കോട്ടയം ∙ ബിഎസ്എൻഎൽ റിട്ട. ജീവനക്കാരിയെ 4 ദിവസം വെർച്വൽ അറസ്റ്റിലാക്കി 25 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം സൈബർ പൊലീസും ബാങ്ക് അധികൃതരും ചേർന്നു തടഞ്ഞു.
15 മുതൽ 18 വരെയാണ് ഇവരെ മുംബൈ എന്ന പേരിൽ തട്ടിപ്പുസംഘം വെർച്വൽ അറസ്റ്റിലാക്കിയത്. ഇതിനിടെ ഇവരുടെ 1.75 ലക്ഷം രൂപയും സംഘം കൈക്കലാക്കി.
പണം കൈമാറിയ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്നു സൈബർ പൊലീസ് അറിയിച്ചു.
എഴുപത്തഞ്ചുകാരി ശനിയാഴ്ചയാണു സ്വകാര്യ ബാങ്ക് മാനേജരുടെ അടുത്ത് 25 ലക്ഷം രൂപ പിൻവലിക്കാനെത്തിയത്. മാനേജർക്കു സംശയം തോന്നിയതോടെ വിവരം സൈബർ പൊലീസിൽ അറിയിച്ചു.
സൈബർ പൊലീസ് സംഘം ബാങ്കിലെത്തി കൗൺസലിങ് നൽകിയപ്പോഴാണ് ഇവർ വിവരങ്ങൾ വെളിപ്പെടുത്തിയത്. മഹാരാഷ്ട്ര പൊലീസ് എന്ന വ്യാജേനയാണു വിഡിയോ കോൾ എത്തിയത്.
പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ അക്കൗണ്ട് തുറന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും കേസ് തീർപ്പാക്കാൻ 25 ലക്ഷം വേണമെന്നുമായിരുന്നു ആവശ്യം.
കൊളാബ പൊലീസ് സ്റ്റേഷനിൽ എത്തണമെന്നും സംഘം ആവശ്യപ്പെട്ടു. തുടർന്നാണ് പണം നൽകാൻ തീരുമാനിച്ചത്.
ഇവർ ബാങ്കിൽ എത്തിയ സമയംവരെ തട്ടിപ്പുസംഘം വിഡിയോ കോളിലുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ സംഘം കോൾ കട്ട് ചെയ്തു മുങ്ങി.
രണ്ടുദിവസം മുമ്പ് ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളെ ഡിജിറ്റൽ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് പണം തട്ടാനുള്ള നീക്കവും ബാങ്ക് അധികൃതരും സൈബർ പൊലീസും ചേർന്നു തടഞ്ഞിരുന്നു.
ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് മാനേജരെ സമീപിച്ചതിനു പിന്നാലെയാണ് തട്ടിപ്പു തടയാൻ സാധിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

