മുംബൈ ∙ തകർന്ന ഫോട്ടോ ഫ്രെയിമിൽ മരിച്ചവരുടെ പുഞ്ചിരിക്കുന്ന കുടുംബചിത്രം, കത്തിയമർന്ന മുറികൾ, പാതി കരിഞ്ഞ സോഫകൾ, കരിപിടിച്ച അലങ്കാരവസ്തുക്കളും പുസ്തകങ്ങളും, പൊട്ടിപ്പൊളിഞ്ഞ കളിപ്പാട്ടങ്ങൾ, വീട്ടുകാരെ അഗ്നി വിഴുങ്ങിയതറിയാതെ കാത്തിരിക്കുന്ന ഊഞ്ഞാൽ, പാതി കത്തിയതും ചാരമായതുമായ കുഞ്ഞുടുപ്പുകളും മറ്റു വസ്ത്രങ്ങളും, ചിതറിക്കിടക്കുന്ന പാത്രങ്ങൾ, കത്തിക്കരിഞ്ഞ സൈക്കിളുകൾ…
അർധരാത്രിയിൽ വാശിയിലെ രഹേജ റസിഡൻസിയിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച ഫ്ലാറ്റുകളിലെ കാഴ്ചകൾ കണ്ടാൽ ഉള്ളുലഞ്ഞുപോകും. മലയാളി യുവതിയും ഭർത്താവും മകളും ഉൾപ്പെടെ 4 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്.
ആളുകളെ രക്ഷപ്പെടുത്താനായി ചില മുറികളുടെ ചുമരുകൾ പൂർണമായും ഇടിച്ചുപൊളിച്ചിട്ടുണ്ട്. തീ കെടുത്താനായി ഒഴിച്ച വെള്ളം പല മുറികളിലും തളംകെട്ടിനിൽക്കുന്നു.
വാശി റെയിൽവേ സ്റ്റേഷനിൽനിന്ന് 3 കിലോമീറ്റർ അകലെ സെക്ടർ 14ലാണു രഹേജ. പത്താം നിലയിൽനിന്നാണ് 11,12 നിലകളിലേക്കു തീ പടർന്നത്.
രാത്രി കാറ്റ് കൂടുതലായതിനാൽ വേഗത്തിൽ തീ പടർന്നുപിടിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
പാർപ്പിട സമുച്ചയത്തിലെ 12–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവതിയും ഭർത്താവും കുഞ്ഞും ഉൾപ്പെടെ നാലു പേരാണ് മരിച്ചത്.
തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ–വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ ബാലകൃഷ്ണൻ (42) മകൾ വേദിക (6) എന്നിവരും തൊട്ടടുത്ത ഫ്ലാറ്റിലെ കമല ജെയിനുമാണ് (84) മരിച്ചത്. ഗുജറാത്ത് സ്വദേശിയായ കമല കിടപ്പുരോഗിയാണ്.
നവിമുംബൈയിലെ വാശിയിൽ റഹേജ അപ്പാർട്മെന്റ് ബി വിങിലെ പത്താം നിലയിൽ നിന്ന് 11, 12 നിലകളിലേക്ക് ചൊവ്വാഴ്ച പുലർച്ചെ തീ ആളിപ്പടരുകയായിരുന്നു.
10 പേർക്ക് പരുക്കേറ്റു. 12–ാം നിലയിലാണു മലയാളി കുടുംബം താമസിച്ചിരുന്നത്.
സ്വകാര്യ സ്ഥാപനത്തിൽ ലീഗൽ ഡയറക്ടറായിരുന്നു പൂജ. ഭർത്താവ് സുന്ദർ സപ്ലൈ ചെയിൻ ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു.
പൂജയുടെ അച്ഛനും അമ്മയും മുംബൈയിൽ തന്നെ മറ്റൊരു ഫ്ലാറ്റിലാണു താമസിക്കുന്നത്. സഹോദരൻ ജീവനും മുംബൈയിലാണ്.
താമസക്കാരെ ഒഴിപ്പിച്ചു
ഒട്ടേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന വാശിയിലെ ആഡംബര താമസസമുച്ചയങ്ങളിലൊന്നാണു രഹേജ റസിഡൻസി.
എ, ബി വിങ്ങുകളിൽ 12 നിലകളിലായാണു കെട്ടിടം. രണ്ട് 2 ബിഎച്ച്കെ ഫ്ലാറ്റുകളും ഒരു 3 ബിഎച്ച്കെ ഫ്ലാറ്റും അടക്കം 3 ഫ്ലാറ്റുകളാണ് ഒരു നിലയിൽ.
ബി വിങ്ങിലെ 10, 11, 12 നിലകളിലാണ് ഇന്നലെ തീ പടർന്ന് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലൂടെ എ വിങ്ങിലെത്തി ലിഫ്റ്റ് വഴി ഇറങ്ങിയും മറ്റുമാണ് ആളുകൾ രക്ഷപ്പെട്ടത്.
വൈദ്യുതി, വെള്ളം, ലിഫ്റ്റ് സൗകര്യം എന്നിവയെല്ലാം തടസ്സപ്പെട്ടതിനാൽ അപകടമുണ്ടായ ബി വിങ്ങിലെ മുഴുവൻ താമസക്കാരെയും ഇന്നലെ ഒഴിപ്പിച്ചു. സുഹൃത്തുക്കളുടെയും മറ്റും വീടുകളിലേക്കാണ് അത്യാവശ്യ സാധനങ്ങളുമെടുത്തു താൽക്കാലികമായി മാറിയത്.
മകളെ രക്ഷിക്കാൻ ശ്രമിച്ചു, അവസാന നിമിഷവും
‘ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10.30 വരെ സഹോദരിയും ഭർത്താവും കുഞ്ഞും ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു.
അതിനുശേഷമാണ് അവർ തിരിച്ചുപോയത്. ഇവിടെനിന്ന് ഒരു കിലോമീറ്ററിൽ താഴെയാണ് അവരുടെ ഫ്ലാറ്റിലേക്കുള്ള ദൂരം.
ചൊവ്വാഴ്ച പുലർച്ചെ 1.55നാണ് അപകടവിവരം അറിഞ്ഞത്. ഉടൻ അവിടെയെത്തി.
എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും മുകളിൽ ആരുമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സഹോദരിയെയോ അളിയനെയോ അവിടെ കണ്ടില്ല.
തുടർന്ന് ഏറ്റവും മുകളിലത്തെ നിലയിലുള്ള ഫ്ലാറ്റിനു മുന്നിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുകളിലേക്കു വന്നു.
എന്നാൽ, അവരുടെ പക്കൽ വാതിലുകൾ തുറക്കാനുള്ള ഉപകരണം ഇല്ലായിരുന്നു. സമയം പോകുന്നതിനിടെ, പുറത്ത് സാധാരണവയ്ക്കാറുള്ള താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നെങ്കിലും വലിയ പുകയും തീയും കാരണം അകത്തേക്കു കയറാനായില്ല.
അഗ്നിരക്ഷാ സേനാംഗങ്ങളുടെ പക്കൽ മാസ്ക് ഉണ്ടായിരുന്നില്ല. പിന്നീട് അവ എത്തിച്ചതിനു ശേഷമാണ് അകത്തേക്കു പ്രവേശിച്ചത്.
മകൾക്കു പൊള്ളലേൽക്കാതിരിക്കാൻ കുഞ്ഞിനെ പൊതിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും’– ജീവൻ രാജൻ (പൂജയുടെ സഹോദരൻ)
ബോധവൽക്കരണം അനിവാര്യം
‘തൊട്ടടുത്ത ഫ്ലാറ്റിലെ ഒരു കുഞ്ഞ് ഉൾപ്പെടെ 4 പേർ തീപിടിത്തത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് ഞങ്ങൾ. അപകടമുണ്ടായപ്പോൾ അയൽവാസികളായ പ്രായമായ സ്ത്രീകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം വീടിന്റെ താക്കോലെടുക്കാൻ വരെ ഞാൻ മറന്നു.
ഇത്തരം അവസ്ഥയിൽ എങ്ങനെയാണു രക്ഷപ്പെടേണ്ടത്, എന്തെല്ലാം വസ്തുക്കളാണു കയ്യിൽ കരുതേണ്ടത് എന്നതിനെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്ന് മനസ്സിലായി. പല വിദേശ രാജ്യങ്ങളിലും അതു കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്.
ഇന്ത്യയിൽ, പ്രത്യേകിച്ച് വലിയ താമസസമുച്ചയങ്ങളിൽ നിർബന്ധമായും പരിശീലനം നൽകണം. മറ്റൊരു സങ്കടകരമായ കാര്യം പറയാതിരിക്കാനാകില്ല.
അപകടവിവരം അറിഞ്ഞ് പുറപ്പെട്ട അഗ്നിരക്ഷാസേനയുടെ വാഹനം ഏറെ ബുദ്ധിമുട്ടിയാണ് ഇവിടേക്ക് എത്തിയത്.
പാർക്കിങ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിട്ടതു കാരണമാണ് അങ്ങനെ സംഭവിച്ചത്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ പ്രശ്നങ്ങളാണു പലപ്പോഴും അപകടങ്ങളെ വലുതാക്കുന്നത്.’ – താമസക്കാരിയായ മലയാളി സ്ത്രീ
തീയണച്ചത് 40 ഉദ്യോഗസ്ഥർ 4 മണിക്കൂർ പരിശ്രമിച്ച്
∙ 40 ഉദ്യോഗസ്ഥർ അഗ്നിരക്ഷാസേനയുടെ 8 വാഹനങ്ങള് ഉപയോഗിച്ച് 4 മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണു രഹേജ റസിഡൻസിയിലെ തീയണച്ചത്.
അപകടവിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാസേനയും ആംബുലൻസും ഇവിടേക്കു പുറപ്പെട്ടെങ്കിലും റോഡിന് ഇരുവശത്തും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തടസ്സമായതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ആംബുലൻസ് എത്താൻ വൈകിയതായും ആരോപണമുണ്ട്.
പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 10 പേരിൽ 7 പേരും വൈകിട്ടോടെ ആശുപത്രി വിട്ടു.
മറ്റ് 3 പേർ ചികിത്സയിൽ തുടരുന്നുണ്ടെങ്കിലും നില തൃപ്തികരമാണ്. ചുമയും ശ്വാസംമുട്ടലും കാരണമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു നവിമുംബൈ ദുരന്തനിവാരണ സമിതി മേധാവി സച്ചിൻ കദം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

