കാസർകോട് ∙ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കായുള്ള എടിഎം കാർഡ് മാതൃകയിലുള്ള പുത്തൻ സ്റ്റുഡന്റ്സ് കൺസഷൻ കാർഡുകൾ ജില്ലയിലെത്തി. കാസർകോട് ഡിപ്പോയിൽനിന്നു മാത്രം മൂവായിരം വിദ്യാർഥികൾക്കാണ് ഇതുവരെ കൺസഷൻ കാർഡുകൾ നൽകിയിട്ടുള്ളത്.
ഇതു പേപ്പർ കാർഡുകളായിരുന്നു. ഇതിൽ കാലാവധി കഴിഞ്ഞു പുതുക്കുന്നവർക്കാണു ചിപ്പ് ഘടിപ്പിച്ച പുത്തൻ കാർഡുകൾ നൽകിത്തുടങ്ങിയത്.
ഇതുവരെ 300 വിദ്യാർഥികൾക്കു കാർഡുകൾ നൽകിയതായി അധികൃതർ അറിയിച്ചു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർഥികൾക്കു കെഎസ്ആർടിസി ബസിൽ യാത്ര സൗജന്യമാണ്.
കൺസഷൻ കാർഡുകൾ പുതുക്കുന്നതിനു കാർഡിന്റെ വിലയായ 10 രൂപ മാത്രമാണ് ഇവരിൽ ഈടാക്കുന്നത്.നിലവിൽ എത്തിയ മുഴുവൻ കാർഡുകൾ നൽകിയതായും അടുത്ത ദിവസംതന്നെ ചിപ്പ് ഘടിപ്പിച്ച കൂടുതൽ കാർഡുകൾ ജില്ലയിലെത്തുമെന്നും അധികൃതർ അറിയിച്ചു.നിലവിൽ പുതുക്കി നൽകിയിരിക്കുന്ന കാർഡുകളുടെ കാലാവധി മാർച്ച് 31 വരെയാണ്.
കാസർകോട്–കാഞ്ഞങ്ങാട്, കാസർകോട്–ചട്ടഞ്ചാൽ, കാസർകോട്–ചെമ്പരിക്ക, കാസർകോട്–പെരുമ്പളക്കടവ് റൂട്ടുകളിൽ ഓടുന്ന ബസുകളിലാണു വിദ്യാർഥികൾ ഏറെയും കൺസഷൻ കാർഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. കാർഡുകൾ ലഭിക്കാൻ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ട്രാവൽ കാർഡുകൾക്ക് ആവശ്യക്കാർ ഏറെ
കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാർക്കു പണം മുൻകൂട്ടി അടച്ചതിനുശേഷം നൽകുന്ന ട്രാവൽ കാർഡുകൾക്ക് ആവശ്യക്കാരേറെ.ഇതിനകം മൂവായിരത്തിലേറെ കാർഡുകൾ കാസർകോട് ഡിപ്പോയിലൂടെ വിതരണം ചെയ്തു.
പലരും കാർഡിനായി അന്വേഷിച്ചെത്തുന്നുണ്ട്.100 രൂപയാണ്. ഇതിനു പുറമേ എത്ര രൂപയ്ക്കു വേണമെങ്കിലും ഇതിൽ റീചാർജ് ചെയ്യാം.
ഈ തുക തീരുന്നതുവരെ യാത്ര ചെയ്യാം. വീണ്ടും ഇതേ കാർഡ് കണ്ടക്ടർ മുഖേന റീചാർജ് ചെയ്യാൻ സാധിക്കും.1000 രൂപയുടെ റീചാർജ് ചെയ്യുകയാണെങ്കിൽ 1040 രൂപയുടെയും 2000 രൂപ റീചാർജ് ചെയ്താൽ 2100 രൂപയുടെയും യാത്ര ചെയ്യാം.കേരള ട്രാൻസ്പോർട്ടിന്റെ ഏതു ബസിലും ഈ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
കാർഡ് ആവശ്യമുള്ളവർ കണ്ടക്ടറുമായോ ഡിപ്പോ അധികൃതരുമായോ ബന്ധപ്പെട്ടാൽ മതിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

