കാഞ്ഞിരപ്പുഴ ∙ ജനവാസമേഖലയിൽ ഇറങ്ങിയ പുലി വീടിനു സമീപത്തെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ കൊന്നുതിന്നു. കാഞ്ഞിരം മുനിക്കോടം ഇരട്ടക്കുളം കാങ്കത്തു വീട്ടിൽ ഗോപാലന്റെ വീട്ടിലെ ഒന്നരവയസ്സുള്ള ആടിനെയാണു കൊന്നത്.
കൂടിനു പുറത്തേക്കു വലിച്ചിട്ട ആടിന്റെ ഒരുഭാഗം തിന്നുകയും ചെയ്തു.
കയറുപയോഗിച്ച് ആടിനെ കെട്ടിയിട്ടിരുന്നതിനാൽ കൊണ്ടുപോകാനായിട്ടില്ല. ശനിയാഴ്ച രാത്രിയാണു സംഭവം. ശക്തമായ മഴകാരണം വീട്ടുകാർ ശബ്ദമൊന്നും കേട്ടില്ലെന്നു ഗോപാലൻ പറഞ്ഞു.
രാവിലെ മകൻ ആട്ടിൻകൂടിനടുത്തേക്കു ചെന്നപ്പോഴാണു സംഭവമറിയുന്നത്.
നാല് ആടുകളാണ് ഉണ്ടായിരുന്നത്. വീടിന്റെ പിറകിലാണു കൂട്.
കൂടിനു സമീപത്തായി വന്യജീവിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരും മണ്ണാർക്കാട്ടു നിന്നു ദ്രുതകർമസേനയും എത്തി പരിശോധന നടത്തി.
പൊതുപ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. വന്യജീവി ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
ആടിന്റെ ജഡം മണ്ണാർക്കാട് മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു. രണ്ടുദിവസം മുൻപു പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുംവഴി പുലിയെ കണ്ടതായി പ്രദേശവാസിയായ കല്യാണിയമ്മ പറഞ്ഞു.
പ്രദേശത്തു പുലിയുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു.അതേസമയം ആടിനെ ആക്രമിച്ചു കൊന്നതു പുലിയാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
പുലിവർഗത്തിൽപെട്ട ജീവി തന്നെയാണെന്നും കൂടിനു സമീപം കണ്ടെത്തിയ കാൽപാടുകൾ മഴ പെയ്തതിനാൽ വ്യക്തമല്ലെന്നും അധികൃതർ പറയുന്നു.
വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനൊടുവിൽ കൂടിനു സമീപത്തായി രണ്ടു ക്യാമറകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തു നിരീക്ഷണം ശക്തമാക്കുമെന്നും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ മേലുദ്യോഗസ്ഥരുടെ ഉത്തരവു പ്രകാരം നടപ്പാക്കുമെന്നും അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

