കൊല്ലം ∙ വിഷമദ്യത്താൽ ഉള്ളുപൊള്ളി 33 പേർ ദാരുണമായി മരണത്തിനു കീഴടങ്ങിയ കല്ലുവാതുക്കൽ ദുരന്തത്തിന് ഇന്ന് കാൽനൂറ്റാണ്ട്. മദ്യക്കച്ചവടക്കാരുടെ അമിതലാഭ മോഹത്തിൽപെട്ടു കൂലിപ്പണിക്കാരും സാധാരണക്കാരും ഈയാംപാറ്റ പോൽ പിടഞ്ഞു വീണ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്നും വല്ലാത്ത നടുക്കം.
ഇരുപത്തഞ്ചാം വാർഷികത്തിന്റെ പ്രത്യേകതകളെ ഇങ്ങനെ ചുരുക്കാം: 1. പ്രധാന പ്രതി മണിച്ചൻ എന്ന ചന്ദ്രൻ 22 വർഷത്തെ ജയിൽവാസം കഴിഞ്ഞു കോടതി ഉത്തരവിലൂടെ പുറത്തിറങ്ങി.
2. പൊലീസിന്റെ കണ്ണു വെട്ടിച്ചു 2 പ്രതികൾ ഇന്നും ഒളിവിൽ സുരക്ഷിതരായി കഴിയുന്നു.
3. കിട്ടുമെന്നു പറഞ്ഞ നഷ്ടപരിഹാരം പൂർണമായി കിട്ടാതെ അനേകം പേർ ഇന്നും ജീവിതത്തോടു മല്ലിടുന്നു.
ബെംഗളൂരുവിൽ നിന്നു മണിച്ചന്റെ ചിറയിൻകീഴിലെ ഗോഡൗണിൽ കൊണ്ടുവന്ന സ്പിരിറ്റിൽ മാരകമായ മീഥൈൽ ആൽക്കഹോൾ അമിതമായ അളവിൽ ചേർത്തു കല്ലുവാതുക്കൽ താത്ത എന്നറിയപ്പെട്ട
ഹയറുന്നിസയുടെ വീട്ടിലൂടെയും മറ്റും വിറ്റഴിച്ചപ്പോൾ കല്ലുവാതുക്കൽ, പള്ളിക്കൽ, പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലായി 33 പേരാണു പിടഞ്ഞു വീണു മരിച്ചത്. ഔദ്യോഗിക രേഖകളിൽ 31 ആണു മരണസംഖ്യ.
2 പേരെ പോസ്റ്റ്മോർട്ടമില്ലാതെ സംസ്കരിച്ചപ്പോൾ കണക്കിൽപെട്ടില്ല. 2020 ഒക്ടോബർ 21 മുതലാണു ദുരന്തമെങ്കിലും മദ്യം കഴിച്ച പലർക്കും 20 നു രാത്രി തന്നെ അസ്വസ്ഥതകളുണ്ടായി.
കാഴ്ചശക്തി പോയതുൾപ്പെടെ അനേകം പേർക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായി.
കൊല്ലം അഡിഷനൽ സെഷൻസ് കോടതിയിൽ വിചാരണ നീണ്ട ഒരു വർഷത്തോളം വിളിച്ചു കേട്ട
കേസിന്റെ നമ്പറായിരുന്നു 214/2001. കേസിലെ 48 പ്രതികളിൽ 10 പേരെ വിട്ടയച്ചു.
4 പേർ ദുരന്തത്തിൽ മരിച്ചു. ഹയറുന്നിസ, മണിച്ചൻ, സഹോദരന്മാരായ മണികണ്ഠൻ (കൊച്ചനി), വിനോദ്കുമാർ ഉൾപ്പെടെ 13 പ്രതികൾക്കു ജീവപര്യന്തം ശിക്ഷ.
മണിച്ചനു ജീവപര്യന്തത്തിനു പുറമേ 43 വർഷം തടവും വിധിച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ താത്ത മരിച്ചു.
ഹയറുന്നിസയുടെ ഭർത്താവ് രാജൻ മോചിതനായ ശേഷം മരിച്ചു. 2 വർഷം മുൻപു മണിച്ചൻ പുറത്തിറങ്ങി.
സഹോദരന്മാർ അതിനും മുൻപേ ഇറങ്ങി. വടകര വൈക്കലശ്ശേരി സ്വദേശി ചെന്നൈയിൽ താമസിക്കുന്ന മഹേഷ്, ചിറയിൻകീഴ് ശാർക്കര സ്വദേശി ബിനു എന്ന മോൻകുട്ടൻ എന്നിവർ ഒളിവിൽ.
കേരള രാഷ്ട്രീയത്തിൽ ‘മാസപ്പടി’ വിവാദമായി മാറിയ കേസ് കൂടിയാണിത്.
മണിച്ചന്റെ ഡയറിയിൽ കണ്ടതു പ്രകാരമെങ്കിൽ ഇടതു നേതാക്കൾ ഉൾപ്പെടെ മാസപ്പടി കൈപ്പറ്റിയെങ്കിലും ദുരന്തത്തിലെ ഇരകൾക്കു കോടതി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഇനിയും അകലെ. പ്രതികൾ അടയ്ക്കേണ്ട
പിഴത്തുകയിൽ നിന്ന് ഇതു നൽകാനായിരുന്നു വിധി. അടച്ചതു ചുരുക്കം ചിലർ.
അതിൽ നിന്നു കുറച്ചു പേർക്ക് 30000 വീതം കിട്ടി. മണിച്ചനു മാത്രം 30.45 ലക്ഷമായിരുന്നു പിഴ.
അത് അടയ്ക്കേണ്ടി വന്നില്ല. കാൽനൂറ്റാണ്ട് മുൻപ് ഇതേ നാളിൽ കട
വരാന്തകളിൽ വരെ മൃതദേഹം കണ്ട കല്ലുവാതുക്കൽ ജംക്ഷന് ഇന്ന് ഏറെ ‘മാറ്റ’മുണ്ട്.
ജംക്ഷനു മുകളിലൂടെ പുതിയ ദേശീയപാത കടന്നുപോകുന്നു. വർഷങ്ങൾക്കു മുൻപ് ഇവിടെ ബാർ തുറന്നു, പിന്നാലെ സംസ്ഥാന സർക്കാരിന്റെ മദ്യവിൽപന കേന്ദ്രവും തുറന്നു.
അതൊക്കെ ഓർക്കാൻ മടിച്ച്…
കല്ലുവാതുക്കലിന്റെ കരൾ അലിയിച്ച ദുരന്തത്തിന്റെ നീറുന്ന ഓർമകളുടെ പിടിയിലാണ് ഇരകളും അവരുടെ പിൻതലമുറയും.
മരണക്കിടക്കയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും കണ്ണീരും വിഷമതകളും ലഹരിയുടെ ചവർപ്പും നിറഞ്ഞ പഴയകാലം ഓർക്കാൻ മടിക്കുകയാണ്.കല്ലുവാതുക്കൽ മാർക്കറ്റിനു സമീപം താത്ത എന്നു വിളിക്കുന്ന ഹയറുന്നിസ സ്വന്തം വീട്ടിൽ നടത്തിയിരുന്ന വ്യാജ മദ്യ വിതരണ കേന്ദ്രത്തിൽ നിന്നു ചാരായം കുടിച്ചവരാണു കല്ലുവാതുക്കലിൽ പിടഞ്ഞു വീണത്. ഹയറുന്നിസയുടെ വീട്ടിലെ ജോലിക്കാരിയാണ് ആദ്യം മരിച്ചത്.
രാത്രി കല്ലുവാതുക്കലിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ കുഴഞ്ഞു വീണതോടെയാണു മദ്യ ദുരന്തത്തിന്റെ ഭീതിയും ആഴവും പുറത്തറിയുന്നത്.
മദ്യം കഴിച്ച ശേഷം വീട്ടിൽ പോയി കിടന്നു ഉറങ്ങിയവരിൽ ചിലർ ദുരന്തം അറിയാതെ മരിച്ചു. മറ്റുചിലർ ഗുരുതരാവസ്ഥയിലായി.
ദുരന്തത്തിന്റെ ആദ്യ വേളകളിൽ മെല്ലെപ്പോക്കും ഉദാസീനതയും പുലർത്തിയ അധികൃതർ നേരം പുലർന്നപ്പോഴേക്കും ദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞു. മദ്യം കഴിച്ചവർ ഉടനടി ചികിത്സ തേടണമെന്ന് അധികൃതർ മൈക്കിലൂടെ നാടൊട്ടുക്ക് അറിയിപ്പു നൽകി ദുരന്തത്തിന്റെ തീവ്രത പുറത്തറിയിച്ചു.
ഇതിനിടെ ഒട്ടേറെപ്പേർ മരിച്ചു. കല്ലുവാതുക്കലിന്റെ 4 കിലോമീറ്റർ ചുറ്റളവിൽ മാത്രം 19 പേർ മരിച്ചു.
കാഴ്ച നഷ്ടപ്പെട്ടു ജീവിതം ഇരുൾ മൂടിയ ആൾ പിന്നീട് ജീവനൊടുക്കി. അതിജീവിച്ചവർക്കു വിവിധ രോഗങ്ങൾ പിടിപെട്ടു.
മരിച്ചതിനു തുല്യമാണ് ഇവരുടെ ജീവിതമെന്നു സാമൂഹിക പ്രവർത്തകർ പറയുന്നു.
2 പ്രതികൾ ഇപ്പോഴുംകാണാമറയത്ത്
കേസിൽ ഇന്നും 2 പ്രതികൾ കാണാമറയത്ത്. 12–ാം പ്രതി വടകര കൈക്കലശ്ശേരി സ്വദേശി ചെന്നൈയിൽ താമസിക്കുന്ന മഹേഷ്, 23–ാം പ്രതി ചിറയിൻകീഴ് ശാർക്കര സ്വദേശി ബിനു (മോൻകുട്ടൻ) എന്നിവരെയാണ് പൊലീസിനു കണ്ടെത്താൻ കഴിയാത്തത്.
ബെംഗളൂരുവിൽ നിന്നു ബുള്ളറ്റ് ടാങ്കർ ലോറിയിൽ മണിച്ചന്റെ ഗോഡൗണിൽ സ്പിരിറ്റ് എത്തിച്ചതിന്റെ മുഖ്യ പങ്കുകാരനാണ് മഹേഷ്. മണിച്ചന്റെ ഗോഡൗണിലെ ജീവനക്കാരൻ ആയിരുന്നു ബിനു.വിചാരണ വേളയിൽ 7 പ്രതികൾ ഒളിവിലായിരുന്നു.
മറ്റുള്ളവർ പിടിക്കപ്പെടുകയോ കീഴടങ്ങുകയോ ചെയ്തു. മണിച്ചന്റെ സഹോദരൻ കൊച്ചനിയൻ പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ കോടതിയിൽ കയറി പൊലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു.
കോടതി ഹാളിൽ അഭിഭാഷകനോടൊപ്പം നിന്ന പ്രതി പൊലീസിനെ കണ്ടതും ഓടി മജിസ്ട്രേട്ടിന്റെ ചേംബറിൽ കയറുന്നതിനിടയിൽ പൊലീസ് പിടികൂടി.
സാക്ഷിമൊഴികോടതിയിലെ ഡെസ്കിൽ കിടന്ന്…
‘കോടതി മുറിയിലെ ഡസ്ക്കിൽ കിടന്നാണു തിരുവനന്തപുരം അപ്പോളോ കോളനിയിലെ ശശിധരൻ സാക്ഷിമൊഴി നൽകിയത്. വ്യാജമദ്യം കഴിച്ചു ശരീരം തളർന്ന ശശിധരൻ ഇന്നും കിടപ്പിലാണ്.
ആംബുലൻസിലാണ് അന്നു കോടതിയിൽ കൊണ്ടുവന്നത്. കൂലിപ്പണിക്കാരനായിരുന്ന ശശിധരൻ ഇപ്പോഴും വിളിക്കും.
നഷ്ടപരിഹാരത്തുകയുടെ ബാക്കി കിട്ടുമോ എന്നു ചോദിക്കും. കാഴ്ച നഷ്ടപ്പെട്ടവർ കോടതിയിൽ മൊഴി നൽകുമ്പോൾ കണ്ണീർ ഒഴുകുമായിരുന്നു.
– കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ അസി. പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ജി.മോഹൻരാജ് അനുഭവം പങ്കുവച്ചു.
നിയമ പുസ്തകത്തിലെ ഏതാണ്ട് എല്ലാ വകുപ്പുകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, വിചാരണയിലോ അന്വേഷണത്തിലോ ഉപയോഗിക്കപ്പെട്ട
കേസായിരുന്നു അത്. അന്വേഷണത്തിനും വിചാരണയ്ക്കും സൂക്ഷ്മതയും കൃത്യതയും ഉണ്ടായിരുന്നു.
വിസ്മയകരമായ കുറ്റാന്വേഷണമാണു നടന്നത്. വലിയൊരു അനുഭവമായിരുന്നു കേസ്– മോഹൻരാജ് പറഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.സുഗതൻ, അസി. പബ്ലിക് പ്രോസിക്യൂട്ടർമാരായ മോഹൻരാജ്, കെ.ലില്ലി എന്നിവരാണ് ഹാജരായത്.
തെറ്റായ അന്വേഷണത്തിന്റെ കോപ്പി ബുക്ക്: അഡ്വ.
ലിന്റൻ
കൊല്ലം∙ ആദ്യം തിരക്കഥ എഴുതിയ ശേഷം അതിനനുസരിച്ച് അന്വേഷണം നടത്തിയ കേസായിരുന്നു അതെന്ന് ഒന്നാം പ്രതി ഹയറുന്നിസ ഉൾപ്പെടെ മൂന്നു വരെ പ്രതികളുടെ അഭിഭാഷകനായിരുന്ന അഡ്വ. ലിന്റൻ. മണിച്ചനോടു ശത്രുത ഉണ്ടായിരുന്ന കായംകുളം ലോബി അദ്ദേഹത്തെ കുരുക്കാൻ വേണ്ടി ചെയ്തതാണ് എന്ന സംശയം ശക്തമായിരുന്നെങ്കിലും ആ വഴിക്ക് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് താൽപര്യം കാണിച്ചില്ല.
കേസിനെ നയിച്ചത് സെൻസേഷനാണ്.
തെറ്റായ അന്വേഷണത്തിന്റെ കോപ്പിബുക്കാണ് കേസ്. മീഥൈൽ ആൽക്കഹോൾ കണ്ടെത്താനായില്ല. സല്യൂട്ടൻ ഉൾപ്പെടെ 2 പ്രതികളെ കോടതി വിട്ടയയ്ക്കുകയും ചെയ്തു. പാരിപ്പള്ളി പാമ്പുറത്ത് ‘മോഡൽ കോടതി’ സ്ഥാപിച്ചു മൂട്ട്കോർട്ട് നടത്തിയാണ് സാക്ഷികളെ കോടതിയിൽ ഹാജരാക്കിയത്.
വിചാരണ കേട്ട ജഡ്ജി എ.ഡെന്നിസന്, കാലാവധി നീട്ടി ലഭിക്കാതെ വിരമിക്കേണ്ടി വന്നതിനാൽ വിധി പറയാൻ അവസരം ലഭിച്ചില്ലെന്നും അഡ്വ.
ലിന്റൻ പറഞ്ഞു.
മണിച്ചന്റെ ഡയറിയിലെ ‘മാസപ്പടി’
കൊല്ലം∙ രാഷ്ട്രീയ രംഗത്തെ ‘മാസപ്പടി’ വിവാദമായി മാറിയ ആദ്യ കേസാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ്. വ്യാജമദ്യ കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു താത്ത മൊഴി നൽകി.
ചില ഇടതു നേതാക്കൾക്കെതിരെയും ആരോപണം ഉയർന്നു.മണിച്ചനിൽ ഗോഡൗണിൽ നിന്നു ആദായനികുതി വകുപ്പ് കണ്ടെടുത്ത ഡയറിയിൽ ‘പടി പറ്റുന്നവരുടെ’ 20 പേരുകൾ ഉണ്ടായിരുന്നു. 3 പേർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്.
2 സിപിഎം നേതാക്കളുടെയും സിപിഐയുടെ വനിതാ നേതാവിനും എതിരെയായിരുന്നു ഇത്. സിപിഎമ്മും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയുണ്ടായി.
∙തലനാരിഴ കീറിയ അന്വേഷണത്തിനാണ് കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ് സാക്ഷ്യം വഹിച്ചത്. സായുധ പൊലീസ് ബറ്റാലിയൻ ഐജി ആയിരുന്ന സിബി മാത്യൂസ് ആയിരുന്നു അന്വേഷണ സംഘത്തലവൻ.
ഡിവൈഎസ്പിമാരായ കെ.കെ.ജോഷ്വ, എം.ജി.മണിലാൽ എന്നിവരായിരുന്നു അന്വേഷണത്തിനു നേതൃത്വം. നാലു സ്ഥലങ്ങളിലായി ദുരന്തമുണ്ടായിട്ടും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. ജോഷ്വ അടുത്തിടെയാണ് ജീവിതത്തിൽ നിന്നു വിടപറഞ്ഞത്.
മണിച്ചന്റെ വീട്ടിലെ ഭൂഗർഭ അറയിൽ 90,000 ലീറ്റർ സ്പിരിറ്റ് ശേഖരവും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു
ആദ്യം കൗസല്യ, പിന്നീടങ്ങോട്ട് ആളുകൾ കുഴഞ്ഞുവീണു
കൊല്ലം ∙ താത്തയുടെ വീട്ടിലെ സഹായി കല്ലുവാതുക്കൽ പാറ സ്വദേശി കൗസല്യയാണ് ആദ്യം മരിച്ചത്. ചാരായത്തിന്റെ വീര്യം അളക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ താത്ത നൽകുന്നത് കൗസല്യയ്ക്കാണ്.
സാംപിൾ കഴിച്ച് വീട്ടിലെത്തിയ കൗസല്യ മരിച്ചു. അപ്പോൾ സംശയം ഉണ്ടായില്ല.
കൗസല്യ മരിച്ചതറിഞ്ഞ് ബന്ധുവായ പൊടിയനും സമീപവാസി പ്രഭാകരനും അവടെയെത്തി. മരണ വീടിനു മുന്നിൽ നിൽക്കുമ്പോൾ പ്രഭാകരൻ കുഴഞ്ഞുവീണു.
തൊട്ടപ്പുറത്തുള്ള വിമലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. തലവേദന എന്നു പറഞ്ഞു പൊടിയൻ വീട്ടിലേക്കു മടങ്ങി.
അസ്വസ്ഥത കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയിൽ മരിച്ചു.
നാട് ദുരന്തഭീതി തിരിച്ചറിഞ്ഞു. പിന്നീട് കല്ലുവാതുക്കൽ നേരിട്ടത് അതിഭീകരമായ അനുഭവം ആയിരുന്നു.
അവിടവിടെ ആളുകൾ കുഴഞ്ഞു വീണു. രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരുന്നവരിൽ ചിലരും കുഴഞ്ഞുവീണു.
സൈറൺ മുഴക്കി ആംബുലൻസുകൾ തുടരെ എത്തിയെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല. കുഴഞ്ഞു വീണവരെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ജീവനറ്റ ശരീരവുമായുള്ള തിരിച്ചുവരവ്, നിലവിളികൾ. കല്ലുവാതുക്കലിന്റെ മനം ഇടിഞ്ഞു.ഇടുങ്ങിയ വഴിയുടെ ഇരുവശവും മുകളിൽ കുപ്പിച്ചില്ലു പാകിയ, രണ്ടരയാൾ പൊക്കമുള്ള മതിൽകെട്ടുമായി താത്തയുടെ വീട് അപ്പോൾ കണ്ണും കാതും അടച്ചു നിൽക്കുകയായിരുന്നു.
എല്ലാവരും കരുതി ഞാൻ മരിച്ചെന്ന്…
കല്ലുവാതുക്കൽ ∙ ‘‘ഹയറുന്നീസയുടെ സഹായിയാണ് ഗ്ലാസിൽ മദ്യം ഒഴിച്ചു തന്നത്.
താത്തയുടെ ഭർത്താവ് രാജനും അവിടെ ഉണ്ടായിരുന്നു’– മദ്യ ദുരന്തത്തിൽ മരിച്ചെന്നു പുറം ലോകം അറിഞ്ഞെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മരണവാർഡിൽ നിന്നും ജീവിതത്തിലേക്കു മടങ്ങിയെത്തിയ ചിറക്കര പുന്നാകോണം സുനിത ഭവനിൽ വിശ്വംഭരൻ പറഞ്ഞു.വ്യാജ മദ്യദുരന്തത്തിന്റെ കരങ്ങൾ പിടിമുറുക്കുന്നതിനു മുൻപാണ് വിശ്വംഭരൻ താത്തയുടെ വീട്ടിൽ എത്തുന്നത്. അവിടേക്കു പോകുമ്പോൾ കുറച്ചു മാറി എക്സൈസ് സംഘത്തിന്റെ ജീപ്പ് ഉണ്ടായിരുന്നു.
അതിനെ മറികടന്നാണ് താത്തയുടെ വീട്ടിൽ എത്തിയത്.
കല്ലുവാതുക്കൽ മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരനായിരുന്നു വിശ്വംഭരൻ. മദ്യപിച്ച ശേഷം നേരിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ കടയുടെ ടെറസിനു മുകളിൽ കയറി കിടന്നു. പിന്നീട് കൗസല്യയുടെ മരണം അറിഞ്ഞു അവിടെ പോയ ശേഷം വീട്ടിൽ എത്തി കിടന്നുറങ്ങി.
അർധ രാത്രിയോടെ പൊതുപ്രവർത്തകർ എത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ചെങ്ങന്നൂരിൽ നിന്നും ഉൾപ്പെടെ ബന്ധുക്കൾ ‘മരണ വിവരം’ അറിഞ്ഞു വീട്ടിൽ എത്തിയിരുന്നു. ചികിത്സയിൽ ആരോഗ്യം വീണ്ടെടുത്തവരെ പ്രത്യേക കെഎസ്ആർടിസി ബസിലാണ് കല്ലുവാതുക്കൽ എത്തിച്ചത്.
ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ‘ഒരുചില്ലിക്കാശു പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നു വിശ്വംഭരൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

