വസായ് ∙ ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് പടക്കം അഞ്ചാം നിലയിലെ മലയാളിയുടെ ഫ്ലാറ്റിനുള്ളിൽ വീണ് പൊട്ടിത്തെറിച്ചു.
വാഷിങ് മെഷീനും വാട്ടർ ടാങ്കും അടക്കമുള്ള വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വസായ് ഈസ്റ്റ് എവർഷൈൻ സിറ്റി ജയ് റസിഡൻസി ബി വിങ്ങിൽ, കോതമംഗലം മണിയങ്കാട്ടുതട
ഷാജൻ ജോണിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് അപകടമുണ്ടായത്. വിരുന്നുകാരുമായി വീട്ടുകാർ ഹാളിൽ സംസാരിച്ചിരിക്കുന്നതിനിടെയാണു സംഭവം.
വീട്ടുകാർ ചേർന്ന് തീയണച്ചു. ആറാം നിലയിലെ ഫ്ലാറ്റിലേക്കു തീ പടർന്നതോടെ അവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തിനശിച്ചു.
60 മണിക്കൂർ; 50 തീപിടിത്തങ്ങൾ
മുംബൈ ∙ ദീപാവലി ആഘോഷങ്ങൾ തുടങ്ങിയ വെള്ളി വൈകിട്ടു മുതൽ തിങ്കൾ രാവിലെ വരെയുള്ള 60 മണിക്കൂറിനിടെ, മുംബൈയിൽ മാത്രം ചുരുങ്ങിയത് 50 തീപിടിത്തങ്ങളുണ്ടായെന്ന് അഗ്നിരക്ഷാസേന റിപ്പോർട്ട് ചെയ്തു.
അവയിൽ കൂടുതലും പടക്കം പൊട്ടിക്കലിനിടെ സംഭവിച്ചവയാണ്. മലാഡ് ഈസ്റ്റിലെ പത്താൻവാഡിയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ തീപിടിത്തമാണ് അതിൽ ഏറ്റവും വലുത്.
മണിക്കൂറുകളെടുത്താണു തീയണച്ചത്. കഫ് പരേഡിലെ മാച്ചിമാർ നഗറിൽ തിങ്കളാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ 16 വയസ്സുകാരൻ മരിക്കുകയും 3 പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ദീപാവലി സീസണിലുണ്ടായ 280 തീപിടിത്തങ്ങളിൽ 140 എണ്ണവും പടക്കം കാരണമായിരുന്നു.
എല്ലാ വർഷവും ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ 90 ശതമാനവും പടക്കം കാരണമാണെന്നു ബിഎംസിയും വ്യക്തമാക്കി. ദീപാവലി സീസണിൽ വീടുകൾ, തിരക്കുള്ള റോഡുകൾ, കെട്ടിടങ്ങളുടെ മുകൾഭാഗം എന്നിവിടങ്ങളിൽവച്ച് പടക്കം പൊട്ടിക്കുന്നത് പതിവാണ്.
ഇന്നലെ വാശിയിലുണ്ടായ വലിയ തീപിടിത്തത്തിന്റെ കാരണം പടക്കമാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
‘പടക്കം പൊട്ടിക്കൽ, വിളക്കു തെളിക്കൽ എന്നിവയുടെ സമയങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഒട്ടേറെ നിർദേശങ്ങൾ സർക്കാരും അഗ്നിരക്ഷാസേനയും നൽകുന്നുണ്ടെങ്കിലും ജനങ്ങൾ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെന്നതാണു യാഥാർഥ്യം.
പലപ്പോഴും ചെറിയ അശ്രദ്ധകളാണു വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത്’– അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

