ശബരിമല∙ 52 വർഷത്തിനു ശേഷം അയ്യപ്പദർശനത്തിനായി ഒരു രാഷ്ട്രപതി എത്തിയപ്പോൾ ഉണ്ടായ കൗതുകങ്ങൾ ശബരിമല ഭക്തർ എക്കാലവും ഓർമിക്കും. സഹായത്തിനു പൊലീസുകാർ ഇല്ലാതെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പടി കയറ്റം, ആചാരപരമായി പൂർണകുംഭം നൽകിയുള്ള സ്വീകരണം എന്നിവയൊന്നും ഭക്തർക്കു മറക്കാനാവില്ല.
ശരണവഴിയിലൂടെയുള്ള രാഷ്ട്രപതിയുടെ യാത്ര ഇങ്ങനെ: രാവിലെ 8.40
∙പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ 2 ഹെലികോപ്റ്ററുകളിലായി രാഷ്ട്രപതിയും സംഘവും ഇറങ്ങി.
മന്ത്രി വി.എൻ.വാസൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ പ്രമോദ് നാരായൺ,കെ.യു.ജനീഷ് കുമാർ എന്നിവർ ചേർന്നു സ്വീകരിച്ചു. 8.45 ∙പമ്പയിലേക്കു റോഡ് മാർഗം പുറപ്പെട്ടു.
സുരക്ഷ ഒരുക്കി അകമ്പടിയായി 37 വാഹനങ്ങൾ. മല്ലശേരിമുക്ക്, കുമ്പഴ, മൈലപ്ര, മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക, വടശേരിക്കര, ളാഹ, പ്ലാപ്പള്ളി, നിലയ്ക്കൽ, അട്ടത്തോട്, ചാലക്കയം വഴി പമ്പയിൽ എത്തി.സുരക്ഷയ്ക്കായി വനമേഖലയിൽ എല്ലാ വളവിലും പൊലീസും വനപാലകരും അതീവജാഗ്രതയിൽ കാത്തുനിന്നു.
9.52
∙രാഷ്ട്രപതിയും സംഘവും നിലയ്ക്കൽ ഗോപുരം വഴി പമ്പയിലേക്കു കടന്നു പോയി. 10.30
∙ പമ്പ ത്രിവേണിയിൽ എത്തി.
വാഹനം നിർത്തി രാഷ്ട്രപതിയും സംഘവും ഇറങ്ങി. ജലസേചന വകുപ്പ് താൽക്കാലികമായി ഒരുക്കിയ സ്നാനഘട്ടത്തിൽ ഇറങ്ങി കാൽകഴുകി ശുദ്ധി വരുത്തി.
പ്രത്യേകമായി എത്തിച്ച കാരവനിൽ കയറി കറുത്ത സാരി ഉടുത്തു തീർഥാടക വേഷത്തിലായി. വീണ്ടും വാഹനത്തിൽ കയറി ഗണപതിക്കോവിലിലേക്ക്.
11.00
കെട്ടുനിറയ്ക്കാനായി പമ്പാ ഗണപതിക്കോവിലിൽ എത്തി.
കെട്ടുനിറ മണ്ഡപത്തിൽ സാധാരണ ഭക്തരെ പോലെ നിലത്തിരുന്നു. പമ്പ മേൽശാന്തിമാരായ ടി.എസ്.വിഷ്ണു നമ്പൂതിരിയും പി.ശങ്കരൻ നമ്പൂതിരിയുമായിരുന്നു കെട്ട് നിറയ്ക്കാനുള്ള കർമികൾ.
ഇരുമുടിയിലേക്കുള്ള അയ്യപ്പമുദ്രയിൽ നെയ്യ് പകർന്നു. 10 മിനിറ്റിനുള്ളിൽ കെട്ടുനിറ പൂർത്തിയാക്കി.
പിന്നെ ഗണപതിക്കോവിലിലെ എല്ലാ ഉപദേവനടയിലും ദർശനം നടത്തി. നേരെ വാഹനത്തിന് അരികിലേക്ക്.
11.13 ∙ പമ്പയിൽനിന്നു സന്നിധാനത്തേക്കുള്ള യാത്ര ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനത്തിൽ. 6 വാഹനങ്ങളുടെ അകമ്പടിയുണ്ട്.
11.45 ∙സന്നിധാനത്തിൽ എത്തി. നേരെ പതിനെട്ടാംപടി കയറി അയ്യപ്പദർശനത്തിനായി നീങ്ങുന്നു.
പടി കയറാൻ 2 മിനിറ്റ് എടുത്തു. കൊടിമരച്ചുവട്ടിൽ എത്തിയപ്പോൾ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു.
ബലിക്കൽപുര വാതിലിലൂടെ നേരെ തിരുനടയിലേക്ക്. സോപാനത്തിൽ നിന്നാണു ദർശനം.
തൊഴുത് പ്രാർഥിച്ച ശേഷം ഇരുമുടിക്കെട്ട് സോപാനപടിയിൽ അയ്യപ്പസ്വാമിക്ക് സമർപ്പിച്ചു. പിന്നെ ഉപദേവനടകളിൽ തൊഴുത് മാളികപ്പുറത്തേക്ക്.
മാളികപ്പുറത്തമ്മയെയും ഉപദേവന്മാരെയും തൊഴുത് വാവരു നടയിലേക്ക്. അവിടെ പ്രാർഥിച്ച് വീണ്ടും പതിനെട്ടാംപടിക്കലേക്ക്.
അവിടെ ഓർമയ്ക്കായി പതിനെട്ടാംപടിക്കൽ തൊഴുത് നിൽക്കുന്ന ഫോട്ടോ എടുത്തു. ദേവസ്വം ബോർഡിന്റെ ഉപഹാരം ഏറ്റുവാങ്ങി നേരെ വാഹനത്തിലേക്ക്.
സന്നിധാനത്ത് ആകെ ചെലവിട്ടത് 30 മിനിറ്റ് മാത്രം.
12.15
∙ഭക്ഷണവും വിശ്രമവും ഒഴിവാക്കി പ്രത്യേക വാഹനത്തിൽ പമ്പയിലേക്കു തിരിച്ചു. 12.45
∙ പമ്പ ത്രിവേണിയിലെ മരാമത്ത് ഓഫിസ് കോംപ്ലക്സിലെ വിഐപി മുറിയിൽ ഭക്ഷണവും വിശ്രമവും.
ഇതിനിടെ പമ്പ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം മരം റോഡിലേക്കു വീണ വാർത്ത പരന്നതോടെ പുറപ്പെടുന്നതിനുള്ള സിഗ്നൽ അൽപം നീട്ടി. 2.20 ∙ മടക്കയാത്രയ്ക്കായി വാഹനത്തിൽ കയറി.
37 വാഹനങ്ങളുടെ അകമ്പടിയിൽ നിലയ്ക്കൽ, പ്ലാപ്പള്ളി, ളാഹ, പെരുനാട്, വടശേരിക്കര, മണ്ണാറക്കുളഞ്ഞി, മൈലപ്ര, കുമ്പഴ വഴി പ്രമാടത്തേക്ക്. മഴ ആയതിനാൽ എല്ലാ വാഹനങ്ങളും വേഗം കുറച്ചാണു കടന്നുപോയത്.
4.15 ∙ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽനിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക്. മന്ത്രി വാസവന്റെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

