മറയൂർ ∙ മറയൂർ ബാബു നഗറിനു സമീപം തമ്പടിച്ചിരിക്കുന്ന ഒറ്റയാനെ പേടിച്ചു നെഞ്ചിടിപ്പോടെ ജനങ്ങൾ. രണ്ടാഴ്ചയ്ക്കിടെ വലിയ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ളത്.
വീടുകളുടെ മുറ്റത്തു വരെ എത്തുന്ന ഒറ്റയാൻ കാരണം ജനങ്ങൾക്കു രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇന്ദിരാ നഗറിലെ ഡെയ്സി അഗസ്റ്റിൻ, രാമകൃഷ്ണൻ അപ്പായി, ജിജി ഫ്രാൻസിസ്, മല്ലിക, സുലോചന, അജി, സെൽവരാജ് എന്നിവരുടെ വീടിന് സമീപത്തുള്ള കരിമ്പ്, വാഴ, തെങ്ങ്, തീറ്റ പുല്ല് എന്നീ കൃഷിയെല്ലാം നശിപ്പിച്ചു. രാത്രി എത്തുന്ന ഒറ്റയാൻ രാവിലെയാണ് മടങ്ങുന്നത്.
രാത്രി മുറ്റത്ത് ഒറ്റയാൻ നിൽക്കുമ്പോൾ പുറത്തുള്ള ശുചിമുറിയിലേക്ക് പോകാൻ കഴിയാത്ത സ്ഥിതിയെന്ന് ഡെയ്സി പറയുന്നു. ഒറ്റയാൻ എത്തി മണിക്കൂറുകൾക്കു ശേഷമാണ് വനംവകുപ്പ് ജീവനക്കാർ എത്തുന്നത്.
പടക്കം പൊട്ടിച്ച് ആന മാറിയ ശേഷം ഇവർ മടങ്ങും.ആനയെ തുടർച്ചയായി നിരീക്ഷിച്ച് വനമേഖലയിലേക്ക് കടത്തിവിടാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. സമീപത്തുള്ള ആദിവാസി പുനരധിവാസ ഉന്നതിയിലും ഒറ്റയാൻ കയറിയിറങ്ങിയാണ് ഇന്ദിരാനഗറിയിലേക്ക് എത്തുന്നത്. ഇവിടെ താമസിക്കുന്നവർ രാത്രി ഒറ്റപ്പെടുന്ന അവസ്ഥയാണ്.
വർഷങ്ങളായി ഇതുസംബന്ധിച്ച് അധികൃതരോട് പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
പരാതി പറഞ്ഞു മടുത്തതായി നാട്ടുകാർ പറയുന്നു. ഉന്നതിയിൽ ഒരു കുടുംബത്തിന് ഒന്നര ഏക്കർ സ്ഥലമാണ് 2001–ൽ സർക്കാർ പതിച്ചു നൽകിയത്. ഇതിൽ കൃഷി ചെയ്തു വരുന്ന ഭൂരിഭാഗം പേരും കാട്ടാനശല്യം കാരണം കൃഷി ഉപേക്ഷിക്കുകയും ഇതുമൂലം ഉന്നതിയിൽ താമസക്കാരും കുറഞ്ഞ സ്ഥിതിയാണ്.
ചെന്നായ്ക്കളുടെ ശല്യവും രൂക്ഷം
കാട്ടാന ശല്യത്തിനു പുറമേ ചെന്നായ് കൂട്ടങ്ങളുടെ ശല്യവും പ്രദേശത്ത് വ്യാപകമാണ്.
ഇത് വളർത്തുമൃഗങ്ങൾക്ക് വലിയ ഭീഷണിയാണ്. കഴിഞ്ഞദിവസം ഇന്ദിരാനഗർ പുനരധിവാസ ഉന്നതിയിൽ പൊന്നുമാടസ്വാമിയുടെ രണ്ട് ആടുകളെയാണ് ചെന്നായ് കൂട്ടം കൊണ്ടുപോയത്.
ഉപജീവന മാർഗത്തിനായി വളർത്തുന്ന മൃഗങ്ങളെ വന്യമൃഗങ്ങൾ കൊണ്ടുപോകുന്നത് പ്രദേശത്ത് വ്യാപകമാണ്. ഇത്തരത്തിൽ ഒരു കൃഷിയും ചെയ്യാൻ കഴിയാതെ ജീവിക്കാൻ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് ഉന്നതിയിലെ നിവാസികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

