസ്റ്റർ ചെയ്ത ദന്തശിൽപ ശേഖരം ശ്രദ്ധേയം. 1948ൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ‘ബ്യൂക്ക് സൂപ്പർ’ കാർ, 24 കാരറ്റ് സ്വർണം പൂശിയ ടീ സെറ്റ്, ചൈനീസ് ഡ്രസിങ് ടേബിൾ, നൂറ്റാണ്ടു പഴക്കമുള്ള മെയ്സൻ ശിൽപങ്ങൾ, പാപുവ ന്യൂഗിനിയിലെ പരമ്പരാഗത പ്രതിമ, സാർ കുടുംബത്തിന്റെ പോഴ്സലൈൻ ചിത്രം, ആനക്കൊമ്പിൽ തീർത്ത ദശാവതാരം എന്നിങ്ങനെ പട്ടിക നീളുന്നു.
ഒപ്പം 200 ചതുരശ്രയടി വിസ്തീർണത്തിൽ ചുവർചിത്രമായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമുണ്ട്. ബെബിളിലെ ധൂർത്തപുത്രന്റെ കഥ ആസ്പദമാക്കി ലോക പ്രശസ്ത ഇസ്രയേൽ ശിൽപി സാം ഫിലിപ് നിർമിച്ച ദ് പ്രോഡിഗൽ സൺ എന്ന ശിൽപവും ഇവിടെയുണ്ട്.
ബെറ്റി കരണിന്റെ സുഹൃത്തായ സാം ഫിലിപ്പിന്റെ മറ്റു സൃഷ്ടികളും മ്യൂസിയത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിർമിച്ച ലിമിറ്റഡ് എഡിഷൻ ബ്ലൂ ഡാന്റെ വേസ്, വിവാഹം കഴിഞ്ഞു ഭർത്താവ് ബെറ്റിക്കു നൽകിയ സമ്മാനങ്ങളിലൊന്നാണ്.
കലാശേഖരങ്ങളിൽ ഏറിയ പങ്കും ഭർത്താവുമൊന്നിച്ചു നടത്തിയ വിദേശയാത്രയ്ക്കിടെ വാങ്ങിക്കൂട്ടിയവ. അവ ചേർത്തുവച്ചാൽ സുന്ദരമായൊരു പ്രണയയാത്രയുടെ ഓർമകൾ ഇതൾ വിടരും.
ആ ഓർമകളുടെ തണലിലിരിക്കാൻ ബെറ്റി ഇനിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

