ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ പൊളിയുമെന്ന ആശങ്ക അകലുന്നു. സമാധാന കരാറിന് ശേഷം കഴിഞ്ഞ ദിവസം വീണ്ടും തുടങ്ങിയ ആക്രമണം അവസാനിപ്പിച്ച് വെടിനിർത്തൽ പുനഃരാരംഭിച്ചതായി ഇസ്രയേൽ സേന അറിയിച്ചു.
വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്ന കാര്യം ആരും മറക്കരുതെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പരസ്യമായി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് ഇസ്രയേൽ സേന പിൻവാങ്ങിയതെന്നാണ് സൂചനകൾ.
ഗാസയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞതടക്കമുള്ള നടപടികൾ ഇസ്രയേൽ സൈന്യം അവസാനിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ വൈകാതെ തന്നെ ഗാസയിലേക്കുള്ള മാനുഷിക സഹായം പുനഃരാരംഭിക്കാനാകും.
റാഫ അതിർത്തി തുറക്കുന്നതടക്കമുള്ള തീരുമാനങ്ങളും ഉടനെ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വാദപ്രതിവാദം ശക്തം അതേസമയം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് കാരണമായി ഇസ്രയേൽ ചൂണ്ടിക്കാട്ടിയ 2 ഇസ്രയേൽ സൈനികരുടെ മരണത്തെച്ചൊല്ലി വാദപ്രതിവാദം ശക്തമാണ്.
പൊട്ടാതെ കിടന്ന ബോംബുകൾ കാരണമുണ്ടായ അപകടമാണ് ഇതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഹമാസ് ആക്രമിച്ചെന്നതാണ് ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്ന വാദം.
അതിനിടെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലും സാധാരണക്കാർക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയെന്ന വിവരങ്ങളുണ്ട്.
നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും: കാർണി അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെടുത്ത പ്രതിജ്ഞ പാലിക്കുമെന്ന് വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്തെത്തി. രാജ്യത്ത് എവിടെ കാലുകുത്തിയാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ ജനതക്ക് ട്രൂഡോ നൽകിയ വാക്ക് പാലിക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും ട്രൂഡോയുടെ പിൻഗാമി വ്യക്തമാക്കി.
രാജ്യാന്തര ക്രിമിനൽ കോടതി (ഐ സി സി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കാനഡയിൽ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് താൻ പിന്നോട്ട് പോകില്ലെന്നും മാർക്ക് കാർണി വിവരിച്ചു. കാനഡയിലേക്ക് നെതന്യാഹു പ്രവേശിക്കുകയാണെങ്കിൽ അദ്ദേഹത്തെ എന്തായാലും അറസ്റ്റ് ചെയ്യുമെന്നും കാർണി കൂട്ടിച്ചേർത്തു.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ കാര്യത്തിൽ തന്റെയും ട്രൂഡോയുടെയും നിലപാട് ഒന്ന് തന്നെയാണെന്ന് കാർണി വ്യക്തമാക്കിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ ഐ സി സി വാറന്റ് കർശനമായി നടപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞയെ പിന്തുടരുമോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം.
‘അതെ’ എന്നായിരുന്നു കാർണിയുടെ ഉത്തരം. അക്കാര്യത്തിൽ കനേഡിയൻ ജനതക്ക് ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിലാണ് നെതന്യാഹുവിനെതിരെ ഐ സി സി വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.
കഴിഞ്ഞ നവംബറിലാണ് ഐ സി സി, നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

