അയർക്കുന്നം ∙ ഇളപ്പാനിയിൽ ഭാര്യയെ കൊലപ്പെടുത്തി, നിർമാണത്തിലിരുന്ന വീടിന്റെ പിന്നിൽ മറവുചെയ്ത അതിഥിത്തൊഴിലാളി സോനിയെ റിമാൻഡ് ചെയ്തു. ബംഗാൾ മുർഷിദാബാദ് സ്വദേശിനി അൽപനയെയാണ് (27) സോനി ഒക്ടോബർ 14ന് കൊലപ്പെടുത്തി മറവു ചെയ്തത്.
അൽപനയ്ക്കു നാലു വർഷമായി മലപ്പുറത്തു ജോലി ചെയ്യുന്ന മറ്റൊരു അതിഥിത്തൊഴിലാളിയുമായി അടുപ്പം നിലനിന്നിരുന്നു. ഇതെച്ചൊല്ലി പലപ്പോഴായി വഴക്കുണ്ടായിരുന്നു.
കാമുകനൊപ്പം മക്കളുമായി നാടുവിടുമോയെന്ന ഭയമാണ് കൊലപാതകത്തിനു കാരണമെന്നു പ്രതി വെളിപ്പെടുത്തിയതായി അയർക്കുന്നം സിഐ അനൂപ് ജോസ് പറഞ്ഞു.
അൽപനയെ നിർമാണത്തിലിരുന്ന വീട്ടിലെത്തിച്ച ശേഷം ആദ്യം മർദിക്കുകയും സമീപത്തെ കരിങ്കൽക്കെട്ടിൽ തലയിടിപ്പിച്ചശേഷം കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു പൊലീസ് കോടതിയെ സമീപിക്കും.
അൽപനയുടെ ബന്ധു (അമ്മാവന്റെ മകൾ) എത്തിയതോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു. കമ്പിപ്പാര ഉപയോഗിച്ചു അടിച്ചപ്പോൾ തലയോട്ടി പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണം.
നഗരസഭയുടെ മുട്ടമ്പലം പൊതുശ്മശാനത്തിൽ ഇന്നു സംസ്കാരം നടത്തും. ഇവരുടെ കുട്ടികളെ പാലാ ബാലഭവനിലേക്കു മാറ്റിയിട്ടുണ്ട്.
ജോലിയിൽ മിടുക്കൻ, ഇളപ്പാനിയിൽ എത്തിയത് ഒരാഴ്ച മുൻപ്
ഏൽപിക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സോനി മിടുക്കനായിരുന്നുവെന്ന് ഇയാൾ ജോലിചെയ്തിരുന്ന വീടിന്റെ ഉടമ ഡിന്നി സെബാസ്റ്റ്യൻ മണ്ണനാൽ പറഞ്ഞു.
മുറ്റം മണ്ണിട്ടു നിരപ്പാക്കുന്നതിനാണ് സോനിയെ വിളിച്ചത്. പണിയിലെ ആത്മാർഥതയാണ് ഇയാളെ വീണ്ടും ബന്ധപ്പെടാൻ കാരണമായത്.
ജോലിക്കായി ആദ്യം എത്തിയത് ഒക്ടോബർ ആറിനാണെന്ന് വീട്ടുടമ പറഞ്ഞു. ഭാര്യയെ മറവുചെയ്ത ഭാഗത്തുൾപ്പെടെ മണ്ണ് ചുമന്നിട്ട് നിരപ്പാക്കിയത് സോനിയാണ്.
ബാക്കിഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും നിരപ്പാക്കി. 10ന് ഭാര്യ അൽപനയും ഒപ്പമെത്തി ജോലികൾ പൂർത്തിയാക്കിയിരുന്നു.
11നു രാവിലെ ഡെന്നിയുടെ മറ്റൊരു സ്ഥലത്ത് വളമിടലിനു ശേഷം ഉച്ചയ്ക്കാണ് സോനി ജോലിക്കെത്തിയത്.
പിന്നീട് മണ്ണിട്ട ഭാഗത്ത് മുറ്റം ഇടിച്ചുനിരത്തിയാലേ മെറ്റൽ ഇടാൻ കഴിയൂ എന്ന് മേസ്തിരി പറഞ്ഞതോടെ 14നു രാവിലെ വീണ്ടും സോനിയെ ഉടമ വിളിച്ചു.
രാവിലെ ഒൻപതിനാണ് പണിക്കാർ എത്തി നിർമാണം നടത്തിയിരുന്നത്. ഇതിനു മുൻപേ കൃത്യം ചെയ്ത് സോനി മടങ്ങുകയായിരുന്നു.
കൊല ചെയ്യാനുറച്ചാണ് സോനി ഭാര്യയെ നിർമാണത്തിലിരുന്ന വീട്ടിലെത്തിച്ചതെന്നു പൊലീസ് പറഞ്ഞു.
ഭാര്യയെ കുഴിച്ചിട്ടിടത്തും ജോലി തുടർന്നു
14നു രാവിലെ ജോലിക്കെത്തിയ സോനി, അൽപനയെ മറവുചെയ്തതിനു സമീപത്തും കൂസലില്ലാതെയാണ് ജോലി ചെയ്തത്. കൃത്യം നടത്തി മടങ്ങിയിട്ടും അതിന്റെ ഒരു ആശങ്കയും ഇയാളിൽ ഉണ്ടായിരുന്നില്ലെന്നു വീട്ടുടമ പറഞ്ഞു.
തൊട്ടടുത്ത ദിവസവും സോനി എത്തി പണികൾ നടത്തി. 16,17 തീയതികളിൽ വേറെ തൊഴിലാളികളെ ഇയാൾ പറഞ്ഞുവിടുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്ന് അയർക്കുന്നം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നു പൊലീസിനൊപ്പം സോനി ഇവിടെയെത്തി ജോലിക്കാരോടു വിവരങ്ങൾ തിരക്കിയതായും വീട്ടുടമ പറഞ്ഞു. അടുക്കളക്കൃഷിക്കായി ഒഴിച്ചിട്ട
സ്ഥലത്താണ് അൽപനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ മുറ്റവും കൃഷിയിടവും തമ്മിൽ വേർതിരിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

