ആലപ്പുഴ ∙ സബ് സ്റ്റേഷനിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് നഗരം ഇരുട്ടിലായി. ഇന്നലെ വൈകിട്ട് ഏഴിന് ശവക്കോട്ടപ്പാലത്തിനു സമീപം വൈദ്യുതി ഭവന്റെ പിന്നിലുള്ള സബ് സ്റ്റേഷനിലെ ട്രാൻസ്ഫോമറാണ് പൊട്ടിത്തെറിച്ചത്.
ഇതിന്റെ അവശിഷ്ടങ്ങൾ വലിയ പവർ ട്രാൻസ്ഫോമറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് പൊട്ടിത്തെറിക്കു കാരണമെന്നു കെഎസ്ഇബി എൻജിനീയറിങ് വിഭാഗം അറിയിച്ചു.
രണ്ടര മണിക്കൂറിനു ശേഷം ടൗൺ സെക്ഷനിൽ താൽക്കാലിക സംവിധാനത്തിലൂടെ ചില പ്രദേശങ്ങളിൽ മാത്രം വൈദ്യുതി പുനഃസ്ഥാപിച്ചു. മറ്റ് സ്ഥലങ്ങളിൽ ഇന്ന് പകൽ മാത്രമേ വൈദ്യുതി എത്തൂ.
വൈദ്യുതി ഭവന് പിന്നിലുള്ള സബ് സ്റ്റേഷനിൽ പള്ളം, പുന്നപ്ര 110 കെവി സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതിയാണ് എത്തുന്നത്.
ഇത് 11 കെവി ലൈനിലേക്ക് മാറ്റി വിതരണം ചെയ്യുന്നത് സബ് സ്റ്റേഷൻ വഴിയാണ്. ഈ വിതരണ സംവിധാനത്തിന്റെ അകത്താണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. ഹൈപവർ ട്രാൻസ്ഫോമറിനു മുകളിലേക്ക് പൊട്ടിത്തെറിച്ച ട്രാൻസ്ഫോമറിന്റെ അവശിഷ്ടങ്ങൾ വീണപ്പോൾ സ്വയം പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനം പ്രവർത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.
പൊട്ടിത്തെറിച്ച ട്രാൻസ്ഫോമർ പൂർണമായി തകർന്നു.
മറ്റൊരെണ്ണം ട്രിപ് ആകുകയും മൂന്നാമത്തെ ഒരെണ്ണം ഭാഗികമായി തകരാർ ആകുകയും ചെയ്തതോടെ വൈദ്യുതി വിതരണം പൂർണമായി സ്തംഭിച്ചു.അതോടെ നഗരം ഇരുട്ടിലായി.
ദീപാവലി ദിവസമായിരുന്നതിനാൽ മുല്ലയ്ക്കൽ അടക്കം നഗരത്തിലെ എല്ലാ ഭാഗത്തും ജനത്തിരക്കായിരുന്നു. വ്യാപാര മേഖലയിൽ ദീപാവലിയുടെ കച്ചവടവും നടക്കുന്നുണ്ടായിരുന്നു.
പെട്ടെന്നുണ്ടായ ഇരുട്ടിൽ എല്ലാ മേഖലയും സ്തംഭിച്ചു. പൊട്ടിത്തെറി ഉണ്ടായി അര മണിക്കൂറിനു ശേഷം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും സബ് സ്റ്റേഷനുള്ളിൽ ഇരുട്ടിൽ ജോലി സാധ്യമായില്ല.
ഏതാനും ജീവനക്കാരും ഒരു സബ് എൻജിനീയറുമാണ് അറ്റകുറ്റപ്പണികൾക്കായി ഉണ്ടായിരുന്നത്. ഈ സമയത്ത് നേരിയ മഴയും ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

