ട്രെയിൻ യാത്രക്കിടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടുന്നത് സാധാരണമാണ്. അവ തിരികെ ലഭിക്കാൻ ചിലർ സോഷ്യൽ മീഡിയയുടെ സഹായം തേടുമ്പോൾ, മറ്റുചിലർ റെയിൽവേ അധികൃതർക്ക് പരാതി നൽകുന്നു.
എന്നാൽ വന്ദേ ഭാരത് എക്സ്പ്രസ്സിൽ വെച്ച് വാച്ച് നഷ്ടപ്പെട്ട ഒരു യാത്രക്കാരന്, റെയിൽവേയുടെ സമയോചിതമായ ഇടപെടലിലൂടെ മിനിറ്റുകൾക്കകം അത് തിരികെ ലഭിച്ചു.
ഈ അനുഭവം വിവരിക്കുന്ന അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെന്നൈ സ്വദേശിയായ ന്യൂറോസർജനാണ് വന്ദേ ഭാരത് എക്സ്പ്രസ്സിലെ ശുചിമുറിയിൽ വാച്ച് മറന്നുവെച്ചത്.
ഒക്ടോബർ 17-ന് ചെന്നൈ എഗ്മോർ സ്റ്റേഷനിൽ ഇറങ്ങിയ ശേഷമാണ് വാച്ച് നഷ്ടപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിയുന്നത്.
ഉടൻതന്നെ, പുലർച്ചെ 12:28-ന് പിഎൻആർ, കോച്ച്, സീറ്റ് നമ്പർ എന്നിവ സഹിതം റെയിൽമദദ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തു. പരാതി നൽകി വെറും 40 മിനിറ്റിനുള്ളിൽ നഷ്ടപ്പെട്ട
വാച്ച് കണ്ടെത്തിയെന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അതിവേഗ നടപടികളുടെ സമയക്രമവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു: 12:31 AM – പരാതി ലഭിച്ചെന്ന് സ്ഥിരീകരിച്ചുകൊണ്ട് റെയിൽവേ ഹെൽപ്പ് ലൈനിൽ നിന്ന് ഫോൺ കോൾ എത്തി. 12:34 AM – റെയിൽവേ ഹെൽപ്പ് ലൈനിൽ നിന്ന് എസ്എംഎസ് സന്ദേശം ലഭിച്ചു.
12:49 AM – ആർപിഎഫിൽ നിന്ന് വിളി വന്നു. ട്രെയിൻ യാർഡിലേക്ക് മാറ്റിയെന്നും പരിശോധിക്കാൻ നിർദ്ദേശം നൽകിയതായും അറിയിച്ചു.
01:12 AM – വാച്ചിന്റെ രണ്ട് ചിത്രങ്ങൾ അടങ്ങിയ വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചു. 01:13 AM – വാച്ച് കണ്ടെത്തിയെന്നും അത് തന്റേതാണോ എന്ന് ഉറപ്പുവരുത്താനും ആവശ്യപ്പെട്ട് ആർപിഎഫിൽ നിന്ന് വീണ്ടും കോൾ.
അർദ്ധരാത്രി നൽകിയ പരാതിക്ക് മിനിറ്റുകൾക്കുള്ളിൽ പരിഹാരം കണ്ട സതേൺ റെയിൽവേയെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും (ആർപിഎഫ്) യാത്രക്കാരൻ തന്റെ കുറിപ്പിൽ അഭിനന്ദിച്ചു.
‘ഇതുമായി ബന്ധപ്പെട്ട ഓരോ ഉദ്യോഗസ്ഥന്റെയും പ്രവർത്തനം വിസ്മയിപ്പിക്കുന്നതായിരുന്നു.
യഥാർത്ഥത്തിൽ ഇതൊരു പരാതിയായി പോലും കണക്കാക്കാനാവില്ല, കാരണം തെറ്റ് റെയിൽവേയുടേതല്ല, മറവി സംഭവിച്ചത് എനിക്കാണ്. എന്നിട്ടും, അർദ്ധരാത്രിയിൽ എന്റെ പരാതി ലഭിച്ച് 40 മിനിറ്റിനുള്ളിൽ ഒരു ഡസനോളം ജീവനക്കാർ എനിക്കുവേണ്ടി പ്രവർത്തിച്ചു.
രാവിലെ സ്റ്റേഷനിലെത്തി, വാച്ച് തിരികെ ലഭിക്കുന്നതിനായി അപേക്ഷയും ടിക്കറ്റിന്റെയും ആധാർ കാർഡിന്റെയും പകർപ്പുകളും നൽകി. രജിസ്റ്ററിൽ ഒപ്പുവെച്ച ശേഷം എനിക്ക് എന്റെ വാച്ച് തിരികെ ലഭിച്ചു.’ – യാത്രക്കാരൻ കുറിച്ചു.
യാത്രക്കാരന്റെ പോസ്റ്റിന് പിന്നാലെ ചെന്നൈ ഡിവിഷൻ, സതേൺ റെയിൽവേയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ മറുപടിയുമെത്തി. ‘ഡോക്ടർ, അങ്ങയുടെ അനുഭവം പങ്കുവെച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.
ഞങ്ങളുടെ ആർപിഎഫ്, റെയിൽമദദ് ടീമുകൾക്ക് വാച്ച് ഇത്ര വേഗത്തിൽ കണ്ടെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ വിശ്വാസവും അഭിനന്ദനവും കൂടുതൽ മികച്ച സേവനം നൽകാൻ ഞങ്ങൾക്ക് പ്രചോദനമാകും,’ എന്നായിരുന്നു റെയിൽവേയുടെ മറുപടി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

