ആലത്തൂർ∙ ഗായത്രിപ്പുഴയ്ക്കു കുറുകെ തേനാരിപറമ്പിൽ നിന്നു തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്കു നിർമിച്ച തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കകം കൈവരികൾ തകർന്ന സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. പണി ആരംഭിച്ച ഘട്ടം മുതൽ നിർമാണപ്പിഴവുകൾ ഉണ്ടായിരുന്നുവെന്ന് ആരോപണം ഉണ്ട്.
ഉദ്ഘാടനത്തിനു മുൻപേ പാലത്തിന്റെ കൈവരികൾ പലയിടത്തും പൊട്ടിവീണിരുന്നു. ഇക്കാര്യം തുടക്കം മുതലേ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ആക്ഷേപമുണ്ട്.
20ാം തീയതി രാവിലെ പാലം ഉദ്ഘാടനം ചെയ്യുന്നതിനു മുൻപ് കൈവരികളുടെ വെൽഡിങ് വിട്ടുപോയി കൈവരികൾ നിലത്തു കിടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
കോൺഗ്രസ് പ്രതിഷേധം
5 കോടി രൂപ ബജറ്റിൽ വകയിരുത്തിയ പാലത്തിന്റെ നിർമാണത്തിൽ അഴിമതിയുണ്ടെന്നു യൂത്ത് കോൺഗ്രസ്, എരിമയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കെപിസിസി അംഗം വി.സുദർശൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.പി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.എം.ഫെബിൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി തൃപ്പാളൂർ ശശി, സംസ്കാരസാഹിതി നിയോജകമണ്ഡലം ചെയർമാൻ എം.വി.സജീവ്കുമാർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ വി.പി.മുസ്തഫ, ടി.കെ.അപ്പു, കെ.സി.രാമകൃഷ്ണൻ, കാവശ്ശേരി മണ്ഡലം പ്രസിഡന്റ് ഉദയകുമാർ, ആലത്തൂർ മണ്ഡലം പ്രസിഡന്റ് ഹാരിസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തൻസില, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാലതി, എ.കെ.വാസു, സി.രാജൻ, കെ.കൃഷ്ണൻ, ചെന്താമര കൂളിയാട്, സതീഷ് പുള്ളോട് എന്നിവർ പങ്കെടുത്തു.
ബിജെപി പ്രതിഷേധം
തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്കു പോകാനായി 5 കോടി രൂപ ചെലവിൽ നിർമിച്ച തൂക്കുപാലത്തിന്റെ കൈവരികൾ എംപി ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം തകർന്നതിൽ ബിജെപി എരിമയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
പ്രകടനം നടത്തി. രാജേഷ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.
പ്രഭാകരൻ കുതിരപ്പാറ, ശിവപ്രകാശ്, എം.ശിവദാസ്, പ്രഭാകരൻ മരുതക്കോട്, പ്രജീഷ് കൂട്ടമൂച്ചി, എം.വിഷ്ണു, ഉൻമേഷ് എന്നിവർ പ്രസംഗിച്ചു.
‘തട്ടിക്കൂട്ടിയ ചടങ്ങ്’
തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്കുള്ള തൂക്കുപാലം ഉദ്ഘാടനം പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധൃതഗതിയിൽ നടത്തിയ തട്ടിക്കൂട്ടിയ ചടങ്ങ് ആണെന്നും തൂക്കുപാലത്തിൽ പോലും പല സ്ഥലങ്ങളിലും വെൽഡിങ് വിട്ടുപോയിട്ടും രാഷ്ട്രീയ മുതലെടുപ്പാണു നടത്തിയതെന്നും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി ആരോപിച്ചു. പാലത്തിന്റെ തകർച്ചയിൽ പ്രതിഷേധിച്ചു.
പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയില്ല: പഞ്ചായത്ത് അധ്യക്ഷൻ
പാലത്തിൽ ചിലയിടത്തു കൈവരികൾ വെൽഡിങ് വിട്ട് പൈപ്പുകൾ താഴെ വീണതാണെന്നും പാലത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയില്ലെന്നും എരിമയൂർ പഞ്ചായത്ത് അധ്യക്ഷൻ എ.പ്രേമകുമാർ പറഞ്ഞു.
തൃപ്പാളൂർ ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതു കൊണ്ട് ഇന്നലെ കേടുപാടുകൾ പരിഹരിക്കുവാൻ കഴിഞ്ഞില്ല. ഇന്നലെത്തന്നെ കൈവരികൾ ശരിയാക്കാൻ പണിക്കാരുടെ സംഘം എത്തിയിരുന്നു. ഉത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിലേക്കു ഒട്ടേറെ ഭക്തജനങ്ങൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്കു മുൻപേ കൈവരികളുടെ പണി പൂർത്തീകരിക്കുമെന്നും അധ്യക്ഷൻ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

