ഇരിട്ടി ∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി അപകടഭീഷണിയിലായതിനെത്തുടർന്നു ഇരിട്ടി പഴയ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കുകയും പുതിയ പാലം ജംക്ഷനിൽ കണ്ണടച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കാൻ തയാറാകാത്തതും മൂലം ഇരിട്ടി നഗരം ഗതാഗതക്കുരുക്കിൽ. മിക്ക സമയത്തും ഇരിട്ടിയിൽ വാഹനങ്ങളുടെ നീണ്ട
നിരയാണ്. തളിപ്പറമ്പ്, ഉളിക്കൽ മേഖലയിലേക്കുള്ള ആയിരക്കണക്കിനു വാഹനങ്ങൾ പഴയ പാലം വഴി കടന്നുപോയതിനാൽ 2 പാലങ്ങളിലും നഗരത്തിലും ഗതാഗതത്തിരക്കും ഉണ്ടായിരുന്നില്ല.
ഒരു വർഷം മുൻപ് പുതിയ പാലം ജംക്ഷനിലെ ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ ലൈറ്റ് സിസ്റ്റം കണ്ണടച്ചെങ്കിലും ഗതാഗതത്തിരക്ക് ഇല്ലാത്തതിനാൽ പ്രതിസന്ധി ഉണ്ടാക്കിയിരുന്നില്ല. പഴയ പാലം അടച്ചതോടെ പുതിയ പാലം വഴി വാഹനങ്ങൾ എല്ലാം കടന്നുപോകാൻ തുടങ്ങിയതോടെ അങ്ങോട്ടും ഇങ്ങോട്ടും ഇടതടവില്ലാതെ വാഹനങ്ങളുടെ നിരയാണു കടന്നുപോകുന്നത്. പായം ഭാഗത്തെ 2 റോഡുകളും പാലം ഭാഗവും ചേരുന്ന കവലയിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന ട്രാഫിക് സിഗ്നൽ സിസ്റ്റം കൂടി ഇല്ലാത്ത സാഹചര്യത്തിൽ കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ വാഹനങ്ങൾ ഇടിച്ചുകയറുകയാണ്.
ഗതാഗതക്കുരുക്ക് വർധിക്കാനും ഈ നീക്കം കാരണമാകുന്നുണ്ട്.
പാലം ജംക്ഷനിൽ പൊലീസിനെ നിയോഗിക്കാത്തതിനാൽ ഗതാഗതം നിയന്ത്രിക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. സ്കൂൾ വാഹനങ്ങൾ ഏറെ കടന്നുപോകുന്ന രാവിലെയും വൈകിട്ടുമാണു ഗതാഗതക്കുരുക്ക് രൂക്ഷം. വിദ്യാർഥികൾക്ക് സമയത്ത് സ്കൂളിൽ എത്താനും പ്രയാസം നേരിടുന്നുണ്ട്. പഴയ പാലം തകരാർ വേഗത്തിൽ പരിഹരിക്കാൻ നടപടി വേണമെന്നും അതുവരെ ഗതാഗത നിയന്ത്രണത്തിനു പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നുമാണു നഗരവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

