സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ആശങ്കയും സ്വർണാഭരണം വാങ്ങാൻ കൊതിക്കുന്നവർക്ക് ആശ്വാസവും പകർന്ന് രാജ്യാന്തര വിപണിയിൽ വില നിലംപൊത്തി. ഔൺസിന് 4,381 ഡോളറായിരുന്ന വില ഒറ്റയടിക്ക് താഴ്ന്നിറങ്ങിയത് 4,009.80 ഡോളറിലേക്ക്.
2013നുശേഷം കുറിക്കുന്ന ഏറ്റവും വലിയ ഏകദിന തകർച്ചയാണിത്. ഇപ്പോൾ 4,089 ഡോളറിലേക്ക് അൽപം കയറിയിട്ടുണ്ടെങ്കിലും, കേരളത്തിലും ഇന്ന് വില കൂപ്പുകുത്തുമെന്ന് ഉറപ്പായി.
എന്തുകൊണ്ടാണ് സ്വർണം വീണത്? കാരണങ്ങൾ നോക്കാം:
1) വില ഔൺസിന് 4,381 ഡോളർ എന്ന റെക്കോർഡിൽ എത്തിനിൽക്കേയാണ്, യുഎസും ചൈനയും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞതും വ്യാപാരയുദ്ധം വൈകാതെ അവസാനിച്ചേക്കും എന്ന വിലയിരുത്തലുകൾ ഉണ്ടായതും.
നിക്ഷേപകർ സമയംകളയാതെ പൊടുന്നനേ ലാഭമെടുപ്പിലേക്ക് കടന്നത് സ്വർണത്തിന് ആഘാതമായി.
2) സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷം, വ്യാപാരയുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലാണ് സ്വർണം ‘സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതി നേടി കുതിക്കാറുള്ളത്. ഇത്തരം സാഹചര്യങ്ങൾ മായുന്നു എന്ന വിലയിരുത്തലാണ് ലാഭമെടുപ്പിന് കളമൊരുക്കിയത്.
3) മധ്യേഷ്യയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണയും സ്വർണത്തിന് തിരിച്ചടിയായി.
4) യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് ശക്തിപ്രാപിച്ചു.
ഇതോടെ സ്വർണം വാങ്ങുന്നത് ചെലവേറിയതായതും സ്വർണവിലയുടെ വീഴ്ചയ്ക്ക് വഴിയൊരുക്കി.
5) വെള്ളിയും വീണു: ഗോൾഡ് ഇടിഎഫുകൾക്ക് പുറമേ സിൽവർ ഇടിഎഫിലേക്കും ലാഭമെടുപ്പ് സമ്മർദം ആഞ്ഞടിച്ചു. രാജ്യാന്തര വെള്ളിവില ഔൺസിന് 54 ഡോളർ നിലവാരത്തിൽ നിന്ന് 48 ഡോളറിലേക്ക് ഇടിഞ്ഞു.
കേരളത്തിൽ ഇന്നു വെള്ളിവിലയും ഇടിയും.
ഇനിയും വില ഇടിയുമോ?
സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്.
ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികൾ തമ്മിലെ പിണക്കം മാറുന്നത്, ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഉണർവാകും. ഇത്, സ്വർണത്തിന് തിരിച്ചടിയാണ്.
എന്നാൽ, ഇരുവരും തമ്മിലെ ചർച്ചയിൽ സമവായമായില്ലെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയും.
സ്വർണം തിരിച്ചുകയറും. വ്യാപാരക്കരാർ യാഥാർഥ്യമായില്ലെങ്കിൽ ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ അധികമായി 155% ഇറക്കുമതി തീരുവ ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിലും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കാനാണ് സാധ്യത.
പലിശനിരക്ക് കുറയുന്നത് ഡോളറിന് തിരിച്ചടിയും സ്വർണത്തിന് നേട്ടവുമാകും.
∙വെള്ളിക്ക് ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വ്യാവസായിക മേഖലയിൽ നിന്ന് വൻ ഡിമാൻഡ് ഉണ്ടെന്നത് അനുകൂലഘടകമാണ്. സോളർ എനർജി, ഇലക്ട്രിക് വാഹനം, എഐ, നാണയ നിർമാണം തുടങ്ങിയ മേഖലകളിൽ വെള്ളിക്ക് വൻ ആവശ്യകതയുണ്ട്.
നടക്കുംമുൻപേ പൊളിഞ്ഞ് പുട്ടിൻ-ട്രംപ് ചർച്ച
അഭിപ്രായഭിന്നത രൂക്ഷമായതോടെ റഷ്യൻ പ്രസിഡന്റ് പുട്ടിനും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലെ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത മങ്ങി.
ഫലമുണ്ടാകില്ലെന്ന് ഉറപ്പുള്ള ചർച്ചയ്ക്ക് പോയി സമയം കളയാനില്ലെന്ന് ട്രംപും പറഞ്ഞു. ഡോൺബാസ് ഉൾപ്പെടെ യുക്രെയ്ന്റെ ചില മേഖലകൾ വിട്ടുകിട്ടിയാൽ സമവായത്തിലേക്ക് കടക്കാമെന്നാണ് പുട്ടിന്റെ വാദം.
ഇതിനെ യുക്രെയ്നു പുറമേ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി എന്നിവ ശക്തമായി എതിർക്കുകയാണ്.
സമാധാന ചർച്ചയെ ലാഘവത്തോടെയാണ് റഷ്യ കാണുന്നതെന്ന് ഇറ്റലി പ്രതികരിച്ചു. യുക്രെയ്ന് അതിനൂതന, ദീർഘദൂര മിസൈലായ ടോമഹോക്ക് നൽകാമെന്ന് ആദ്യം പറഞ്ഞ ട്രംപ് പിന്നീട് നിലപാട് മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്.
വെടിനിർത്തൽ ആവശ്യം തൽക്കാലം അംഗീകരിക്കില്ലെന്ന നിലപാടിലാണ് റഷ്യ. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് ട്രംപ്-പുട്ടിൻ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
തീയതി തീരുമാനിച്ചിരുന്നില്ല.
ഹംഗറിയിലേക്ക് പുട്ടിന് എത്തണമെങ്കിൽ യൂറോപ്യൻ യൂണിയൻ യോഗം ചേർന്ന് വിമാന വിലക്ക് നീക്കണം. ഇതിന് യൂറോപ്യൻ യൂണിയൻ വഴങ്ങാനുള്ള സാധ്യതയില്ല.
മാത്രമല്ല, പുട്ടിനെതിരെ രാജ്യാന്തര കോടതിയുടെ അറസ്റ്റ് വാറന്റുണ്ട്. പുട്ടിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഹംഗറി വ്യക്തമാക്കിയിരുന്നു.
എന്നാൽ, പുട്ടിൻ വന്നാൽ അറസ്റ്റ് ചെയ്തേ പറ്റൂ എന്നാണ് ജർമനി ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലുമാണ് ചർച്ചാനീക്കം പൊളിഞ്ഞത്.
ഇസ്രയേൽ-ഹമാസ്, ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതിനേക്കാൾ കഠിനമാണ് യുക്രെയ്ൻ-റഷ്യ യുദ്ധമെന്നാണ് ട്രംപിന്റെ നിലപാട്.
പുട്ടിനും ട്രംപും തമ്മിൽ കാണുംമുൻപ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേയ് ലവ്റോവ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നതും മാറ്റി. ഇരുവരും നേരിട്ട് കാണുന്നതിനു പകരം ഫോണിൽ സംസാരിച്ചേക്കുമെന്നാണ് സൂചനകൾ.
ഓഹരികളിലെ വീഴ്ത്തി ജപ്പാൻ
യുഎസ് വിപണിയിൽ കോർപറേറ്റ് കമ്പനികളുടെ മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലത്തിന്റെ കരുത്തിൽ ഓഹരി സൂചികകൾ റെക്കോർഡ് ഉയരംതൊട്ടു.
എന്നാൽ, ജപ്പാൻ പുറത്തുവിട്ട പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത കയറ്റുമതിക്കണക്കുകൾ ഏഷ്യൻ വിപണികൾക്ക് തിരിച്ചടിയായി.
യുഎസിൽ ഡൗ ജോൺസ് 0.47% ഉയർന്ന് റെക്കോർഡ് 46,924ൽ എത്തി. എസ് ആൻഡ് പി500, നാസ്ഡാക് എന്നിവയും 0.16% വരെ ഉയർന്നു.
കൊക്ക-കോള ഉൾപ്പെടെയുള്ള കമ്പനികളുടെ മെച്ചപ്പെട്ട
പ്രവർത്തനഫലമാണ് കരുത്തായത്. ജനറൽ മോട്ടോഴ്സ് ഓഹരിവില 15% കുതിച്ചു.
വരുമാനം മെച്ചപ്പെടുമെന്ന് കമ്പനി അഭിപ്രായപ്പെട്ടത് ഓഹരികൾ ആഘോഷമാക്കി. പ്രവർത്തനഫലം നിരാശപ്പെടുത്തിയത് നെറ്റ്ഫ്ലിക്സ് ഓഹരികളെ 6 ശതമാനം താഴേക്കുനയിച്ചു.
ടെസ്ല ഇന്നാണ് ഫലം പ്രസിദ്ധീകരിക്കുക.
∙ 4 മാസത്തെ നഷ്ടത്തിന് വിരാമമിട്ട് ജപ്പാന്റെ കയറ്റുമതി കഴിഞ്ഞമാസം 4.2% ഉയർന്നു. യുഎസിലേക്കുള്ള കയറ്റുമതിയിലും നില മെച്ചപ്പെട്ടു.
എന്നാൽ, നിരീക്ഷകർ പ്രതീക്ഷിച്ച 4.6% വളർച്ച നേടാനാകാത്തത് ഓഹരി വിപണികളെ നഷ്ടത്തിലേക്ക് നയിക്കുകയായിരുന്നു. ജാപ്പനീസ് നിക്കേയ് 0.81% താഴ്ന്നു.
∙ ചൈനയിൽ ഷാങ്ഹായ് 0.08%, ഹോങ്കോങ് സൂചിക 0.66% എന്നിങ്ങനെയും നഷ്ടത്തിലായി.
ഓസ്ട്രേലിയയിൽ എഎസ്എക്സ്200 സൂചിക 0.80% താഴ്ന്നു.
∙ ട്രംപ്-പുട്ടിൻ ചർച്ചാനീക്കം പൊളിഞ്ഞത് യൂറോപ്പിൽ പ്രതിരോധ ഓഹരികളെ ആവേശത്തിലാക്കി. ഈ രംഗത്തെ പല കമ്പനികളുടെയും ഓഹരികൾ 10% വരെ ഉയർന്നു.
എഫ്ടിഎസ്ഇ സൂചിക 0.25%, ഡാക്സ് 0.29% എന്നിങ്ങനെ നേട്ടത്തിലുമായി.
അവധിയിൽ ഇന്ത്യ
ഇന്ത്യൻ ഓഹരി വിപണികളായ സെൻസെക്സിനും നിഫ്റ്റിക്കും ഇന്നും അവധിയാണ്. ദീപാവലി ബലിപ്രതിപാദ പ്രമാണിച്ചാണ് ‘ഹോളിഡേ’.
ദീപാവലി പ്രമാണിച്ച് ഇന്നലെയും അവധിയായിരുന്നു. രണ്ടുദിവസം ഇങ്ങനെ പൊതു അവധി കിട്ടുന്നത് അപൂർവം.
ഇന്നലെയായിരുന്നു സംവത് 2082 വർഷാരംഭത്തിന്റെ ഭാഗമായുള്ള മുഹൂർത്ത വ്യാപാരം. നേട്ടം കുറിച്ചെങ്കിലും മുന്നേറ്റം അകന്നുനിന്നത് തിരിച്ചടിയായി.
സെൻസെക്സ് 62 പോയിന്റ് (+0.07%), നിഫ്റ്റി 25 പോയിന്റ് (+0.10%) എന്നിങ്ങനെ മാത്രമാണ് ഉയർന്നത്.
ഇന്നലെ ഒരുഘട്ടത്തിൽ സെൻസെക്സ് 270 പോയിന്റ് ഉയർന്നിരുന്നു. നിഫ്റ്റി 25,900 പോയിന്റും ഭേദിച്ചിരുന്നു.
ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ മികച്ച പ്രകടനം കരുത്താവുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ ലാഭമെടുപ്പ് തകൃതിയായത് തിരിച്ചടിയാവുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

