സമയം തെറ്റിയ മുഹൂർത്തവ്യാപാരത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും ദീപാവലി ആഘോഷത്തിന്റെ ആലസ്യത്തിലും ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 25934 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 25 പോയിന്റ് നേട്ടത്തിൽ 25868 പോയിന്റിലും, സെൻസെക്സ് 62 പോയിന്റുകൾ മുന്നേറി 84426 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്.
കേരള കമ്പനികൾക്ക് തിളക്കം
ബാങ്കിങ്ങും ഐടിയും വിപണി ആഗ്രഹിച്ച കുതിപ്പ് നടത്താതിരുന്നതാണ് ഇന്ത്യൻ വിപണിയുടെ റെക്കോർഡ് മോഹങ്ങൾക്ക് വിലങ്ങു തടിയായത്.
ആക്സിസ് ബാങ്കും, എച്ച്ഡിഎഫ്സി ബാങ്കും മുന്നേറിയപ്പോൾ എസ്ബിഐ മുന്നേറാതിരുന്നതും ബാങ്ക് നിഫ്റ്റിക്ക് നെഗറ്റീവ് ക്ളോസിങ് നൽകി. അതേസമയം പൊതുവെ കുറഞ്ഞ അളവിൽ ഇടപാട് നടക്കുന്ന മുഹൂർത്ത വ്യാപാര വേളയിൽ കേരളത്തിൽ നിന്നുള്ള സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ഷിപ്പ് യാർഡ് തുടങ്ങിയ കമ്പനികൾ മികവുറ്റ പ്രകടനം കാഴ്ചവച്ചു.
നിരാശ നൽകി ഐടി
ബജാജ് ഇരട്ടകൾ ഇന്നും തുടർന്ന മുന്നേറ്റവും, എൽ&ടിയും, മഹീന്ദ്രയും, ടാറ്റ മോട്ടോഴ്സും മുന്നേറിയതും മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ വിപണിയെ താങ്ങി നിർത്തുന്നതിൽ നിർണായകമായി.
നാസ്ഡാകിന്റെ ഇന്നലത്തെ മുന്നേറ്റം ഇന്ന് ഇന്ത്യൻ ഐടിയിലും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇൻഫോസിസ് ഒഴികെയുള്ള മുൻനിര ഐടി ഓഹരികളൊന്നും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് ഓഹരി വിപണി വിദഗ്ധനായ അഭിലാഷ് പുറവൻതുരുത്തിൽ പറഞ്ഞു.
എങ്കിലും നിഫ്റ്റി ഐടി നഷ്ടമൊഴിവാക്കിയപ്പോൾ ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി റിയൽറ്റിയും ഒഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സെലക്ട് സൂചിക നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 0.7%വും, നിഫ്റ്റി മൈക്രോ ക്യാപ് സൂചിക 1$%വും നേട്ടമുണ്ടാക്കി.
പതിവ് തെറ്റിക്കാതെ വിപണി
സാധാരണയായി വൈകുന്നേരം നടക്കുന്ന മുഹൂർത്ത വ്യാപാരം ഈ പ്രാവശ്യം ഉച്ചക്ക് 1.45 മുതൽ 2.45 വരെ ആയിരുന്നു.
ഇന്ന് രാവിലെ റെക്കോർഡ് നേട്ടത്തിലെത്തിയ സ്വർണവില രാജ്യാന്തരതലത്തിൽ ഔൺസിന് 100 ഡോളർ താഴ്ന്നതിന്റെ ഫലമായി ഇന്ത്യയിൽ പവന് 1600 രൂപ താഴ്ന്നെങ്കിലും മൂഹൂർത്ത വ്യാപാര വേളയിൽ നേട്ടം ദൃശ്യമായിരുന്നു. മിഡ്ക്യാപ് ഓഹരികളും, മെറ്റൽ ഓഹരികളും ഇന്ന് തിളക്കത്തിൽ തന്നെയായിരുന്നു.
ഭാവിയിലേക്ക് ഓഹരികൾ വാങ്ങി സൂക്ഷിക്കുന്ന ഈ ദിനത്തിൽ നിഫ്റ്റിയും, സെൻസെക്സും പോസിറ്റീവ് രീതിയിൽ ക്ലോസ് ചെയ്യുന്ന പ്രവണത ഇത്തവണയും ആവർത്തിച്ചു.
നാളെ ഇന്ത്യൻ വിപണിക്ക് അവധിയാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

