സംവത് 2082 മുഹൂർത്ത വ്യാപാരത്തിൽ നിഫ്റ്റി റെക്കോർഡ് ഉയരം താണ്ടുമെന്ന പ്രതീക്ഷക്ക് ആക്കം കൂട്ടി ദീപാവലി ദിനത്തിൽ ഇന്ത്യൻ വിപണിയുടെ മുന്നേറ്റം. എച്ച്ഡിഎഫ്സി ബാങ്കും പിഎൻബിയും ഐസിഐസിഐ ബാങ്കുമടക്കമുള്ള ബാങ്കുകളുടെ ശനിയാഴ്ച വന്ന ഫലങ്ങൾ പ്രതീക്ഷക്കൊപ്പമെത്തിയിരുന്നു.
എച്ച്ഡിഎഫ്സി ബാങ്കിനും റിലയൻസിനും മോർഗൻ സ്റ്റാൻലി അടക്കമുള്ള വിദേശ-ആഭ്യന്തര ബ്രോക്കിങ് സ്ഥാപനങ്ങൾ മികച്ച ലക്ഷ്യവിലകൾ കുറിച്ചതും വിപണിക്ക് മുന്നേറ്റം നൽകി.
നാസ്ഡാകിന്റെ വെള്ളിയാഴ്ചത്തെ കുതിപ്പും ഏഷ്യൻ വിപണിയുടെ മുന്നേറ്റവും, വെള്ളിയാഴ്ച വീണ ഐടി സെക്ടറിലും വാങ്ങലിന് കാരണമായി. ഇതും ദീപാവലി ദിനത്തിൽ ഇന്ത്യൻ വിപണിക്ക് ആഘോഷമായി.
ഇക്കൊല്ലത്തെ മികച്ച ഉയരം വെള്ളിയാഴ്ച സ്വന്തമാക്കിയ നിഫ്റ്റി ഇന്ന് അര ശതമാനം മുന്നേറി 25843 പോയിന്റിലാണ് അവസാനിച്ചത്. 400 പോയിന്റ് മുന്നേറിയ സെൻസെക്സ് 84363ല്‍ എത്തി.
∙ റെക്കോർഡ് ഉയരത്തിൽ ബാങ്ക് നിഫ്റ്റി
ഇന്ന് പുതിയ റെക്കോർഡ് ഉയരമായ 58261 പോയിന്റ് കുറിച്ച ബാങ്ക് നിഫ്റ്റി 58000 പോയിന്റിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണെന്ന് ഓഹരി വിദഗ്ധനായ അഭിലാഷ് പുറവൻതുരുത്തിൽ പറഞ്ഞു.
എച്ച്ഡിഎഫ്സി ബാങ്കും എസ് ബിഐയുൾപ്പടെയുള്ള പൊതു മേഖല ബാങ്കുകളും മുന്നേറ്റം നടത്തിയതും ബാങ്ക് നിഫ്റ്റിക്ക് പ്രതീക്ഷയാണ്. ബജാജ് ഇരട്ടകളും ശ്രീരാം ഫൈനാൻസും ജിയോ ഫൈനാൻസും നേട്ടമുണ്ടാക്കി.
പൊതുമേഖലാ ബാങ്കുകളുടെ സംയോജന വാർത്തകൾക്കൊപ്പം, പിഎൻബിയുടെ മികച്ച ഫലവും പൊതു മേഖല ബാങ്കുകൾക്ക് മുന്നേറ്റം നൽകിയപ്പോൾ ആർബിഎൽ ബാങ്കിന്റെ വിദേശ ഏറ്റെടുക്കലും ഫെഡറൽ ബാങ്കിന്റെ മികച്ച ഫലവും സ്വകാര്യ-ചെറുകിട
ബാങ്കുകൾക്കും ആവേശം നൽകിയതും മുഹൂർത്ത വ്യാപാരത്തില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നതായി അഭിലാഷ് പറയുന്നു.
നിലവിലെ സാഹചര്യത്തിൽ മുഹൂർത്ത വ്യാപാര വേളയിൽ സ്വർണത്തിനും വെള്ളിക്കുമൊപ്പം ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളാകും നിക്ഷേപകർ കൂടുതലായി പരിഗണിക്കുകയെന്നും കരുതാമെന്നും അദ്ദേഹം വ്യക്തമാക്കി.
∙ വിപണി മുന്നേറ്റം തുടരുമോ
മുഹൂർത്ത വ്യാപാരത്തിലും തുടർന്നും ഇന്ത്യൻ വിപണി മുന്നേറ്റം തുടരുമോ എന്ന പ്രസക്തമായ ചോദ്യത്തിന്, തുടരും എന്ന പ്രത്യാശാഭരിതമായ ഉത്തരമാണ് രണ്ടാം പാദഫലങ്ങൾ വിലയിരുത്തുമ്പോൾ ലഭിക്കുക. പാദഫലപ്രഖ്യാപനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ ഐടി കമ്പനികളും, പിന്നാലെ പ്രധാനപ്പെട്ട
ബാങ്കുകളും, റിലയൻസ് ഇന്‍ഡസ്ട്രീസും വിപണി പ്രതീക്ഷ മറികടന്ന പാദഫലങ്ങൾ പുറത്ത് വിട്ടത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.
മികച്ച റിസൽറ്റുകൾ വിദേശഫണ്ടുകളുടെ ഇന്ത്യൻ വിപണിയിലുള്ള താല്പര്യം വർധിപ്പിച്ചേക്കാവുന്നതും, റീട്ടെയ്ൽ നിക്ഷേപകർ അവസരം മുതലെടുക്കാനായി വിപണിയിലേക്കെത്തുന്നതും ദീപാവലിക്കപ്പുറവും ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം.
∙ സ്വർണവും വെള്ളിയും
മുഹൂർത്ത വ്യാപാരത്തിൽ ഇത്തവണ സ്വർണം, വെള്ളി ഇടിഎഫുകൾ ഓഹരികളേക്കാൾ പ്രിയം നേടിയേക്കുമെന്നാണ് പ്രതീക്ഷ. അഭൂതപൂർവമായ മുന്നേറ്റത്തിന് ശേഷം താൽക്കാലിക ലാഭമെടുക്കൽ നേരിടുന്ന സ്വർണവും വെള്ളിയും തുടർന്നും മുന്നേറ്റം നേടുമെന്ന വിപണി ധാരണ റീട്ടെയ്ൽ നിക്ഷേപകരെ അങ്ങോട്ടാകർഷിക്കും.
∙ താരിഫും വിപണിയും
ഇന്ത്യ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താത്ത സാഹചര്യത്തിൽ അമേരിക്കൻ താരിഫ് ഭീഷണികൾ ഇന്ത്യൻ വിപണി സാധ്യതകളെ തുടർന്നും സ്വാധീനിക്കും.
ഡോളറിനെതിരെ രൂപയുടെ തിരിച്ചു വരവും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

